‘ഗാംഗുലിയോടുള്ള ഇഷ്ടം അവശേഷിക്കുന്നത് ധീരയായ സനയുടെ അച്ഛനെന്ന നിലയിൽ മാത്രം’
text_fieldsകോഴിക്കോട്: പൗരത്വ നിയമഭേദഗതിയിലെ സൗരവ് ഗാംഗുലിയുടെ നിലപാടിനെ വിമർശിച്ചും മകൾ സന ഗാംഗുലിയുടെ നിലപാടിനെ പ്രശംസിച്ചും സി.പി.എം നേതാവ് എം.ബി. രാജേഷ്. 18കാരിയായ സന ഗാംഗുലി ഖുഷ്വന്ത് സിങ്ങിന്‍റെ പുസ്തകം ഉദ്ധരിച്ചു കൊണ്ടാണ് ഇൻസ്റ്റഗ്രാമിലൂടെ പൗരത്വ നിയമത്തെ വിമർശിച്ചത്. എന്നാൽ, മകളെ തിരുത്തി ഗാംഗുലി രംഗത്തെത്തിയിരുന്നു.
ഗാംഗുലിയോടുള്ള ഇഷ്ടം അവശേഷിക്കുന്നത് ധീരയായ സനയുടെ അച്ഛനെന്ന നിലയിൽ മാത്രമാണെന്ന് എം.ബി. രാജേഷ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ഗാംഗുലി ഇപ്പോൾ അധികാരത്തിന്‍റെ ക്രീസിൽ തളച്ചിടപ്പെട്ടിരിക്കുന്നു. പക്ഷേ പതിനെട്ടുകാരി മകൾ ചീറിപ്പാഞ്ഞു വന്ന ഫാസിസ്റ്റ് രാഷ്ട്രീയത്തിന്‍റെ ധാർഷ്ട്യത്തെ തൂക്കിയടിച്ചിരിക്കുന്നുവെന്ന് പോസ്റ്റിൽ പറയുന്നു.
എം.ബി. രാജേഷിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം...
സൗരവ് ഗാംഗുലി എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട, എന്‍റെ ഹൃദയം കവർന്ന ഇന്ത്യൻ ക്രിക്കറ്ററായിരുന്നു. എന്നാൽ ബി.സി.സി.ഐ പ്രസിഡൻറ് പദവിക്കായി ഉപജാപങ്ങളുടെ ഭാഗമായ ഗാംഗുലി എന്നെ നിരാശനാക്കി. എന്നാൽ ഇന്ന് ഗാംഗുലിയുടെ മകൾ സന അവളുടെ ധീരമായ നിലപാട് കൊണ്ട് എന്‍റെ ഹൃദയം കവരുന്നു.
ഖുഷ്വന്ത് സിങ്ങിന്‍റെ പുസ്തകം ഉദ്ധരിച്ചു കൊണ്ടാണ് സന ഇന്ത്യക്ക് അന്ത്യം കുറിക്കാനുള്ള സംഘ പരിവാറിന്‍റെ ഫാഷിസ്റ്റ് രാഷ്ട്രീയത്തിനെതിരെ ആഞ്ഞടിച്ചത്. കളിക്കുന്ന കാലത്ത് ഗാംഗുലി ക്രീസിൽ നിന്ന് ചാടിയിറങ്ങി ബാറ്റ് വീശിയാൽ പന്ത് ഗ്യാലറിയിൽ നോക്കിയാൽ മതിയായിരുന്നു. ക്രീസ് വിട്ടിറങ്ങി ആഞ്ഞടിച്ച ആ കാലം പിന്നിട്ട ഗാംഗുലി ഇപ്പോൾ അധികാരത്തിന്‍റെ ക്രീസിൽ തളച്ചിടപ്പെട്ടിരിക്കുന്നു. പക്ഷേ പതിനെട്ടുകാരി മകൾ ചീറിപ്പാഞ്ഞു വന്ന ഫാസിസ്റ്റ് രാഷ്ട്രീയത്തിന്‍റെ ധാർഷ്ട്യത്തെ തൂക്കിയടിച്ചിരിക്കുന്നു. പഴയ ഗാംഗുലിയെപ്പോലെ.
മനോഹരമായ കവർ ഡ്രൈവുകളും സ്ക്വയർ കട്ടുകളും കളിച്ചിരുന്ന ഗാംഗുലിയെക്കുറിച്ച് ഒരിക്കൽ രാഹുൽ ദ്രാവിഡാണ് പറഞ്ഞത്, ഓഫ് സൈഡിൽ ദൈവം കഴിഞ്ഞാൽ പിന്നെ ഗാംഗുലിയേയുള്ളൂവെന്ന്. എന്നാൽ ഈ നിർണായക ചരിത്ര സന്ദർഭത്തിൽ നീതിയുടെ പക്ഷത്ത്, പൊരുതുന്ന മനുഷ്യരുടെ പക്ഷത്ത് ഗാംഗുലിയില്ല. പക്ഷേ, മകൾ സന അവർക്കൊപ്പമാണെന്ന് പ്രഖ്യാപിച്ചിരിക്കുന്നു.
വിഖ്യാതമായ ലോർഡ്സിലെ മൈതാനത്ത് ഇംഗ്ലണ്ടിനെ തോൽപ്പിച്ചതിന്‍റെ ആഹ്ലാദം ഷർട്ടൂരി വീശി പ്രകടിപ്പിച്ച അന്നത്തെ റിബൽ ഇന്ന് മകളോട് അഭിപ്രായം പറയരുതെന്ന് വിലക്കുമ്പോൾ അവൾ റിബലായി നിലപാട് ഉറക്കെ പറയുന്നു. മകൾ അച്ഛനേക്കാൾ ധീരതയും വിവേകവും സത്യസന്ധതയും പുലർത്തുന്നു. ഇപ്പോൾ എനിക്ക് ഗാംഗുലിയോടുള്ള ഇഷ്ടം അവശേഷിക്കുന്നത് ധീരയായ സനയുടെ അച്ഛനെന്ന നിലയിൽ മാത്രമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.