ആധുനികവും ലോകോത്തരവുമായ നഗര സൗകര്യങ്ങള്‍ കൊച്ചിയില്‍ നടപ്പിലാക്കുന്നുവെന്ന് എം.ബി രാജേഷ്
text_fieldsകൊച്ചി: ആധുനികവും ലോകോത്തരവുമായ നഗര സൗകര്യങ്ങളാണ് കൊച്ചിയില്‍ നടപ്പിലാക്കുന്നതെന്ന് മന്ത്രി എം.ബി രാജേഷ്. എറണാകുളം ജനറല്‍ ആശുപത്രിയിലെ കാന്‍സര്‍ സ്‌പെഷാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി. ഇതിന് സ്മാര്‍ട്ട് സിറ്റിയുടെ ഫണ്ട് ഉപയോഗിച്ച് വരുകയാണെന്നും മന്ത്രി പറഞ്ഞു.
മികച്ച നിലവാരത്തിലുള്ള നടപ്പാത മറൈന്‍ ഡ്രൈവില്‍ ഒരുക്കി. പൊതുസ്ഥലങ്ങള്‍, കളിസ്ഥലങ്ങള്‍ ഇവയെല്ലാം സ്മാര്‍ട്ട്‌സിറ്റിയുടെ ഫണ്ട് ഉപയോഗിച്ച് വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ സമഗ്രമായ നഗരവികസനത്തിന് പ്രത്യേകം പ്രാധാന്യം നല്‍കി വരികയാണെന്നും കേരളം ആകെ ഒരു നഗരമായി മാറിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
കേന്ദ്രവും സംസ്ഥാനവും ചേര്‍ന്നതാണ് സ്മാര്‍ട്ട് സിറ്റി പദ്ധതി. 1070 കോടി രൂപയാണ് കൊച്ചി സ്മാര്‍ട്ട് സിറ്റിയുടെ പദ്ധതി തുക. കേന്ദ്രത്തിന്റെ വിഹിതം 500 കോടി രൂപ, സംസ്ഥാന സര്‍ക്കാര്‍ വിഹിതം 500 കോടി രൂപ. ബാക്കി 70 കോടി രൂപ കോര്‍പ്പറേഷന്റെയും വിഹിതമാണ്. സംസ്ഥാനവും കേന്ദ്രവും തുല്യമായ പങ്കാണ് വഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
പി ആന്റ് ടി കോളനി നിവാസികളെ പുനരധിവസിപ്പിക്കാന്‍ ഫ്‌ളാറ്റ് സമുച്ചയമൊരുക്കിയത് ലൈഫ് മിഷനും സ്മാര്‍ട്ടി സിറ്റിയും ചേര്‍ന്നാണ്. 192 കോടി രൂപ ഉപയോഗിച്ച് മറ്റൊരു ഭവന സമുച്ചയം കൊച്ചിയില്‍ ഒരുങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.
2024 മാര്‍ച്ച് 30 ആകുമ്പോഴേക്കും കേരളത്തെ സമ്പൂര്‍ണ്ണ ഖരമാലിന്യ മുക്ത സംസ്ഥാനമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെഉള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. മുഖ്യമന്ത്രി തന്നെ ശുചിത്വ പ്രതിജ്ഞ ചൊല്ലി തന്നത് സംസ്ഥാന സര്‍ക്കാര്‍ മാലിന്യമുക്തം നവകേരളം ക്യാമ്പയിനെ എത്ര പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത് എന്നതിന് തെളിവാണ്. ഇനി എല്ലാ സര്‍ക്കാര്‍ പരിപാടികളിലും ശുചിത്വ പ്രതിജ്ഞ എടുക്കണമെന്നാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.