'ജയ് ശ്രീറാം' പതാക ഉയര്‍ത്തിയ സംഭവം വളച്ചൊടിച്ച എ.എന്‍.ഐക്കെതിരെ എം.ബി രാജേഷ്
text_fieldsപാലക്കാട്: പാലക്കാട് നഗരസഭയില്‍ 'ജയ് ശ്രീറാം' പതാക ഉയര്‍ത്തിയ സംഭവത്തെ വളച്ചൊടിച്ച് ബി.ജെ.പിക്ക് അനുകൂലമായി വാർത്ത നൽകിയ ദേശീയ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയുടെ ട്വീറ്റിനെതിരെ സി.പി.എം നേതാവ് എം.ബി രാജേഷ്. സത്യാനന്തര കാലത്തെ കള്ള പ്രചരണത്തിന്‍റെ ഒന്നാന്തരം ഉദാഹരണമാണ് എ.എന്‍.ഐയുടെ ട്വീറ്റെന്ന് എം. ബി രാജേഷ് പറഞ്ഞു.
കേരളത്തിന് പുറത്തുള്ളവരെ തെറ്റിദ്ധരിപ്പിക്കാനാണ് ഇത്തരത്തില്‍ കള്ളം പ്രചരിപ്പിക്കുന്നത്. ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് പോലും തള്ളിപ്പറയാൻ നിര്‍ബന്ധിതനായ സംഭവമാണിത്. എന്നിട്ടും സംഘപരിവാര്‍ അനുകൂല കോര്‍പറേറ്റ് നിയന്ത്രിത ദേശീയ മാധ്യമങ്ങള്‍ കള്ള പ്രചരണം തുടരുകയാണെന്നും രാജേഷ് പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ ആഹ്ലാദ പ്രകടനം നടത്തിയ ബി.ജെ.പി പ്രവർത്തകർ പാലക്കാട് നഗരസഭാ കെട്ടിടത്തിന് മുകളിൽ 'ജയ് ശ്രീറാം' ഫ്ലക്സ് തൂക്കിയതിനെ കുറിച്ച് ട്വീറ്റിൽ എ.എൻ.ഐ ഒന്നും പറയുന്നില്ല. മറിച്ച് മോദിയുടെയും അമിത് ഷായുടെയും ബാനർ തൂക്കുകയും തദ്ദേശ തെരഞ്ഞെടുപ്പിൽ ബി.ജെ.പി മികച്ച വിജയം നേടിയതിൽ മുദ്രാവാക്യം വിളിക്കുകയും ചെയ്തതിനാണ് കേസ് രജിസ്റ്റർ ചെയ്തതെന്നാണ് ട്വീറ്റിൽ പറയുന്നത്.
സംഭവത്തിന് പിന്നാലെ കോൺഗ്രസും വി.കെ. ശ്രീകണ്ഠൻ എം.പിയും സി.പി.എമ്മും നഗരസഭ സെക്രട്ടറിക്ക് പരാതി നൽകിയിരുന്നു. തുടർന്ന് ഭരണഘടനാ സ്ഥാപനത്തിന് മുകളിൽ മതചിഹ്ങ്ങൾ ഉൾപ്പെടുന്ന ഫ്ലക്സ് കെട്ടിയെന്ന് ചൂണ്ടിക്കാട്ടി പാലക്കാട് നഗരസഭ സെക്രട്ടറി രഘുരാമൻ പൊലീസിൽ പരാതി നൽകുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.