മേയർ-കെ.എസ്.ആർ.ടി.സി ഡ്രൈവർ തർക്കം; കുറ്റപത്രം സമർപ്പിക്കാതെ പൊലീസിന്റെ ഒളിച്ചുകളി
text_fieldsതിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും കെ.എസ്.ആർ.ടി.സി ഡ്രൈവർ യദുവും തമ്മിലെ തർക്കത്തിൽ രജിസ്റ്റർ ചെയ്ത മൂന്ന് കേസുകളിലും കുറ്റപത്രം സമർപ്പിക്കാതെ പൊലീസിന്റെ ഒളിച്ചുകളി. നഗരമധ്യത്തിൽ നിരവധി സാക്ഷികൾക്കും സി.സി ടി.വി കാമറകൾക്കും നടുവിൽ നടന്ന സംഭവത്തിലാണ് 180ാം ദിവസവും പൊലീസിന്റെ അനാസ്ഥ.
അതേസമയം, ഡ്രൈവർ യദുവിന്റെ ഹരജിയിൽ കോടതി നിർദേശപ്രകാരം കന്റോൺമെന്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. ആദ്യം നൽകിയ ഡ്രൈവറുടെ പരാതി സ്വീകരിക്കാതെ പൊലീസ് മേയറുടെ പരാതിയിൽ കേസെടുത്തത് ചൂണ്ടിക്കാട്ടിയാണ് യദു നേരിട്ട് കോടതിയെ സമീപിച്ചത്.
കോടതി ഇടപെടലിനെ തുടർന്ന് മേയർ ആര്യ രാജേന്ദ്രൻ, ബാലുശ്ശേരി എം.എല്‍.എ കെ.എം. സച്ചിന് ദേവ്, മേയറുടെ സഹോദരന് അരവിന്ദ് എന്ന നന്ദു, അരവിന്ദിന്റെ ഭാര്യ ആര്യ, കണ്ടാലറിയാവുന്ന യുവാവ് എന്നിവര്‍ക്കെതിരെ വിവിധ വകുപ്പുകളിൽ കേസ് എടുത്തത്. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി, അന്യായമായി തടഞ്ഞുവെച്ചു, ബസിനുള്ളിലേക്ക് അതിക്രമിച്ച് കടന്ന് ഭീഷണിപ്പെടുത്തി, അസഭ്യം പറഞ്ഞു, തെളിവ് നശിപ്പിച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്.
സംഭവത്തിൽ പൊലീസ് നേരിട്ട് രജിസ്റ്റർ ചെയ്തത് മൂന്ന് കേസാണ്. ഒന്ന് മേയറെ അശ്ലീല ആംഗ്യം കാണിച്ചതിന് ഡ്രൈവര്‍ യദുവിനെതിരെ. അടുത്തത് ബസ് തടഞ്ഞതിന് മേയര്‍ക്കും ഭര്‍ത്താവായ സച്ചിന്‍ദേവ് എം.എല്‍.എക്കുമെതിരെ. മറ്റൊന്ന് ഈ രണ്ട് കേസിലെയും നിര്‍ണായക തെളിവായ കെ.എസ്.ആര്.ടി.സി ബസിലെ മെമ്മറി കാര്‍ഡ് കാണാതായതില്‍. യദു അശ്ലീല ആംഗ്യം കാണിച്ചെന്ന് പൊലീസ് ഉറപ്പിച്ച് കുറ്റപത്രം നല്കാന് തീരുമാനിച്ചതാണ്. അപ്പോഴാണ് അങ്ങനെ ചെയ്താല്‍ ബസ് തടഞ്ഞതിന് മേയര്‍ക്കും എം.എല്‍.എക്കുമെതിരെയും കുറ്റപത്രം നല്‍കേണ്ടിവരുമെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചത്.
തദ്ദേശ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ മേയര്‍ക്കെതിരെ കുറ്റപത്രം നൽകിയാല് പ്രതികൂലമാകുമെന്ന് തിരിച്ചറിഞ്ഞ് രാഷ്ട്രീയസമ്മര്‍ദം വന്നതോടെയാണ് രണ്ട് കേസുകളിൽ തുടർനടപടി ഇഴയുന്നത്. ഇതോടെ, കെ.എസ്.ആർ.ടി.സി എം.പാനല്‍ ഡ്രൈവറായ യദുവിന് ജോലിയിൽ പ്രവേശിക്കാനാകാതെ പുറത്തുനിൽക്കേണ്ടിവന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.