Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘സന്ദീപിന്റെ തറവാട്...

‘സന്ദീപിന്റെ തറവാട് ആർ.എസ്.എസും നേതാവ് മോദിയും, കുറഞ്ഞ നിരക്കായതിനാലാണ് പരസ്യം നൽകിയത്’ -എം.ബി. രാജേഷ്

text_fields
bookmark_border
‘സന്ദീപിന്റെ തറവാട് ആർ.എസ്.എസും നേതാവ് മോദിയും, കുറഞ്ഞ നിരക്കായതിനാലാണ് പരസ്യം നൽകിയത്’ -എം.ബി. രാജേഷ്
cancel

പാലക്കാട്: ബി.ജെ.പിയില്‍നിന്ന് കോണ്‍ഗ്രസിലേക്കെത്തിയ സന്ദീപിന്റെ തറവാട് ആർ.എസ്.എസും നേതാവ് നരേന്ദ്ര മോദിയുമാണന്ന് മന്ത്രി എം.ബി. രാജേഷ്. അത് ശ്രദ്ധയില്‍ വരാതിരിക്കാനാണ് പത്രപരസ്യ ആരോപണവുമായി വന്നതെന്നും കുറഞ്ഞ നിരക്കില്‍ കൊടുക്കാവുന്ന പത്രമായതുകൊണ്ടാണ് സുപ്രഭാതത്തിലും സിറാജിലും പരസ്യം കൊടുത്തതെന്നും അദ്ദേഹം പറഞ്ഞു.

രണ്ടു പത്രങ്ങളിൽ മാത്രമല്ല പരസ്യം നല്‍കിയത്. ഹിന്ദുവിലും മാതൃഭൂമിയിലുമുണ്ട്. എസ്.ഡി.പി.ഐയുടെ വോട്ട് വേണ്ടെന്നുപറയാൻ ഷാഫി പറമ്പിൽ എം.പിക്കോ യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിനോ ധൈര്യമുണ്ടോയെന്ന് രാജേഷ് വാർത്തസമ്മേളനത്തിൽ ചോദിച്ചു.

അതിനിടെ, ബി.ജെ.പി നേതൃത്വത്തിനെതിരെ പരസ്യ വിമർശനം നടത്തിയതിന് പിന്നാലെ നവംബർ നാലിന് സന്ദീപ് വാര്യരെ സി.പി.എമ്മിലേക്ക് സ്വാഗതം ചെയത് മന്ത്രി രാജേഷ് രംഗത്തെത്തിയിരുന്നു. ഇതുവരെ പിന്തുടർന്ന ബി.ജെ.പി രാഷ്ട്രീയം ഉപേക്ഷിക്കുന്നവെങ്കിൽ സന്ദീപിനെ സ്വീകരിക്കുന്നതിൽ തടസമില്ലെന്നാണ് രാജേഷ് അന്ന് വാർത്താ ചാനലിനോട് വ്യക്തമാക്കിയത്. ‘‘നിലപാട് എന്തെന്ന് വ്യക്തമാക്കിയാൽ മാത്രമേ ബാക്കി കാര്യം പറയാൻ സാധിക്കൂ. സന്ദീപ് വാര്യർ എന്ന വ്യക്തിയോടല്ല ശത്രുതയും എതിർപ്പും, നിലപാടിനോടാണ്. നിലപാട് ഉപേക്ഷിക്കുമോ എന്നാണ് അറിയേണ്ടത്. കൗതുകത്തോടെയാണ് നിലപാടിനെ വീക്ഷിക്കുന്നത്. അപ്പുറത്ത് നിൽക്കുന്നവരുടെ നിലപാട് തിരുത്തി ഞങ്ങൾക്കൊപ്പം കൊണ്ടു വരാനും ഞങ്ങളുടെ പാർട്ടി വളർത്താനുമാണ് ശ്രമിക്കുന്നത്’’ -എന്നാണ് മന്ത്രി രാജേഷ് അന്ന് പറഞ്ഞത്.

അഭ്യൂഹങ്ങൾക്ക് അന്ത്യംകുറിച്ച് കൊണ്ട് സന്ദീപ് വാര്യർ കോൺഗ്രസ് അംഗത്വം സ്വീകരിച്ചതോടെ, രാജേഷ് നിലപാട് മാറ്റി. സന്ദീപിന്‍റെ കോൺഗ്രസ് പ്രവേശന വാർത്തയെ കുറിച്ചുള്ള പ്രതികരണം ആരാഞ്ഞ മാധ്യമപ്രവർത്തകരോടാണ് വർഗീയതയുടെ കാളിയനായ സന്ദീപ് വാര്യരെ കൊണ്ടു നടക്കാൻ കോൺഗ്രസിന് മാത്രമേ സാധിക്കൂവെന്ന് മന്ത്രി രാജേഷ് പ്രതികരിച്ചത്. ‘വർഗീയതയുടെ കാളിയനെ കഴുത്തിലണിഞ്ഞ് ഒരു അലങ്കാരമായി കൊണ്ടു നടക്കാൻ കോൺഗ്രസിന് മാത്രമേ സാധിക്കുകയുള്ളൂ. നൂറുകണക്കിന് വിദ്വേഷ പ്രസ്താവനകൾ നടത്തിയ ഒരാളെ കോൺഗ്രസ് തലയിൽ ചുമന്ന് നടക്കട്ടെ. ഞങ്ങൾക്കതിൽ ഒരു പരിഭവവുമില്ല. അത്തരമൊരാളെ സി.പി.എമ്മിലേക്ക് എടുക്കുന്നത് ചിന്തിക്കാൻ പോലും കഴിയുന്ന കാര്യമല്ല. വർഗീയതയുടെ കാര്യത്തിൽ പാർട്ടി ഒരിഞ്ചു പോലും വിട്ടുവീഴ്ച ചെയ്യില്ല’ -രാജഷ് പറഞ്ഞു.

സി.പി.എം പച്ചക്ക് വർഗീയത പറയുന്നു -രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട്: പച്ചക്ക് വർഗീയത പറയാനാണ് സി.പി.എം ശ്രമിക്കുന്നതെന്ന് പാലക്കാട്ടെ യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ. കാഫിർ സ്ക്രീൻഷോട്ടിന്റെ അച്ചടിപ്പതിപ്പാണ് പാലക്കാട്ട് സി.പി.എം ഇറക്കിയിരിക്കുന്നത്. എന്തിനാണ് രണ്ടു പത്രങ്ങളിൽ മാത്രം പരസ്യം നൽകിയത്. അതിൽനിന്നുതന്നെ ദുരുദ്ദേശ്യം വ്യക്തമാണെന്നും രാഹുൽ മാധ്യമങ്ങളോട് പ്രതികരിച്ചു.

മതന്യൂനപക്ഷങ്ങളെപ്പറ്റിയുള്ള സി.പി.എമ്മിന്റെ ധാരണ എന്താണ്. ഏതെങ്കിലും ഒരു പത്രവാർത്തയുടെ പേരിൽ അതിവൈകാരികമായി പ്രതികരിക്കുന്ന വിഭാഗമാണ് അവരെന്ന ധാരണയാണോ സി.പി.എമ്മിനുള്ളത്. ഒരാൾ സംഘ്പരിവാർ വിട്ട് മതേതര ചേരിയുടെ ഭാഗമായതിൽ സി.പി.എമ്മിന് എന്തിനാണ് അസ്വസ്ഥത.

ഒ.കെ. വാസു സംഘ്പരിവാർ വിട്ട് സി.പി.എമ്മിൽ ചേർന്നപ്പോൾ ഇങ്ങനെയായിരുന്നോ അവരുടെ സമീപനം. പാലക്കാട്ട് പിണറായി വിജയൻ വന്നത് ബി.ജെ.പിയെ തോൽപിക്കാനല്ല, മറിച്ച് പാണക്കാട്ടെ തങ്ങൾക്കെതിരെ സംസാരിക്കാനാണ്. സന്ദീപ് കോൺഗ്രസിലേക്കു വന്നതിൽ ഈ നാട്ടിലെ ന്യൂനപക്ഷങ്ങൾക്ക് യാതൊരു ആശങ്കയുമില്ല. ആശങ്കയുള്ളത് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും സി.പി.എമ്മിനും മാത്രമാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

ഭിന്നിപ്പുണ്ടാക്കാൻ ശ്രമം -സാദിഖലി തങ്ങൾ

മലപ്പുറം: വോട്ടുകളെ വിഭിന്ന തട്ടുകളിലാക്കാനുള്ള ശ്രമമാണ് പാലക്കാട്ട് നടക്കുന്നതെന്നും പരസ്യങ്ങളിലൂടെയാണെങ്കിലും പ്രസംഗങ്ങളിലൂടെയാണെങ്കിലും ഭിന്നിപ്പുണ്ടാക്കുന്നതിനെ കരുതിയിരിക്കണമെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. അറിഞ്ഞുകൊണ്ടുള്ള ഇത്തരം ചെയ്തികളെ വിമർശിക്കാതിരിക്കാനാവില്ല. അറിഞ്ഞുകൊണ്ട് ചെയ്ത തെറ്റിന് ഇരട്ടി ശിക്ഷ ലഭിക്കും. അതുകൊണ്ട് അത്തരം ദുശ്ശീലങ്ങളിൽനിന്ന് മാറിനിൽക്കണം -അദ്ദേഹം പറഞ്ഞു.

മലപ്പുറത്ത് ചെമ്മാട് ദാറുല്‍ ഹുദ റൂബി ജൂബിലി പ്രചാരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. നിഷ്കളങ്കരായ വോട്ടര്‍മാരെ ഭിന്നിപ്പിച്ച് വോട്ടുകളെ വിഭിന്ന തട്ടുകളിലാക്കാനാണ് ശ്രമം. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വോട്ടുകൾ ഏകീകരിച്ചത് ഭരണഘടന സംരക്ഷണത്തിന് ഗുണംചെയ്തു. ഫാഷിസ്റ്റുകള്‍ അധികാരത്തില്‍ വന്നതെല്ലാം ഭിന്നതയുണ്ടാക്കിയാണ്. പാലക്കാട് ഈ പ്രചാരണങ്ങൾ വിലപ്പോകില്ല. അവർ ബുദ്ധിയുള്ളവരാണെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.

മതേതര ചേരിയില്‍ ഭിന്നതയുണ്ടാക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും ബി.ജെ.പി ജയിച്ചാലും കുഴപ്പമില്ല എന്നതാണ് ചിലരുടെ നിലപാടെന്നും മുസ്‍ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പത്രപരസ്യം കാഫിർ സ്ക്രീൻഷോട്ടിന്‍റെ ‘മോഡിഫൈഡ്’ രൂപം -ഷാഫി പറമ്പിൽ

പാലക്കാട്‌: വടകരയിലെ കാഫിർ സ്ക്രീൻഷോട്ടിന്റെ ‘മോഡിഫൈഡ്-ഗ്ലോറിഫൈഡ്’ രൂപമാണ് പാലക്കാട്ട് രണ്ടു പത്രങ്ങളിൽ സി.പി.എം നൽകിയ പരസ്യമെന്ന് ഷാഫി പറമ്പിൽ എം.പി. സി.പി.എം എത്തിനിൽക്കുന്ന ഗതികേടിന്റെ തുറന്നുകാട്ടലാണ് ദുരുദ്ദേശ്യത്തോടെ നൽകിയ പരസ്യം.

തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ പലതരത്തിലുള്ള ശ്രമങ്ങൾ നടത്തി. അതെല്ലാം വിഫലമായ സാഹചര്യത്തിലാണ് ഇത്തരമൊരു പരസ്യവുമായി മുന്നോട്ടുവന്നതെന്നും പറഞ്ഞു. പത്രത്തിന്റെ രണ്ടു കോപ്പികളിലൊന്ന് എ.കെ. ബാലന്റെയും രണ്ടാമത്തേത് എം.ബി. രാജേഷിന്റെയും വീടുകളിലെത്തിക്കാൻ സി.പി.എം തയാറാകണം. സന്ദീപ് വാര്യർ ക്രിസ്റ്റൽ ക്ലിയറാണെന്ന സർട്ടിഫിക്കറ്റ് നൽകിയത് സി.പി.എം നേതാക്കളാണ്. വ്യക്തിപരമായി സന്ദീപിനോട് വിയോജിപ്പുകളില്ല, ആശയങ്ങളെ തള്ളിക്കളഞ്ഞാൽ മതിയെന്ന് പറഞ്ഞതും സി.പി.എം നേതാക്കളാണെന്നും ഷാഫി പറഞ്ഞു.

പരസ്യത്തിന് പണം ബി.ജെ.പി ഓഫിസിൽനിന്ന് -സന്ദീപ് വാര്യർ

കൊച്ചി: പാലക്കാട്ട് ചില പത്രങ്ങളിൽ ഇടതുമുന്നണി തനിക്കെതിരെ നൽകിയ പരസ്യത്തിലുള്ള സ്ക്രീൻഷോട്ടുകൾ വ്യാജമാണെന്ന് നേരത്തേതന്നെ ഫാക്ട് ഫൈൻഡിങ് ടീം കണ്ടെത്തിയതാണെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. വിഷ ഫാക്ടറികളിൽനിന്ന് മോചിതനായി സ്നേഹത്തിന്‍റെ കടയിലേക്ക് വരുന്നുവെന്ന് പരസ്യമായി പ്രഖ്യാപിച്ചശേഷം പഴയകാലത്തെ രാഷ്ട്രീയ നിലപാടുകൾ സൂചിപ്പിച്ച് ആക്ഷേപിക്കുന്നതിൽ എന്തു കാര്യമാണുള്ളത്? പരസ്യത്തിനെതിരെ പാർട്ടിയുമായി ആലോചിച്ച് നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

പരസ്യം നൽകിയത് സി.പി.എം ആണെങ്കിലും ഇതിന് പണം നൽകിയത് ബി.ജെ.പി ഓഫിസിൽ നിന്നാണെന്നാണ് താൻ മനസ്സിലാക്കുന്നത്. താൻ പോന്നതിൽ വിഷമമുണ്ടാകേണ്ടത് ബി.ജെ.പിക്കാണ്. അതിനേക്കാളേറെ സി.പി.എം എന്തിനാണ് പാലക്കാട്ടെ കാര്യത്തിൽ വിഷമിക്കുന്നത്. പരസ്യം കൊടുക്കാൻ ഈ രണ്ട് മാധ്യമങ്ങൾ തെരഞ്ഞെടുത്തത് ഒരു പ്രത്യേക വിഭാഗത്തെ ലക്ഷ്യംവെച്ച് വർഗീയ വിഭജനം മുന്നിൽകണ്ടാണ്. മുമ്പ് വടകരയിൽ സ്വീകരിച്ച കാഫിർ സ്ക്രീൻഷോട്ടിന് സമാനമോ അതിലും ഗുരുതരമോ ആയ പ്രചാരണ രീതിയാണിത്.

ഇനിയും തന്നെ വർഗീയവാദിയെന്ന് മുദ്രകുത്തുന്നവർ ഖലീഫ ഉമറിന്‍റെ ചരിത്രമറിയാത്തവരാണ്.

ആർ.എസ്.എസ് കാര്യാലയമിരിക്കുന്ന സ്ഥലത്തിന്‍റെ ഉടമസ്ഥാവകാശവുമായ ബന്ധപ്പെട്ട ചോദ്യത്തിന്, കാര്യാലയത്തിന് സ്ഥലം അന്വേഷിക്കുന്ന സമയത്ത് മരിച്ചുപോയ തന്‍റെ അമ്മ വിട്ടുകൊടുത്തതാണെന്നും തന്‍റെ സ്ഥലമല്ല അതെന്നും സന്ദീപ് വ്യക്തമാക്കി. മരിക്കുന്നതിനുമുമ്പ് അമ്മ നൽകിയ വാക്കായതിനാൽ അതിന്‍റെ നടപടി പൂർത്തിയാക്കാൻ ഒരുവർഷത്തെ സമയം അനുവദിക്കും. അതിനകം വന്നില്ലെങ്കിൽ മറ്റെന്തെങ്കിലും സേവനപ്രവർത്തനങ്ങൾക്ക് വിട്ടുകൊടുക്കാനാണ് ആലോചനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പരസ്യവുമായി ബന്ധമില്ലെന്ന് സമസ്ത

കോഴിക്കോട്: ചൊവ്വാഴ്ച സുപ്രഭാതം പത്രത്തിന്‍റെ പാലക്കാട് എഡിഷനിൽ വന്ന പരസ്യത്തിലെ വിഷയങ്ങളുമായി സമസ്തക്ക് ബന്ധമില്ലെന്ന് നേതാക്കൾ പ്രസ്താവനയിൽ പറഞ്ഞു. ഏതെങ്കിലും മുന്നണിയെയോ പാർട്ടിയെയോ വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്ന് അഭ്യർഥിക്കുന്ന പാരമ്പര്യം സമസ്തക്കില്ലെന്നും അവർ കൂട്ടിച്ചേർത്തു. സമസ്ത പ്രസിഡന്‍റ് ജിഫ്രി മുത്തുക്കോയ തങ്ങൾ, ജന. സെക്രട്ടറി കെ. ആലിക്കുട്ടി മുസ്ലിയാർ, ട്രഷറർ പി.പി. ഉമ്മർ മുസ്ലിയാർ കൊയ്യോട്, സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്ലിയാർ എന്നിവരുടെ പേരിലാണ് സംയുക്ത പ്രസ്താവന ഇറക്കിയത്.

യു.ഡി.എഫ് പരാതി നല്‍കി

പാലക്കാട്: എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ പേരിൽ പ്രസിദ്ധീകരിച്ച പരസ്യം തെരഞ്ഞെടുപ്പ് ചട്ടം ലംഘിക്കുന്നതാണെന്ന് ആരോപിച്ച് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകി. യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ മരക്കാര്‍ മാരായമംഗലമാണ് പരാതി നല്‍കിയത്.

കാഫിർ ഷോട്ടിന് സമാനമായ പ്രചാരണം -വി.ഡി. സതീശൻ

കാസർകോട്: സ്വന്തം പാർട്ടി പത്രത്തിന് നല്‍കാത്ത പരസ്യം മുസ്‍ലിം സംഘടനകളുടെ പത്രത്തിന് നല്‍കിയതിലൂടെ സി.പി.എം നടത്തിയത് കാഫിര്‍ സ്ക്രീന്‍ ഷോട്ടിന് സമാനമായ വര്‍ഗീയ പ്രചാരണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.

ന്യൂനപക്ഷ വോട്ടുകള്‍ വിഭജിച്ച് ബി.ജെ.പിയെ ജയിപ്പിക്കാനുള്ള തന്ത്രമാണിത്. പിണറായി വിജയന്‍ പാഷാണം വർക്കിയുടെ നിലവാരത്തിലേക്ക് തരംതാണുവെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഇവര്‍ തീവ്ര വലതുപക്ഷ പിന്തിരിപ്പന്മാരാണ്. ഇവരുമായാണല്ലോ മത്സരമെന്ന് ഓര്‍ക്കുമ്പോള്‍ ലജ്ജ തോന്നുന്നു. സന്ദീപ് വാര്യര്‍ വെറുപ്പിന്റെ രാഷ്ട്രീയം ഉപേക്ഷിച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നതിനെയാണ് സി.പി.എം വര്‍ഗീയവത്കരിക്കാന്‍ ശ്രമിക്കുന്നതെന്ന് സതീശൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mb RajeshcongressSandeep Varierbjp
News Summary - mb rajesh against sandeep varier
Next Story