രാജ്യസുരക്ഷ ചൂണ്ടിക്കാട്ടി ആർക്കെതിരെയും നടപടിയുണ്ടാകുന്ന സാഹചര്യം -സ്പീക്കർ
text_fieldsമലപ്പുറം: കാരണങ്ങള്‍ വ്യക്തമാക്കാതെ മാധ്യമങ്ങളെ വിലക്കാനുള്ള കേന്ദ്രസർക്കാർ നീക്കം മൗലിക അവകാശങ്ങളുടെ ലംഘനമാണെന്നും സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിനെതിരായ ഭരണകൂട കടന്നുകയറ്റം ദേശസുരക്ഷയെ ബാധിക്കുമെന്നും നിയമസഭ സ്പീക്കർ എം.ബി. രാജേഷ്. ദേശസുരക്ഷ എന്ന ഒറ്റക്കാരണം പറഞ്ഞാണ് കേരളത്തിൽ ഒരു വാർത്താചാനലിന്റെ സംപ്രേഷണം നിർത്തിവെപ്പിച്ചിരിക്കുന്നത്. ഇത്തരം മൗലികാവകാശ ലംഘനങ്ങൾക്കെതിരെ പ്രതികരിച്ചില്ലെങ്കില്‍ നാളെ രാജ്യസുരക്ഷ ചൂണ്ടിക്കാട്ടി ഏതൊരു പൗരന് നേരെയും മാധ്യമസ്ഥാപനത്തിന് നേരെയും ഇത്തരം നടപടികളുണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി. മലപ്പുറം പ്രസ് ക്ലബ് സുവര്‍ണ ജൂബിലി പരിപാടികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു സ്പീക്കർ.
അടിയന്തരാവസ്ഥ കാലത്തേക്കാൾ ഭീകരമാണ് ഇപ്പോഴുണ്ടായ കടന്നുകയറ്റം. സ്പീക്കറുടെ പദവിയിലിരിക്കെത്തന്നെ പതിവില്ലാത്ത രീതിയിൽ ഇത് സംബന്ധിച്ച ചർച്ചയിൽ പങ്കെടുത്ത് അഭിപ്രായം പറഞ്ഞത് വിഷയത്തിന്‍റെ പ്രാധാന്യവും ഗൗരവവും ഉൾക്കൊണ്ടാണ്. രാജ്യത്ത് ജനാധിപത്യ മൂല്യങ്ങള്‍ നഷ്ടപ്പെടുകയും മൂലധനാധിഷ്ഠിത താൽപര്യങ്ങള്‍ വലിയ തോതില്‍ ഉയര്‍ന്ന് വരികയും ചെയ്യുന്നു. ഇത് രണ്ട് തരം ജനതയെ സൃഷ്ടിക്കുന്നതിലേക്ക് നയിക്കും.
പ്രതികരിക്കേണ്ടതും തെറ്റുകള്‍ പൊതുസമൂഹത്തിന് മുന്നില്‍ തുറന്ന് കാണിക്കേണ്ടതും മാധ്യമങ്ങളുടെ ബാധ്യതയാണ്. മാധ്യമങ്ങള്‍ പിറകോട്ട് പോകുന്നത് സമൂഹത്തെ ആകെ പിറകോട്ട് നയിക്കും. ആവശ്യക്കാരുടെ രുചിക്കനുസരിച്ച് വിളമ്പുന്ന കുഴിമന്തിയാവരുത് വാർത്തകളെന്നും സ്പീക്കർ ഓർമിപ്പിച്ചു.
നിയമസഭയിലെ പഞ്ച് ഡയലോഗുകൾ മാത്രം വാര്‍ത്തയാകുന്നു -എം.ബി. രാജേഷ്
മലപ്പുറം: നിയമസഭയില്‍ പല ഗൗരവകരമായ വിഷയങ്ങളും എം.എൽ.എമാര്‍ ആഴത്തിൽ പഠിച്ച് അവതരിപ്പിക്കുമ്പോഴും റിപ്പോർട്ടർമാർക്ക് വർത്തയാക്കാൻ താൽപര്യം പഞ്ച് ഡയലോഗുകളാണെന്ന് സ്പീക്കർ എം.ബി. രാജേഷ്. ഇക്കാരണത്താല്‍ നാട് അറിയേണ്ട ഒരുപാട് നല്ല കാര്യങ്ങള്‍ പുറത്തുവരാതെ പോകുന്നുവെന്നും മലപ്പുറം പ്രസ് ക്ലബ് സുവർണ ജൂബിലി ഉദ്ഘാടനം ചെയ്യവെ സ്പീക്കർ പറഞ്ഞു.
കഴിഞ്ഞ കുറെക്കാലമായി ഈ പ്രവണത തുടരുന്നു. എം.എല്‍.എമാരുടെ ചില സംഭാഷണഭാഗങ്ങള്‍ ഉള്‍പ്പെടുത്തി ഹാസ്യമായി അവതരിപ്പിച്ച് നിയമസഭയെ മൊത്തം കോമഡിയാക്കി ചിത്രീകരിക്കുന്നതും കൂടിവരുകയാണ്.
നിരവധി ഓർഡിനന്‍സും ബില്ലുകളും നിയമസഭയില്‍ അവതരിപ്പിക്കുന്നുണ്ട്. ഇവയൊന്നും വാര്‍ത്തയില്‍ സ്ഥാനം പിടിക്കാതെ പോകുന്നു. ഇതില്‍ മാധ്യമങ്ങളുടെ ഭാഗത്തുനിന്ന് മാറ്റങ്ങള്‍ വരേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.