Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമല; ശ്രീധരൻ...

ശബരിമല; ശ്രീധരൻ പിള്ളയോട് 15 ചോദ്യങ്ങളുമായി രാജേഷ്

text_fields
bookmark_border
ശബരിമല; ശ്രീധരൻ പിള്ളയോട് 15 ചോദ്യങ്ങളുമായി രാജേഷ്
cancel

ശബരിമല വിഷയത്തിൽ ബി.ജെ.പി നേതാവ് ശ്രീധരൻ പിള്ളയോട് 15 ചോദ്യവുമായി ഇടത് യുവനേതാവ് എം.ബി രാജേഷ്. ഫേസ്ബുക്കിലൂടെയാണ് രാജേഷ് ബി.ജെ.പി സംസ്ഥാന പ്രസിഡൻറിനെ വെല്ലുവിളിച്ചത്. ശബരിമല വിഷയത്തില്‍ കേന്ദ്രത്തിന് ഇടപെടാന്‍ കഴിയില്ലെന്ന ശ്രീധരന്‍പിള്ളയുടെ നിലപാടിനെ പൊളിക്കുന്നതാണ് രാജേഷിന്റെ ചോദ്യങ്ങള്‍. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ആദ്യ ഘട്ടം മുതലുള്ള ബി.ജെ.പി നിലപാടുകളെയാണ് രാജേഷ് ചോദ്യം ചെയ്യുന്നത്.

രാജേഷിൻെറ ഫേസ്ബുക്ക് പോസ്റ്റ്

ഈ ചോദ്യങ്ങൾക്ക് ശ്രീധരൻ പിള്ള മറുപടി പറയുമോ?

1. ശബരിമലയുടെ കാര്യത്തിൽ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് ഭരണഘടനാ വിരുദ്ധമെന്ന് കണ്ടെത്തി റദ്ദാക്കിയ ഒരു നിയമം പുന:സ്ഥാപിക്കാൻ സംസ്ഥാന സർക്കാരിനോ കേന്ദ്രസർക്കാരിനോ കഴിയുമോ?

2. കേന്ദ്രസർക്കാർ ഓർഡിനൻസ് കൊണ്ടുവരാൻ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്രമന്ത്രി മേനകാഗാന്ധി പറഞ്ഞത് എന്തുകൊണ്ട് ?പിള്ള ആവശ്യപ്പെടുന്ന ഓർഡിനൻസിന്റെ മാതൃക തയ്യാറാക്കി സമൂഹത്തിന്റെ മുമ്പിൽ ചർച്ചക്ക് വക്കാൻ വക്കീലായ അങ്ങ് തയ്യാറുണ്ടോ?

3. ഭരണഘടനയുടെ അടിസ്ഥാനഘടനക്ക് എതിരായ നിയമം നിലനിൽക്കില്ലെന്ന് കേശവാനന്ദഭാരതി,ഗോലഖ് നാഥ്, ഇന്ദിര നെഹ്‌റു നാരയണന്‍, മേനക ഗാന്ധി എന്നീ കേസുകളില്‍ സുപ്രീംകോടതി ആവര്‍ത്തിച്ചു വ്യക്തമാക്കിയ വിധികള്‍ എൽ.എൽ.ബി പഠിക്കുന്ന വിദ്യാർത്ഥികൾക്കു പോലും അറിയുന്നതാണെന്നിരിക്കേ കൊല്ലം കുറേയായി കോട്ടുമിട്ട് കോടതിയിൽ പോകുന്ന പിള്ളക്ക് അറിയില്ലെന്നു പറയുന്നത് നാണക്കേടല്ലേ?.

4. നിയമപരമായി ഒരിക്കലും സാദ്ധ്യമല്ലാത്ത കാര്യത്തിനായി തെരുവിലിറങ്ങി അക്രമം നടത്തി രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നത് ഉത്തരവാദിത്തമുള്ള നേതാവിനും സംഘടനക്കും ചേർന്നതാണോ? അങ്ങിനെ ചെയ്തതിന് പിള്ള മാപ്പു പറയുമോ?

5. രാഷ്ട്രീയ ലക്ഷ്യത്തോടൊപ്പം ക്ഷേത്രങ്ങളിൽ പൂജാരിമാരായി അബ്രാഹ്മണരേയും ദളിതരേയുമെല്ലാം നിയമിച്ചു ചരിത്രം സൃഷ്ടിച്ച എൽ.ഡി.എഫ്. സർക്കാരിനോട് മനുസ്മൃതിയുടെ വക്താക്കളായ നിങ്ങൾക്കുള്ള പുളിച്ച ജാതിവിരോധം കൂടിയല്ലേ ഇപ്പോൾ നിങ്ങൾ കല്ലെറിഞ്ഞു തീർക്കുന്നത്.? അതുകൊണ്ടല്ലേ മുഖ്യമന്ത്രിയെപ്പോലും ജാതീയമായി അധിക്ഷേപിക്കുന്നത്?

6. സുവർണ്ണക്ഷേത്രം കയ്യടക്കി രക്തപ്പുഴ ഒഴുക്കിയ ഭിന്ദ്രൻവാലയുടെ തീവ്രവാദ സംഘവും ശബരിമലയിൽ താവളമടിച്ച് അയ്യപ്പനെപ്പോലും ബന്ദിയാക്കി അക്രമപ്പേക്കൂത്ത് നടത്തുന്ന നിങ്ങളും തമ്മിൽ എന്താണ് വ്യത്യാസം?

7.ശരണം വിളികളുയരുന്ന അയ്യപ്പ സവിധത്തിൽ അറക്കുന്ന തെറിവിളി നടത്തുകയും സ്ത്രീകളെ കയ്യേറ്റം ചെയ്യുകയും ഇരുമുടിക്കെട്ടെന്ന വ്യാജേന കല്ലു നിറച്ചു കൊണ്ടുവരികയും കറുപ്പുടുത്ത് യഥാർത്ഥ വിശ്വാസികൾക്കിടയിൽ നുഴഞ്ഞു കേറി നിഷ്‌ക്കളങ്ക വിശ്വാസികളെ മനുഷ്യകവചമാക്കി അക്രമം നടത്തുന്നതിനേക്കാൾ വലിയ അയ്യപ്പനിന്ദ മറ്റെന്താണുള്ളത്?

8. ഇപ്പോൾ തെരുവിലിറങ്ങുന്ന നിങ്ങളെന്തേ 12 വർഷം ശബരിമല കേസ് സുപ്രീം കോടതിയിൽ നടന്നിട്ടും കേസിൽ കക്ഷി ചേർന്ന് വാദങ്ങൾ സുപ്രീംകോടതിയിൽ അവതരിപ്പിച്ചില്ല.? (അങ്ങേക്ക് അതിനാവില്ലെങ്കിൽ അരുൺജെയ്റ്റ്‌ലി, രവിശങ്കർപ്രസാദ്, മീനാക്ഷിലേഖി എന്നീ ബി.ജെ.പി.നേതാക്കളായ വക്കീലന്മാരുടെ സഹായം തേടാമായിരുന്നില്ലേ?)

9. കേസ് നടക്കുന്ന ഘട്ടത്തിൽ അങ്ങയുടെ ജന. സെക്രട്ടറി കെ. സുരേന്ദ്രൻ എഫ്.ബി.പോസ്റ്റിലൂടെ ആർത്തവം പ്രകൃതിനിയമമാണെന്നും ശബരിമലയിൽ എല്ലാ സ്ത്രീകളെയും കയറ്റണമെന്നും പറഞ്ഞതിനോട് ഇപ്പോൾ എന്താണഭിപ്രായം?

10. വിധിവന്നയുടൻ അങ്ങും ബി.ജെ.പി.യും ആർ.എസ്.എസിന്റെ അഖിലേന്ത്യാ-സംസ്ഥാന നേതൃത്വങ്ങളും അങ്ങയുടെ മുഖപത്രമായ ജന്മഭൂമിയും അങ്ങയുടെ കേന്ദ്രമന്ത്രി മേനകാഗാന്ധിയും എം.പി.യായ സുബ്രഹ്മണ്യൻ സ്വാമിയുമൊക്കെ വിധിയെ അംഗീകരിച്ചതിനും സ്വാഗതം ചെയ്തതിനും ശേഷം പിന്നീട് ലജ്ജിപ്പിക്കും വിധം മലക്കം മറിഞ്ഞത് രാഷ്ട്രീയലാഭത്തിനായിട്ടല്ലേ?

11.നിങ്ങളും കോൺഗ്രസുമെല്ലാം ആദ്യം സ്വാഗതം ചെയ്ത സൂപ്രീംകോടതി വിധി നടപ്പാക്കാനുള്ള ഭരണഘടനാപരമായ ഉത്തരവാദിത്തം നിർവ്വഹിക്കുന്ന സർക്കാരിനെതിരെ നടത്തുന്ന അക്രമസമരം അയ്യപ്പസേവയോ അവസരവാദമോ?

12. സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി നടപ്പാക്കാതിരിക്കാൻ സർക്കാരിന് അധികാരമുണ്ടെന്ന് വക്കീലായ അങ്ങ് പറയുമോ?

13. എങ്കിൽ ശബരിമല പോലെ തന്നെ മഹാരാഷ്ട്രയിലെ ശിഘ്‌നാപൂർ ശനി ക്ഷേത്രത്തിലെ സ്ത്രീ വിലക്ക് നീക്കിയ ഹൈക്കോടതി വിധി അവിടത്തെ ബി.ജെ.പി. സർക്കാർ എന്തിനാണ് നടപ്പാക്കിയത്?

14.ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ കൊടുക്കാനുള്ള അവകാശം പോലും ഉപയോഗിക്കാതെ ബി.ജെ.പി. സർക്കാർ ഉടൻ നടപ്പാക്കിയിട്ട് ഇവിടെ കല്ലെറിയുന്നതിൽ എന്ത് ന്യായം?

15.തെരുവിൽ കല്ലെറിയുന്നതിനു പകരം നിങ്ങൾ എന്തേ വിധിക്കെതിരെ പുന:പരിശോധനാ ഹർജി കൊടുക്കുന്നില്ല ? ശബരിമലയോടുള്ള സ്‌നേഹമല്ല രാഷ്ട്രീയ ലക്ഷ്യമാണെന്നല്ലേ ഇത് വ്യക്തമാക്കുന്നത്?

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpimharthalTensionnsswomenkerala newsrahul easwarAdv. PS Sreedharan Pillaisabarimala verdictSabarimala NewsBJPsupreme court
News Summary - MB Rajesh fb post- kerala news
Next Story