റസിഡന്റ്സ് അസോസിയേഷനുകളിൽനിന്ന് 2000 പേർ പങ്കെടുക്കുമെന്ന്എം.ബി. രാജേഷ്
text_fieldsകൊച്ചി: റസിഡന്റ്സ് അസോസിയേഷന്‍ പ്രതിനിധികളുമായുള്ള മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിൽ നിന്നുമായി 2000 പേർ പങ്കെടുക്കുമെന്ന് മന്ത്രി എം.ബി. രാജേഷ്. നവകേരള സദസ്സിന്റെ തുടര്‍ച്ചയായി സംഘടിപ്പിക്കുന്ന റസിഡന്റ്സ് അസോസിയേഷന്‍ പ്രതിനിധികളുമായുള്ള മുഖ്യമന്ത്രിയുടെ മുഖാമുഖത്തിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്താൻ ടൗൺഹാളിൽ സംഘടിപ്പിച്ച അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
മാര്‍ച്ച് മൂന്നിന് എറണാകുളം കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ രാവിലെ ഒമ്പതിന് റസിഡന്റ്സ് അസോസിയേഷന്‍ പ്രതിനിധികളുമായുള്ള മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടി ആരംഭിക്കും. ഹരിതചട്ടം പാലിച്ചായിരിക്കും പരിപാടി നടത്തുക. പരിപാടിയിൽ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തേണ്ട വിഷയങ്ങള്‍ സംക്ഷിപ്തമായി അവതരിപ്പിക്കാം. 50 ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി വേദിയിൽ മറുപടി നൽകും. ബാക്കി ചോദ്യങ്ങൾ എഴുതി നൽകുന്നതിന് അനുസരിച്ച് മുഖ്യമന്ത്രി രേഖാമൂലം മറുപടി നൽകുമെന്നും മന്ത്രി പറഞ്ഞു.
കാസർകോഡ് - 10, കണ്ണൂർ -120, വയനാട് - 10, കോഴിക്കോട് - 150, മലപ്പുറം - 150 , തൃശൂർ -150, പാലക്കാട് - 50, എറണാകുളം - 1000, ഇടുക്കി - 10, ആലപ്പുഴ -150, കോട്ടയം - 50 ,പത്തനംത്തിട്ട - 10, കൊല്ലം - 100,തിരുവനന്തപുരം - 150 എന്നിങ്ങനെയാണ് വിവിധ ജില്ലകളിൽ നിന്ന് പരിപാടിയിൽ പങ്കെടുക്കുന്ന റസിഡൻറ്സ് അസോസിയേഷൻ ഭാരവാഹികളുടെ എണ്ണം. മുഖാമുഖം പരിപാടി നടത്തിപ്പുമായി ബന്ധപെട്ട് സംഘാടക സമിതി അംഗങ്ങളെ നേരത്തെ തീരുമാനിച്ചിരുന്നു. കൊച്ചി കോർപ്പറേഷൻ മേയർ എം. അനിൽകുമാർ ചെയർമാനാണ്. കലക്ടർ എൻ.എസ്.കെ. ഉമേഷാണ് നോഡൽ ഓഫീസർ.
അവലോകന യോഗത്തിൽ മേയർ എം. അനിൽകുമാർ, തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിന്‍സില്‍ ഡയറക്ടര്‍ എം.ജി. രാജമാണിക്യം, കലക്ടർ എന്‍.എസ്.കെ. ഉമേഷ്, വികസനസ്റ്റാൻറിങ് കമ്മിറ്റി ചെയർമാൻ പി.ആർ റെനീഷ്, കൊച്ചി സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡ് സി.ഇ. ഒ. ഷാജി. വി. നായര്‍, കോണ്‍ഫെഡറേഷന്‍ ഓഫ് റസിഡെൻ്റ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.സി. അജിത് കുമാര്‍, സംസ്ഥാന വർക്കിങ് പ്രസിഡന്റ് മുരളീധരന്‍ പുതുക്കുടി, സംസ്ഥാന ട്രഷറര്‍ രംഗദാസ പ്രഭു തുടങ്ങിയവര്‍ അവലോകന യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.