മയ്യഴിയുടെ കഥാകാരന് പിറന്നാള്‍ സദ്യയായി പ്രസാദഊട്ട്
text_fieldsഗുരുവായൂര്‍: നവഭാവുകത്വം നിറഞ്ഞ കഥകളിലൂടെയും നോവലുകളിലൂടെയും മലയാളിക്ക് വേറിട്ട വായനാനുഭവം സമ്മാനിച്ച മയ്യഴിയുടെ എഴുത്തുകാരന്‍ 80ാം പിറന്നാള്‍ ദിനത്തില്‍ ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനെത്തി. ഭാര്യ ശ്രീജയോടൊപ്പമാണ് എം. മുകുന്ദന്‍ ദര്‍ശനത്തിനെത്തിയത്.
''പൂരമാണ് ജന്മ നക്ഷത്രം. സെപ്റ്റംബര്‍ 10 ആണ് ജനനത്തീയതി. ആ ദിവസമാണ് പിറന്നാളായി ഞാന്‍ കണക്കാക്കുക. ഇത്തവണ ഗുരുവായൂരപ്പന്റെ മുന്നിലാവട്ടെ പിറന്നാള്‍ എന്ന് ആഗ്രഹിച്ചു. ഭാര്യ ശ്രീജക്കും സമ്മതം. കുറച്ച് കാലമായി ഇവിടെ വരാന്‍ ആഗ്രഹിക്കുന്നു. വളരെ സന്തോഷമാണ് ഇവിടെ വരുന്നത്'' -മുകുന്ദന്‍ പറഞ്ഞു. അന്നലക്ഷ്മി ഹാളില്‍ ഭക്തര്‍ക്കൊപ്പമിരുന്നായിരുന്നു പിറന്നാള്‍ സദ്യയുണ്ടത്. പ്രസാദഊട്ടിലെ പാല്‍പ്പായസം പിറന്നാള്‍ മധുരമായി.
വെള്ളിയാഴ്ച ഉച്ചക്കാണ് മുകുന്ദന്‍ ഗുരുവായൂരിലെത്തിയത്. പിറന്നാള്‍ നാളില്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയ മുകുന്ദന് നഗരസഭ അധ്യക്ഷന്‍ എം. കൃഷ്ണദാസ് ഉപഹാരം നല്‍കി. സമൂഹത്തെ പിടിച്ചുലച്ച ചിന്തകളും ആശയങ്ങളും വായനക്കാരിലേക്ക് എയ്തുവിട്ട മുകുന്ദന്‍ എണ്‍പതാം പിറന്നാളിലെത്തിയപ്പോള്‍ സിനിമാക്കാരന്‍ കൂടിയായി മാറിയിരുന്നു. ഇദ്ദേഹം കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയ ചിത്രം 'ഓട്ടോറിക്ഷക്കാരന്റെ ഭാര്യ' ചിത്രീകരണം പൂര്‍ത്തിയായി റിലീസിന് ഒരുങ്ങിയിരിക്കുകയാണ്. ഹരികുമാറാണ് സംവിധായകന്‍.
സ്ത്രീ ശാക്തീകരണം ഇതിവൃത്തമാക്കിയ സിനിമയാണ് 'ഓട്ടോറിക്ഷക്കാരന്റെ ഭാര്യ' എന്ന് മുകുന്ദന്‍ പറഞ്ഞു. 'ദൈവത്തിന്റെ വികൃതിയില്‍' തിരക്കഥയില്‍ ആദ്യഘട്ടങ്ങളില്‍ സഹകരിച്ചിരുന്നെങ്കിലും തിരക്കഥ പൂര്‍ണമായി തന്റേതായിരുന്നില്ല. തന്റെ കഥയെ അധികരിച്ച ചിത്രങ്ങളായ മദാമ്മ, മഹാവീര്യർ എന്നിവയുടെ തിരക്കഥ തയാറാക്കിയത് മറ്റുള്ളവരായിരുന്നു. 'ഓട്ടോറിക്ഷക്കാരന്റെ ഭാര്യ'യാണ് പൂര്‍ണമായി താന്‍ എഴുതി പൂര്‍ത്തിയാക്കിയതെന്നും മുകുന്ദന്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.