അതിഥി തൊഴിലാളികളെ മൊത്തം കുറ്റവാളികളായി ചിത്രീകരിക്കരുത്; കിഴക്കമ്പലത്ത് നടന്ന അക്രമം ഒറ്റപ്പെട്ടത് -സ്പീക്കർ
text_fieldsകണ്ണൂർ: ഇതര സംസ്ഥാന തൊഴിലാളികളുടെ നേതൃത്വത്തിൽ കിഴക്കമ്പലത്ത് നടന്ന അക്രമം ഒറ്റപ്പെട്ടതാണെന്ന് സ്പീക്കർ എം.ബി. രാജേഷ്. കണ്ണൂർ പ്രസ്ക്ലബിന്റെ ലിഫ്റ്റ് നിർമാണത്തിെൻറ ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരുവിഭാഗം നടത്തിയ അക്രമത്തിൽ അതിഥി തൊഴിലാളികളെ മൊത്തം കുറ്റവാളികളായി ചിത്രീകരിക്കരുത്. ന്യൂനപക്ഷങ്ങൾ നടത്തിയ അക്രമത്തിന്‍റെ പേരിൽ മുഴുവൻ തൊഴിലാളികളെയും വേട്ടയാടുന്നത് ശരിയല്ല. ആലപ്പുഴയിൽ നടന്ന കൊലപാതകങ്ങളുടെ പേരിൽ വർഗീയ ധ്രുവീകരണം നടത്താൻ അപകടകരമായ ഗൂഢാലോചന നടന്നു. ഇവ രണ്ടും രാഷ്ട്രീയ കൊലപാതകങ്ങൾ മാത്രമായി കാണാനാകില്ല. ഇതിെൻറ പേരിൽ സംഘർഷം ആളിക്കത്തിക്കാൻ ശ്രമമുണ്ടായി. ഇത്തരം സംഘർഷങ്ങൾ നിയന്ത്രിക്കാൻ പൊലീസിന് മാത്രം സാധിക്കില്ല. ഇത്തരം വിഷയങ്ങളെ ഇല്ലായ്മ ചെയ്യാൻ ജനകീയ ഇടപെടലുകൾ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
ശനിയാഴ്ച അർധരാത്രിയാണ് കിഴക്കമ്പലത്ത് കിറ്റെക്സ് കമ്പനിയിൽ ജോലി ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികൾ പൊലീസിനെ ആക്രമിച്ചതും ജീപ്പിന് തീയിട്ടതും. മണിപ്പൂർ, നാഗാലൻഡ് സ്വദേശികളായ തൊഴിലാളികൾ താമസസ്ഥലത്ത് ക്രിസ്മസ് ആഘോഷത്തിനിടെ ഏറ്റുമുട്ടിയിരുന്നു. ഇവിടേക്കെത്തിയ പൊലീസിനെയാണ് തൊഴിലാളികൾ ക്രൂരമായി ആക്രമിച്ചത്.
കുന്നത്തുനാട് സി.ഐ വി.ടി ഷാജൻ അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥരെ അക്രമികൾ മർദ്ദിച്ചു. പൊലീസുകാരെ പുറത്തിറങ്ങാൻ അനുവദിക്കാത്ത തൊഴിലാളികൾ വാഹനത്തിന് നേരെ കല്ലേറ് നടത്തി. കല്ലേറിൽ വാഹനത്തിന്‍റെ ഗ്ലാസുകൾ തകർന്നു.
ഇതിന് പിന്നാലെ പൊലീസ് കൺട്രോൾ റൂം വാഹനത്തിന് നേരെ അക്രമികൾ തിരിഞ്ഞത്. വാഹനത്തിലുള്ളവരെ തൊഴിലാളികൾ തടഞ്ഞുവെച്ച് തീയിട്ടു. അഗ്നിക്കിരയായ വാഹനത്തിൽ നിന്ന് പൊലീസ് ഉദ്യോഗസ്ഥർ ഇറങ്ങി ഒാടിയതിന് പിന്നാലെ വാഹനം വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. കല്ലേറിലും ആൾക്കൂട്ട മർദനത്തിലും ഗുരുതര പരിക്കേറ്റ സി.ഐ അടക്കമുള്ളവർ കോലഞ്ചേരി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.