വസ്തുനികുതിയുടെ പിഴപ്പലിശ 2024 മാർച്ച് 31 വരെ ഒഴിവാക്കിയെന്ന് എം.ബി രാജേഷ്
text_fieldsതിരുവനന്തപുരം: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ അടക്കേണ്ട വസ്തുനികുതിയുടെ പിഴപ്പലിശ 2024 മാർച്ച് 31 വരെ ഒഴിവാക്കിയെന്ന് മന്ത്രി എം.ബി രാജേഷ്. വസ്തു നികുതി പിരിവ് ഊർജിതപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി. വസ്തുനികുതി പരിഷ്കരണം നടപ്പിലാക്കിയ വർഷം എന്ന നിലയിലും ഇളവ് അനിവാര്യമാണെന്നാണ് സർക്കാർ വിലയിരുത്തൽ.
പരമാവധി പേർ വസ്തുനികുതി കുടിശിക അടച്ചുതീർക്കുന്നതിന് ഈ ഇളവ് സഹായിക്കും. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ വികസനപ്രവർത്തനങ്ങള്‍ക്ക് ഇത് പ്രയോജനപ്പെടും. ഇതിനകം തന്നെ വസ്തുനികുതിയോടൊപ്പം പിഴപ്പലിശ അടച്ചവർക്ക്, അടുത്ത വർഷത്തെ വസ്തുനികുതിയിൽ ഈ തുക ക്രമീകരിച്ചു നൽകുമെന്നും മന്ത്രി അറിയിച്ചു.
ഈ വർഷത്തെ മാത്രമല്ല, മുൻവർഷങ്ങളിലെ വസ്തുനികുതി കുടിശികയും പിഴപ്പലിശ ഇല്ലാതെ അടയ്ക്കാനാവും. വർഷങ്ങളായി നികുതി അടക്കാതെ വലിയ തുക കുടിശിക വരുത്തിയവരുണ്ട്. ഇത്തരക്കാർക്കും ഈ സൗകര്യം പ്രയോജനകരമാണ്. നികുതി കുടിശിക പിഴപ്പലിശ ഇല്ലാതെ അടക്കാനാവുന്ന ഈ സൗകര്യം പരമാവധി പേർ ഉപയോഗിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
ആറ് മാസത്തിലൊരിക്കലാണ് നിലവിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ വസ്തുനികുതി അടക്കേണ്ടത്. നിശ്ചിത സമയത്തിനകം നികുതി ഒടുക്കിയില്ലെങ്കിൽ മാസം രണ്ട് ശതമാനം എന്ന നിരക്കിൽ പിഴപ്പലിശ ചുമത്തുന്നു. ഈ തുകയാണ് സർക്കാർ ഇളവ് നൽകിയിരിക്കുന്നത്. സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ 2023-24 വർഷത്തെ വസ്തുനികുതി ഡിമാൻഡ് 2636.58 കോടി രൂപയാണെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.