മയക്കുമരുന്നിനെതിരെ ജനുവരി 26ന് ലഹരിയില്ലാ തെരുവ് നടത്തുമെന്ന് എം.ബി രാജേഷ്
text_fieldsതിരുവനന്തപുരം : മയക്കുമരുന്നിനെതിരെയുള്ള സര്‍ക്കാര്‍ പ്രചാരണത്തിന്‍റെ രണ്ടാം ഘട്ടം ജനുവരി 26ന് ലഹരിയില്ലാ തെരുവ് പരിപാടിയോടെ അവസാനിക്കുമെന്ന് മന്ത്രി എം.ബി രാജേഷ് അറിയിച്ചു. രണ്ടാം ഘട്ട പ്രചാരണത്തിന്‍റെ ഭാഗമായി, മയക്കുമരുന്നിനെതിരെ ഫുട്ബോള്‍ ലഹരി എന്ന മുദ്രാവാക്യമുയര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച ഗോള്‍ ചലഞ്ചില്‍ 2,01,40,526 ഗോളുകളടിച്ചു.
നവംബര്‍ 16നാണ് ഗോള്‍ ചലഞ്ച് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. എക്സൈസ്, കായികവകുപ്പ്, വിദ്യാഭ്യാസം, കുടുംബശ്രീ, യുവജനസംഘടനകള്‍, സ്പോര്‍ട്സ് കൗൺസില്‍, തദേശ സ്വയം ഭരണം തുടങ്ങി എല്ലാ എല്ലാ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെ സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളിലും സ്കൂളിലും കോളേജുകളിലും പൊതുവിടങ്ങളിലും ഗോള്‍ ചലഞ്ച് സംഘടിപ്പിച്ചിരുന്നു. ലോകകപ്പ് ഫുട്ബോളിന്‍റെ കൂടി പശ്ചാത്തലത്തില്‍ മയക്കുമരുന്നിനെതിരെ വലിയ മുന്നേറ്റമുണ്ടാക്കാൻ ഗോള്‍ ചലഞ്ചിന് കഴിഞ്ഞെന്ന് മന്ത്രി പറഞ്ഞു.
ഗോള്‍ ചലഞ്ചിന്‍റെ ഭാഗമായി ഏറ്റവുമധികം ഗോളുകളടിച്ചത് മലപ്പുറം ജില്ലയിലാണ്. 28,30,063 ഗോളുകളാണ് മലപ്പുറത്ത് പിറന്നത്. കോഴിക്കോട് 23,88,851 ഗോളുകളും തിരുവനന്തപുരത്ത് 20,22,595 ഗോളുകളുമടിച്ചു. ഓരോ ജില്ലയിലുമടിച്ച ഗോളുകളുടെ കണക്ക് ചേര്‍ക്കുന്നു. കാസര്‍ഗോഡ് 866184, കണ്ണൂര്‍ 1828833, വയനാട് 412650, കോഴിക്കോട് 2388851, മലപ്പുറം 2830063, പാലക്കാട് 1409934, തൃശൂര്‍ 1444619, എറണാകുളം 1622311, ഇടുക്കി 549282, കോട്ടയം 1305505, ആലപ്പുഴ 965503, പത്തനംതിട്ട 595496, കൊല്ലം 1898700, തിരുവനന്തപുരം 2022595. ആകെ 20140526.
നവംബര്‍ 14ന് ആരംഭിച്ച രണ്ടാം ഘട്ട ലഹരി വിരുദ്ധ പ്രചാരണമാണ് ജനുവരി 26ന് അവസാനിക്കുന്നത്. ആദ്യഘട്ട പ്രചാരണം ഒക്ടോബര്‍ ആറിന് ആരംഭിച്ച് നവംബര്‍ ഒന്നിന് ഒരു കോടി ആളുകള്‍ അണിനിരന്ന ലഹരി വിരുദ്ധ ശൃംഖലയോടെ സമാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.