അഭിമാനമായ നേട്ടമാണ് കിനാനൂർ കരിന്തളത്തെ കുടുംബശ്രീ പ്രവര്‍ത്തകര്‍ സ്വന്തമാക്കിതെന്ന് എം.ബി രാജേഷ്
text_fieldsതിരുവനന്തപുരം: കേരളത്തിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കാകെ അഭിമാനമായ നേട്ടമാണ് കിനാനൂർ കരിന്തളത്തെ കുടുംബശ്രീ പ്രവര്‍ത്തകര്‍ സ്വന്തമാക്കിതെന്ന് മന്ത്രി എം.ബി രാജേഷ്. രാജ്യത്തെ ഏറ്റവും മികച്ച സ്വയം സഹായ സംഘ കൂട്ടായ്മക്കുള്ള പുരസ്കാരം നേടിയ കാസര്‍കോട് ജില്ലയിലെ കിനാനൂർ കരിന്തളം കുടുംബശ്രീ സി.ഡി.എസിനെ മന്ത്രി അഭിനന്ദിച്ചു.
സി.ഡി.എസ് ഭാരവാഹികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ എന്നിവരെല്ലാം ഈ അഭിമാനകരമായ നേട്ടത്തിൽ ശ്രദ്ധേയമായ പങ്ക് വഹിച്ചു. അപ്മാസ് (ആന്ധ്രാപ്രദേശ് മഹിളാ അഭിവൃദ്ധി സൊസൈറ്റി) എന്ന എൻ.ജി.ഒ ആണ് എസ്.എച്ച്.ജി ഫെഡറേഷൻസ് അവാര്‍ഡ് സമ്മാനിക്കുന്നത്. ഇക്കുറി എസ്.ബി.ഐ, എഫ്.ഡബ്ല്യൂ ഡബ്ല്യൂ.ബി, എനേബിൾ നെറ്റ്‌വർക്ക് പ്രധാൻ, ഡി.ജി.ആർ.വി ജർമ്മൻ എന്നിവയുടെ സഹകരണത്തോടെയാണ് സ്വയം സഹായ സംഘങ്ങളുടെ കൂട്ടായ്മകൾക്കായി മത്സരം സംഘടിപ്പിച്ചത്.
രാജ്യത്ത് ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച 337 സ്വയം സഹായ സംഘ കൂട്ടയ്മകളോട് മത്സരിച്ചാണ് കിനാനൂർ കരിന്തളം സി.ഡി.എസ് ഈ നേട്ടം സ്വന്തമാക്കിയത്. ഭരണ നിർവ്വഹണം, വിഭവങ്ങൾ, ആസ്തി, സംവിധാനങ്ങൾ, ലാഭം, അംഗങ്ങൾക്കുള്ള ആനുകൂല്യങ്ങൾ, ഓരോ സ്വയം സഹായ സംഘത്തിന്റെയും പ്രകടനം എന്നിവയെല്ലാം വിലയിരുത്തിയായിരുന്നു അവാർഡ് നിർണയം.
ഒക്ടോബർ 10, 11 തീയതികളില്‍ ഹൈദരാബാദില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരം ഏറ്റുവാങ്ങും. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് സമ്മാനം. കഴിഞ്ഞ വർഷം ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച സ്വയം സഹായ സംഘങ്ങളുടെ കൂട്ടായ്മയ്ക്കുള്ള പുരസ്കാരം കാസർകോട് ജില്ലയിലെ പനത്തടി സി.ഡി.എസ് സ്വന്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.