സംസ്ഥാനത്ത് 10 സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റുകൾ ആരംഭിക്കുമെന്ന് എം.ബി രാജേഷ്
text_fieldsകൊച്ചി: മെയ് 31നകം സംസ്ഥാനത്ത് 10 സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റുകൾ ആരംഭിക്കുമെന്ന് മന്ത്രി എം.ബി രാജേഷ്. എളംകുളത്തെ സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് സന്ദർശിക്കുകയായിരുന്നു മന്ത്രി. മാലിന്യ സംസ്കരണത്തെക്കുറിച്ചുള്ള ജനങ്ങളുടെ ധാരണയിൽ മാറ്റം വരണം. അതിവിപുലമായ ഇടപെടലുകളാണ് സർക്കാർ ഇതിനായി നടത്തുന്നത്.
കക്കൂസ് മാലിന്യം ഉൾപ്പെടെ കൈകാര്യം ചെയ്യാൻ സംസ്ഥാനത്ത് കൂടുതൽ പ്ലാന്റുകൾ അനിവാര്യമാണ്. ജനങ്ങളെ വസ്തുതകൾ ബോധ്യപ്പെടുത്തി ഇത്തരം പ്ലാന്റുകൾ പ്രാവർത്തികമാക്കും. എളംകുളത്തെ അഞ്ച് എം.എൽ.ഡി ശേഷിയുള്ള സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിൽ കൊച്ചിയിലെ അഞ്ച് വാർഡുകളിലെ കക്കൂസ് മാലിന്യം ഉൾപ്പെടെയുള്ള മലിനജലമാണ് ശുദ്ധീകരിക്കുന്നത്. ഇതിനായി 1800 വീടുകളെ ഈ സംവിധാനവുമായി ബന്ധിപ്പിച്ചിട്ടുണ്ട്.
കൂടുതൽ വീടുകളെ ഈ ശൃംഖലയുമായി ബന്ധിപ്പിക്കാൻ 63 കോടി രൂപയുടെ പദ്ധതി റീബിൽഡ് കേരളയുടെ നേതൃത്വത്തിൽ നടക്കുകയാണ്. ഇതിന് പുറമേ അഞ്ച് എം.എൽ.ഡിയുടെ മറ്റൊരു പ്ലാന്റ് കൂടി നിലവിലെ പ്ലാന്റിനുള്ളിൽ തന്നെ നടപ്പിലാക്കുകയാണ്. ഇതോടെ ശേഷി 10 എം.എൽ.ഡിയായി വർധിക്കും. 185 കോടി രൂപയുടെ പദ്ധതിയിലൂടെ കൊച്ചിയിലെ അഞ്ച് വാർഡുകളിൽ കൂടി ഈ സംവിധാനം സാധ്യമാക്കും. നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
പ്ലാന്റിന്റെ നിലവിലെ പ്രവർത്തനവും നിർമ്മാണ പുരോഗതിയും മന്ത്രി വിലയിരുത്തി. തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ്, പ്രിൻസിപ്പൽ ഡയറക്ടർ എം.ജി രാജമാണിക്യം, നഗരകാര്യ ഡയറക്ടർ അരുൺ കെ.വിജയൻ, കേരള വാട്ടർ അതോറിറ്റി മാനേജിംഗ് ഡയറക്ടർ വെങ്കിടേഷ്പതി, കൊച്ചി കോർപ്പറേഷൻ സെക്രട്ടറി ബാബു അബ്ദുൾ ഖദീർ, ചെയർമെൻസ് ചെയർമാൻ എം.കൃഷ്ണദാസ് തുടങ്ങിയവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.