മേയർ വലത്തോ ഇടത്തോ...?
text_fieldsതൃശൂർ: സീറ്റ് നൽകാത്തതിന്റെ പേരിൽ കോൺഗ്രസ് വിട്ട് സ്വതന്ത്രനായി മത്സരിച്ച എം.കെ. വർഗീസിനെ പിന്തുണച്ച് മേയറാക്കിയ അന്ന് തുടങ്ങിയതാണ് ഇടതുപക്ഷത്തിന്റെ ഗതികേട്. അധികാര സ്ഥാനങ്ങൾ മാത്രം ലക്ഷ്യംവെച്ച് മുന്നോട്ടുപോകുകയും അത്തരത്തിലുള്ള നടപടി സ്വീകരിക്കുകയും ചെയ്യുന്ന മേയറെ ഇനിയും പിന്തുണച്ചുനിന്നാൽ തങ്ങളുടെ നിലനിൽപ് തന്നെ ഭീഷണിയിലാകുമെന്നാണ് സി.പി.എം, സി.പി.ഐ സംഘടനകൾ കരുതുന്നത്.
മേയറായി സ്ഥാനമേറ്റതുമുതൽ ഇടതു നിലപാടുകൾക്ക് തീർത്തും വിരുദ്ധമായ നിലപാടുകളാണ് എം.കെ. വർഗീസ് സ്വീകരിക്കുന്നതെന്ന് ഇടതു നേതാക്കൾ തന്നെ പറയുന്നു. എല്ലാ മുന്നണി മര്യാദകളെയും കാറ്റിൽപറത്തി തെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടം മുതൽ തന്നെ ബി.ജെ.പി സ്ഥാനാർഥി സുരേഷ് ഗോപിക്ക് നൽകിവന്ന പിന്തുണയാണ് അതിൽ അവസാനത്തേത്.
മേയർ തെരഞ്ഞെടുപ്പ് നടന്ന സമയത്ത് എം.കെ. വർഗീസിനെ വിജയിപ്പിക്കാൻ ഇടതുപക്ഷത്തെ ഏകോപിപ്പിച്ച് നേതൃത്വം നൽകിയത് അന്നത്തെ കൃഷി മന്ത്രി ആയിരുന്ന വി.എസ്. സുനിൽ കുമാറായിരുന്നു. മേയർ തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ മേയറെ പൊന്നാട അണിയിച്ച് സ്വീകരിച്ചതും സുനിൽ കുമാറായിരുന്നു.
അതേ സുനിൽ കുമാർ തൃശൂർ ലോക്സഭ തെരഞ്ഞെടുപ്പിൽ ഇടതു സ്ഥാനാർഥിയായി വന്നിട്ടും ബി.ജെ.പി സ്ഥാനാർഥിയാണ് മികച്ചത് എന്നായിരുന്നു മേയറുടെ അഭിപ്രായപ്രകടനം. വിവാദമായപ്പോൾ സുനിൽകുമാറും മികച്ച സ്ഥാനാർഥിയാണെന്ന് പറഞ്ഞെങ്കിലും സുരേഷ് ഗോപി അടുത്ത സുഹൃത്തും കഴിവുള്ളയാളുമാണെന്നാണ് മേയർ പറഞ്ഞത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നശേഷവും മേയർ സുരേഷ് ഗോപിയെ പുകഴ്ത്തുന്നത് തുടർന്നു.
തൃശൂരിന്റെ വികസന പദ്ധതിയെക്കുറിച്ച് നല്ല ബോധ്യമുള്ള വ്യക്തിയാണ് സുരേഷ് ഗോപിയെന്നും രാജ്യസഭ എം.പിയായിരിക്കെത്തന്നെ അദ്ദേഹത്തിന് മുന്നിൽവെച്ച പദ്ധതികൾ കേന്ദ്ര സഹമന്ത്രിയായതോടെ കൂടുതൽ ശക്തമായി ആവശ്യപ്പെടുമെന്നും മേയർ കഴിഞ്ഞ ദിവസം പറഞ്ഞു.
മേയറുടെ നിലപാടുകൾക്കെതിരെ ഇടതു സ്ഥാനാർഥി വി.എസ്. സുനിൽ കുമാർ തന്നെയാണ് ആദ്യം രംഗത്തെത്തിയത്. മേയർ രാജിവെക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തുടക്കത്തിൽ രണ്ട് വർഷം മേയർ സ്ഥാനം നൽകാം എന്നായിരുന്നു എൽ.ഡി.എഫ് വർഗീസുമായി ഉണ്ടാക്കിയ കരാർ.
എന്നാൽ, നാല് വർഷമായിട്ടും അതിന് മാറ്റം വന്നിട്ടില്ല. നിലവിൽ വർഗീസ് പിണങ്ങിയാൽ ഭരണം നഷ്ടമാകുമെന്നതും എൽ.ഡി.എഫിനെ വലക്കുന്നു. മേയറെ മാറ്റുന്നത് സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിൽനിന്ന് സി.പി.എം ജില്ല സെക്രട്ടറി എം.എം. വർഗീസ് കഴിഞ്ഞ ദിവസം ഒഴിഞ്ഞുമാറിയിരുന്നു.
അതേസമയം, എൽ.ഡി.എഫ് പിന്തുണയോടെ മാത്രം മേയർ സ്ഥാനത്തിരിക്കുന്ന വ്യക്തി പറയാൻപാടില്ലാത്തതാണ് പറയുന്നതെന്നും അതിനെതിരെ ചർച്ച ഉയരുന്നത് സ്വാഭാവികമാണെന്നുമായിരുന്നു സി.പി.ഐ ജില്ല സെക്രട്ടറി കെ.കെ വത്സരാജിന്റെ പ്രതികരണം.
കോര്പറേഷന് പതിനാറാം ഡിവിഷന് നെട്ടിശ്ശേരിയില്നിന്ന് സ്വതന്ത്രനായി വിജയിച്ച എം.കെ. വര്ഗീസ് ഇരുമുന്നണികൾക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്തതിനെ തുടർന്ന് ‘സ്റ്റാർ’ ആവുകയായിരുന്നു.
യു.ഡി.എഫിലെ എന്.എ. ഗോപകുമാറിനെക്കാൾ രണ്ട് വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വര്ഗീസ് എൽ.ഡി.എഫ് പിന്തുണയിൽ മേയര് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
എൽ.ഡി.എഫ് നിലപാട് ഉയർത്തിപ്പിടിക്കും -മേയർ
കഴിഞ്ഞ ദിവസങ്ങളിൽ പത്രങ്ങളിൽ വന്ന വാർത്ത തെറ്റിദ്ധാരണ ജനിപ്പിക്കുന്നതാണെന്ന് മേയർ എം.കെ. വർഗീസ് പറഞ്ഞു. സുരേഷ് ഗോപിയോട് പ്രത്യേക ആഭിമുഖ്യമൊന്നുമില്ല. പ്രചാരണങ്ങൾ രാഷ്ട്രീയ പ്രേരിതമാണ്. വികസന പ്രവർത്തനങ്ങളിൽ എല്ലാ രാഷ്ട്രീയ അഭിപ്രായമുള്ളവരെയും ഒന്നിപ്പിക്കുക എന്നതാണ് മേയർ എന്ന നിലയിൽ തന്റെ ചുമതല.
കോർപറേഷനും ജനങ്ങൾക്കും ഗുണകരമായ പദ്ധതികൾക്കുവേണ്ടി നിലകൊള്ളും. ഇതിനെ രാഷ്ട്രീയമായി വ്യാഖ്യാനിക്കരുത്. എൽ.ഡി.എഫിന്റെ പിന്തുണയോടെയാണ് മേയറായത്. എൽ.ഡി.എഫിന്റെ രാഷ്ട്രീയ നിലപാടുകൾ ഉയർത്തിപ്പിടിക്കും.
മേയർ അടുത്ത ബി.ജെ.പി സ്ഥാനാർഥി -പ്രതിപക്ഷ നേതാവ്
അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ തൃശൂരിൽനിന്നുള്ള ബി.ജെ.പി സ്ഥാനാർഥിയാകാനുള്ള കളികളാണ് മേയർ നടത്തുന്നതെന്ന് കോർപറേഷൻ പ്രതിപക്ഷ നേതാവ് രാജൻ ജെ. പല്ലൻ. സി.പി.എമ്മിന്റെയും സി.പി.ഐയുടെയും മൗനാനുവാദത്തോടെയാണ് മേയർ ബി.ജെ.പി അനുകൂല പ്രസ്താവനകൾ നടത്തുന്നത്.
നഗരസഭയിൽ ബി.ജെ.പി അംഗങ്ങളുടെ പിന്തുണ കൂടി ലഭിക്കുക എന്നതും മേയറുടെ ലക്ഷ്യമാണ്. കൗൺസിലിൽ പലതവണ ബി.ജെ.പിയെ പുകഴ്ത്തി സംസാരിച്ചിട്ടുണ്ട്. അപ്പോഴൊക്കെ ഇടത് അംഗങ്ങൾ ഡെസ്കിലടിച്ച് പിന്തുണക്കുന്നത് കണ്ട് അന്തംവിട്ടിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.