മാപ്പുപറഞ്ഞ് മക്കയിൽ പോകുന്നതിന് പകരം ജന്മനാടിന് വേണ്ടി മരണം വരിച്ചയാളാണ് വാരിയൻകുന്നത്ത് -എം.ബി. രാജേഷ്
text_fieldsതിരുവനന്തപുരം: മാപ്പുപറഞ്ഞാൽ വധശിക്ഷയിൽനിന്ന് ഒഴിവാക്കി മക്കയിലേക്ക് നാടുകടത്താം എന്ന ബ്രിട്ടീഷുകാരുടെ വാഗ്ദാനം തള്ളിക്കളഞ്ഞ്, മരണം വരിച്ചയാളാണ് വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെന്ന് സ്പീക്കർ എം.ബി. രാജേഷ്. വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും ഭഗത് സിങ്ങിന്‍റെയും മരണത്തിൽ സമാനതകളുണ്ട്. അത് ചരിത്ര വസ്തുതയാണ്. ആർക്കും നിഷേധിക്കാനാവില്ല -രാജേഷ് പറഞ്ഞു.
വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ ഭഗത് സിങ്ങിനോട് ഉപമിച്ചതിന് രാജേഷിനെതിരെ ഡല്‍ഹി പൊലീസില്‍ യുവമോർച്ച നേതാക്കൾ പരാതി നൽകിയിരുന്നു. പാർലമെന്‍റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. മലബാര്‍ സമരത്തിന്‍റെ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ച് സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയുടെ ഉദ്ഘാടനപ്രസംഗത്തിലെ പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. എന്നാൽ, ചരിത്രസത്യം ചൂണ്ടിക്കാട്ടിയതിന്‍റെ പേരിൽ താൻ ആരോടും മാപ്പ് പറയില്ലെന്ന് രാജേഷ് വ്യക്തമാക്കി.
ബ്രിട്ടീഷുകാർ വധശിക്ഷ നടപ്പാക്കുേമ്പാൾ തന്‍റെ മുന്നിൽനിന്ന് െവടിവെയ്ക്കണമെന്ന് പറഞ്ഞയാളാണ് വാരിയൻകുന്നൻ. വെടിവെച്ചാൽ മതിെയന്ന് പറഞ്ഞ് കത്തയച്ചയാളാണ് ഭഗത് സിങ്. മാപ്പുപറഞ്ഞാൽ വധശിക്ഷയിൽനിന്ന് ഒഴിവാക്കി മക്കയിലേക്ക് നാടുകടത്താം എന്നായിരുന്നു ബ്രിട്ടീഷുകാർ വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്ക് നൽകിയ വാഗ്ദാനം. എന്നാൽ, അദ്ദേഹം തെരഞ്ഞെടുത്തത് മരണമായിരുന്നു. ''പുണ്യസ്ഥലമായ മക്ക എനിക്കിഷ്ടമാണ്. പക്ഷേ, ജനിച്ച് വളർന്ന ഈ മണ്ണിൽ മരിക്കാനാണ് ഞാൻ മുൻഗണന കൊടുക്കുന്നത്'' എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. മക്കയും മരണവും ഇതിൽ ഏതുവേണം എന്നുവന്നപ്പോൾ, മാപ്പുപറഞ്ഞ് മക്കയിൽ പോകുന്നതിനേക്കാൾ മരണം വരിക്കണം എന്ന് തെരഞ്ഞെടുത്തയാളാണ് വാരിയൻകുന്നത്ത് -എം.ബി. രാജേഷ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.