എം.ബി. രാജേഷ്: നിയമസഭയുടെ അമരത്ത്
text_fieldsപാലക്കാട്: ഹാട്രിക് വിജയം ലക്ഷ്യമിട്ട് കളത്തിലിറങ്ങിയ കോൺഗ്രസ് യുവ നേതാവ് വി.ടി. ബല്‍റാമിനെ മുട്ടുകുത്തിച്ച് തൃത്താലയിൽ ചെെങ്കാടി പാറിച്ച മുൻ എം.പി എം.ബി. രാജേഷിന് രാഷ്ട്രീയ വഴിയിൽ പുതിയ നിയോഗം. പി. ശ്രീരാമകൃഷ്ണെൻറ പിൻഗാമിയായി കേരള നിയമസഭയുടെ അമരം, 50കാരനായ രാജേഷിെൻറ കൈകളിലേക്ക്. രണ്ടുതവണ പാലക്കാടിനെ ലോക്സഭയിൽ പ്രതിനിധീകരിച്ച രാജേഷ് ശ്രദ്ധേയ ഇടപെടലുകളിലൂടെ പാർലമെൻറിൽ ശക്തമായ സാന്നിധ്യമായിരുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റി അംഗമായ രാജേഷിന് മന്ത്രി സ്ഥാനം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു അവസാന നിമിഷം വരെയും ജില്ലയിലെ പ്രവർത്തകർ.
ഷൊർണൂർ ചളവറയിൽ റിട്ട. ഹവിൽദാർ ബാലകൃഷ്ണൻ നായരുടെയും എം.കെ. രമണിയുടെയും മകനായി പഞ്ചാബിലെ ജലന്തറിൽ ജനിച്ച രാജേഷ്, പാർട്ടി ഗ്രാമമായ ചളവറയിലെ ഹൈസ്കൂൾ വിദ്യാഭ്യാസ കാലത്താണ് കമ്യൂണിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടനാവുന്നത്. എസ്.എഫ്.ഐ സംസ്ഥാന, ദേശീയ നേതൃനിരകളിൽ പ്രവർത്തിച്ചു. ഒറ്റപ്പാലം എൻ.എസ്.എസ് കോളജിൽനിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം, തിരുവനന്തപുരം ലോ അക്കാദമിയിൽനിന്ന് എൽ.എൽ.ബി എന്നിവ നേടി. പഠനകാലത്ത് ശ്രദ്ധേയമായ നിരവധി വിദ്യാർഥി സമരങ്ങളിൽ പെങ്കടുത്തു. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി, കേന്ദ്ര ജോയൻറ് സെക്രട്ടറി, ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡൻറ്, അഖിലേന്ത്യ പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചു.
ഡി.വൈ.എഫ്.ഐയുടെ മുഖപത്രമായ 'യുവധാര'യുടെ മുഖ്യപത്രാധിപരായിരുന്നു. 2009ലും 2014ലും പാലക്കാട്ടുനിന്ന് പാർലമെൻറ് അംഗമായി. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ പാലക്കാട്ട് തോൽവിയേറ്റുവാങ്ങി. വിഷയങ്ങൾ ആഴത്തിൽ പഠിച്ച് അവതരിപ്പിക്കുന്നതാണ് രാജേഷിെൻറ രീതി. മികച്ച പാർലമെേൻററിയൻ എന്ന നിലയിൽ അദ്ദേഹത്തിന് നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
വിദ്യാർഥി, യുവജന പ്രസ്ഥാനങ്ങളിലും ഒടുവിൽ സ്പീക്കർ സ്ഥാനം വരെയും പി. ശ്രീരാമകൃഷ്ണന് രാജേഷ് പിൻഗാമിയായത് രാഷ്ട്രീയ കേരളത്തിന് കൗതുകമാണ്.
ഒറ്റപ്പാലം എന്‍.എസ്.എസ് കോളജില്‍ എസ്.എഫ്.ഐ നേതാവായിരുന്ന പി. ശ്രീരാമകൃഷ്ണെൻറ പിന്‍ഗാമിയായാണ് രാജേഷ് വിദ്യാർഥി പ്രസ്ഥാനത്തിെൻറ നേതൃത്വം ഏറ്റെടുക്കുന്നത്. ശ്രീരാമകൃഷ്ണന് എസ്.എഫ്.െഎ സംസ്ഥാന നേതൃത്വത്തിലേക്ക് എത്തിയപ്പോള്‍ രാജേഷ് ജില്ല പ്രസിഡൻറായി. ഡി.വൈ.എഫ്.ഐയുടെ അമരത്തും ഇരുവരും ഒരുമിച്ചാണ് പ്രവർത്തിച്ചത്. ശ്രീരാമകൃഷ്ണന് ശേഷം ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡൻറായതും രാജേഷ് ആയിരുന്നു.
മുൻ എസ്.എഫ്.െഎ നേതാവും അധ്യാപികയുമായ ഡോ. നിനിത കണിച്ചേരി ആണ് ഭാര്യ. നിരഞ്ജന, പ്രിയദത്ത എന്നിവർ മക്കളാണ്. ബ്രിജേഷ് (പ്രവാസി), സംഘമിത്ര (അധ്യാപിക) എന്നിവർ സഹോദരങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.