വിവാദ കത്ത്: അന്വേഷണപരിധി സി.പി.എം തീരുമാനിക്കും
text_fieldsതിരുവനന്തപുരം: പാർട്ടിപ്രവർത്തകരെ നിയമിക്കാൻ സി.പി.എം ജില്ല സെക്രട്ടറിക്ക് നൽകിയ കത്തിന്മേലുള്ള അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയെങ്കിലും അന്വേഷണ പരിധി സി.പി.എം നിശ്ചയിക്കും. അന്വേഷണം നടത്തിയില്ലെങ്കിൽ മേയറും അന്വേഷണം നടത്തിയാൽ കോർപറേഷൻ ഭരണസമിതിയിലെ മുതിർന്ന നേതാവും സി.പി.എം ഏരിയ സെക്രട്ടറിയും കുടുങ്ങുമെന്നുള്ളതുകൊണ്ടുതന്നെ കരുതലോടെയാണ് പാർട്ടിയുടെ നീക്കങ്ങൾ. ഇതിന്റെ ഭാഗമായാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സമാന്തരമായി 'നേരറിയാൻ' സി.പി.എമ്മും രംഗത്തിറങ്ങുന്നത്.
ജില്ല സെക്രട്ടറിക്കായി താനോ തന്റെ ഓഫിസോ കത്ത് തയാറാക്കിയിട്ടില്ലെന്ന് മേയർ ആര്യ രാജേന്ദ്രൻ പറയുന്നുണ്ടെങ്കിലും കത്ത് വ്യാജമാണെന്ന് പറയാൻ മേയറോ പാർട്ടിയോ തയാറായിട്ടില്ല. മേയർ ഇല്ലാതിരുന്ന സമയത്ത് ഔദ്യോഗിക ലെറ്റർ പാഡിൽ ഇത്തരമൊരു കത്ത് ഭരണമുന്നണിയിലെ പ്രമുഖ നേതാവാണ് തയാറാക്കിയതെന്ന വിവരം സി.പി.എമ്മിനുണ്ട്. സി.പി.എമ്മിന്റെ ഒരു ഏരിയ കമ്മിറ്റി അംഗമാണ് കത്ത് തയാറാക്കി വാട്സ്ആപ്പിലൂടെ ലോക്കൽ കമ്മിറ്റി സെക്രട്ടറിക്ക് അയച്ചത്. ഇദ്ദേഹം ലോക്കൽ കമ്മിറ്റിക്ക് കീഴിലെ വാട്സ്ആപ് ഗ്രൂപ്പിൽ കത്ത് പങ്കുവെച്ചതോടെയാണ് സംഭവം വിവാദമാകുന്നത്.
കോർപറേഷൻ പാർലമെന്ററി പാര്‍ട്ടി സെക്രട്ടറിയും പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ഡി.ആർ. അനിൽ അംഗമായ പാർട്ടി വാട്സ്ആപ് ഗ്രൂപ്പിലാണ് കത്ത് ആദ്യം പ്രചരിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ കത്ത് പരസ്യമായതിലുള്ള അതൃപ്തി അനിലിനോട് സംസ്ഥാന സമിതി അംഗം വി. ശിവൻകുട്ടിയും സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം കൂടിയായ ആനാവൂർ നാഗപ്പനും അറിയിച്ചിരുന്നു. എസ്.എ.ടി ആശുപത്രിയിലെ നിയമനത്തിന് പാർട്ടി പട്ടിക തേടി കത്തെഴുതിയ അനിലിനെ സംരക്ഷിക്കാൻ സി.പി.എം മുന്നോട്ടുവരാത്തതും ഈ അതൃപ്തിയുടെ ഭാഗമാണ്. ഇതു മനസ്സിലാക്കിയാണ് ജില്ല സെക്രട്ടറിക്ക് കത്തെഴുതിയിരുന്നതായി ഒടുവിൽ ഡി.ആർ. അനിലിന് മാധ്യമങ്ങൾക്ക് മുന്നിൽ സമ്മതിക്കേണ്ടിവന്നത്.
തിരുവനന്തപുരം കോർപറേഷനിൽ നടന്ന നാലരകോടിയുടെ പട്ടികജാതി ക്ഷേമ ഫണ്ട് തട്ടിപ്പിലടക്കം ഉദ്യോഗസ്ഥരെ കരുവാക്കിയാണ് സി.പി.എം രക്ഷപ്പെട്ടത്. ഡി.വൈ.എഫ്.ഐ കേന്ദ്രകമ്മിറ്റി അംഗത്തിന് തട്ടിപ്പിൽ പങ്കുണ്ടെന്നും അയാളുടെ കുടുംബാംഗങ്ങളുടെ അക്കൗണ്ടിലേക്ക് പണം എത്തിയതായും കേസിലെ മുഖ്യപ്രതിയും കോർപറേഷനിലെ സീനിയർ ക്ലർക്കുമായ ആർ.യു. രാഹുൽ ക്രൈംബ്രാഞ്ച് സംഘത്തിന് മൊഴി നൽകിയിരുന്നെങ്കിലും തുടരന്വേഷണമോ അറസ്റ്റോ ഉണ്ടായില്ല. അതുകൊണ്ടുതന്നെ പാർട്ടി കൈയൊഴിഞ്ഞാൽ മാത്രമേ നേതാക്കൾ പ്രതികളാകൂ.
ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തുന്നവരെ പാർട്ടിയിൽ നിന്ന് പുറത്താക്കിയോ സസ്പെൻഡ് ചെയ്തോ വിവാദത്തിൽ നിന്ന് സി.പി.എമ്മിന് തലയൂരാം. എന്നിട്ടും ജില്ല നേതൃത്വം സമാന്തര അന്വേഷണം പ്രഖ്യാപിച്ചത് 'പാർട്ടിക്കായി കുറ്റം ചെയ്തവരെ' സംരക്ഷിക്കാനാണെന്ന ആരോപണം എൽ.ഡി.എഫിലെ തന്നെ ചില ഘടകകക്ഷികൾ ഉന്നയിക്കുന്നുണ്ട്.
തിരുവനന്തപുരം കോർപറേഷനിൽ ആരോഗ്യം, പൊതുമരാമത്ത് വകുപ്പുകളിലാണ് കൂടുതൽ താൽക്കാലിക നിയമനങ്ങൾ നടക്കുന്നത്. ഇത്തരം നിയമനങ്ങളിൽ കാര്യമായ പരിഗണന കിട്ടാത്തതാണ് ഘടകകക്ഷികളുടെ അതൃപ്തിക്ക് കാരണം. തിരുവനന്തപുരം മെഡിക്കൽ കോളജിൽ മാത്രം കഴിഞ്ഞ രണ്ടുവർഷത്തിനിടയിൽ നൂറുകണക്കിന് നിയമനങ്ങളാണ് പണം വാങ്ങി സി.പി.എം നടത്തിയതെന്നും ആരോപണമുണ്ട്.
മേയറും സി.പി.എമ്മും ജനങ്ങളുടെ സാമാന്യബുദ്ധിയെ പരിഹസിക്കുന്നു -വി.ഡി. സതീശൻ
കോട്ടയം: തിരുവനന്തപുരം കോർപറേഷനിലെ വിവാദ കത്ത് എവിടെ നിന്നാണെന്നുപോലും അറിയില്ലെന്ന് പറയുന്ന മേയറും സി.പി.എമ്മും ജനങ്ങളുടെ സാമാന്യബുദ്ധിയെ പരിഹസിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇപ്പോള്‍ കത്ത് കൊടുത്തയാളും വാങ്ങിയ ആളുമില്ല. എന്താണ് നടന്നതെന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവര്ക്കും അറിയാം. ആ അധ്യായം അടഞ്ഞു എന്നാണ് പാര്‍ട്ടി സെക്രട്ടറി പറഞ്ഞത്. അധ്യായം അടക്കുന്നതും തുറക്കുന്നതും പാര്‍ട്ടി സെക്രട്ടറിയാണോ? പാര്‍ട്ടി സെക്രട്ടറി പാര്‍ട്ടിയിലെ കാര്യങ്ങള്‍ നോക്കിയാല്‍ മതി. നിയമനങ്ങള്‍ നടത്തേണ്ട. വ്യവസ്ഥാപിത മാര്‍ഗങ്ങളിലൂടെയല്ല നിയമനങ്ങള്‍ നടത്തുന്നതെങ്കില്‍ വലിയ സമരങ്ങള്‍ക്ക് കേരളം സാക്ഷിയാകും.
തദ്ദേശ സ്ഥാപനങ്ങളില്‍ മാത്രമല്ല സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങളിലും പിന്‍വാതില്‍ നിയമനങ്ങളാണ് നടക്കുന്നത്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളെ നോക്കുകുത്തിയാക്കുകയാണ്. പിന്‍വാതില്‍ നിയമനം കിട്ടിയവര്‍ പുറത്താകാതിരിക്കാനാണ് വകുപ്പ് തലവന്മാര് പി.എസ്.സിക്ക് ഒഴിവ് റിപ്പോര്‍ട്ട് ചെയ്യാത്തതെന്നും മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.