സുരേഷ് ഗോപിയെ വാഴ്ത്തി തൃശൂർ മേയർ; വെട്ടിലായി എൽ.ഡി.എഫ്
text_fieldsതൃശൂർ: തൃശൂർ ലോക്സഭ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർഥി സുരേഷ് ഗോപിയെ വാഴ്ത്തി ഇടതുപക്ഷം ഭരിക്കുന്ന തൃശൂർ കോർപറേഷന്‍റെ മേയർ എം.കെ. വർഗീസ്. സുരേഷ് ഗോപി എം.പിയാവാൻ ഫിറ്റാണെന്നും മിടുക്കനാണെന്നും മേയർ സുരേഷ് ഗോപിയെ മുന്നിലിരുത്തി ചില ദൃശ്യമാധ്യമ പ്രവർത്തകരോട് പറഞ്ഞു. കോർപറേഷനിൽ വോട്ട് തേടി എത്തിയതായിരുന്നു സുരേഷ് ഗോപി.
കോർപറേഷന് വാഗ്ദാനം ചെയ്ത പണം സുരേഷ് ഗോപി നൽകിയെന്ന് പറഞ്ഞ മേയർ സ്വതന്ത്രമായി ചിന്തിക്കാനുള്ള അവകാശം തനിക്കുണ്ടെന്നും തൃശൂരിന്‍റെ വികസനത്തിനു വേണ്ടി എന്തും ചെയ്യുമെന്നും അതിന് സഹായിക്കുന്നവരെ സഹായിക്കുമെന്നും വിശദീകരിച്ചു. ‘‘എം.പി ആവുക എന്നത് ആർക്കും പറ്റുന്ന സംഭവമല്ല. അതിന് കുറെ ക്വാളിറ്റി വേണം. ജനമനസ്സിലേക്ക് ഇറങ്ങിച്ചെല്ലണം. അവരുടെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് കൂടെ നിൽക്കണം. അങ്ങനെയുള്ളവരെയാണല്ലോ പൊതുവെ നമ്മൾ തെരഞ്ഞെടുക്കുന്നത്. അത് ഇദ്ദേഹത്തിന്‍റെ കൈയിലുണ്ടെന്നത് കാലങ്ങളായി നമ്മൾ കണ്ടുവരുന്നതല്ലേ’’ -മേയർ പറഞ്ഞു.
‘‘കഴിഞ്ഞ തവണ ഞാൻ ഇവിടെനിന്ന് തോൽപിക്കപ്പെട്ടിട്ടും ഇവിടെത്തന്നെയുണ്ട്. വികസനം എന്നത് അവകാശമാണ്. അത് കൊണ്ടുവരുന്നതിന് പ്രാപ്തിയുള്ളവർ വേണം. അത് ഞാൻ തെളിയിച്ചുവെന്നൊന്നും വീമ്പ് പറയുന്നില്ല. എന്നാലും ചെയ്തതൊന്നും ചെയ്തില്ലെന്നാവില്ലല്ലോ’’ -മേയറുടെ പുകഴ്ത്തലിന്‍റെ തുടർച്ചയായി സുരേഷ് ഗോപിയും പറഞ്ഞു.
ഇടത് പിന്തുണയോടെ മേയറായ എം.കെ. വർഗീസിന്‍റെ പ്രസ്താവന എൽ.ഡി.എഫിനെ വെട്ടിലാക്കി. നേതാക്കൾ മേയറുമായി ബന്ധപ്പെടുകയും പ്രസ്താവന തിരുത്താൻ ആവശ്യപ്പെടുകയും ചെയ്തതായാണ് വിവരം. ഇതോടെ താൻ സുരേഷ് ഗോപിയെ അനുകൂലിച്ചതല്ലെന്നും വികസനത്തിന്‍റെ കാര്യമാണ് പറഞ്ഞതെന്നും പിന്തുണ വി.എസ്. സുനിൽകുമാറിന് തന്നെയാണെന്നും മേയർ മുമ്പ് സുരേഷ് ഗോപിക്കൊപ്പമെത്തിയ ദൃശ്യമാധ്യമ പ്രവർത്തകരോട് തിരുത്തിപ്പറഞ്ഞു.
അതേസമയം, മേയറുടെ പരസ്യ പ്രസ്താവന സി.പി.എം -ബി.ജെ.പി അന്തർധാരയുടെ തുറന്നുപറച്ചിലാണെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ ശബ്ദമാണ് മേയറിലൂടെ പുറത്തുവന്നതെന്ന് യു.ഡി.എഫ് സ്ഥാനാർഥി കെ. മുരളീധരൻ പറഞ്ഞു. സുനിൽകുമാർ ഇനി എന്തിന് വേണ്ടിയാണ് മത്സരിക്കുന്നത്? സുനിൽ കുമാർ കൂടി ഉൾപ്പെട്ട മുന്നണിയുടെ മേയറാണ് സുരേഷ് ഗോപിയിലൂടെയേ വികസനം ഉണ്ടാകൂ എന്ന് പറഞ്ഞത്. കെ. മുരളീധരൻ മാത്രം തോൽക്കണമെന്നല്ല, സുനിൽ കുമാറും തോൽക്കണമെന്നാണ് മേയർ പറഞ്ഞത്. അത് മുഖ്യമന്ത്രിയുടെ മനസ്സിലിരിപ്പാണ്. തൃശൂരിൽ ബി.ജെ.പി തോൽക്കണമെങ്കിൽ യു.ഡി.എഫ് ജയിക്കണമെന്നും അല്ലെങ്കിൽ എൽ.ഡി.എഫിന്‍റെ സർവനാശം ആയിരിക്കുമെന്നും പറഞ്ഞ മുരളീധരൻ, ഇടതുപക്ഷക്കാർ തൃശൂരിൽ യു.ഡി.എഫിന് വേണ്ടി രംഗത്തിറങ്ങണമെന്നും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.