Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസീതാറാം യെച്ചൂരിയുടെ...

സീതാറാം യെച്ചൂരിയുടെ വിടവാങ്ങൽ വിശ്വസിക്കാനും ഉൾക്കൊള്ളാനും കഴിയുന്നില്ലെന്ന് എം.ബി. രാജേഷ്

text_fields
bookmark_border
സീതാറാം യെച്ചൂരിയുടെ വിടവാങ്ങൽ വിശ്വസിക്കാനും ഉൾക്കൊള്ളാനും കഴിയുന്നില്ലെന്ന് എം.ബി. രാജേഷ്
cancel

തിരുവനന്തപുരം: സീതാറാം യെച്ചൂരിയുടെ വിടവാങ്ങൽ വിശ്വസിക്കാനും ഉൾക്കൊള്ളാനും അനേകം പേരെ പോലെ എനിക്കും കഴിയുന്നിന്നില്ലെന്ന് മന്ത്രി എം.ബി രാജേഷ്. സ്കൂളിൽ പഠിക്കുമ്പോൾ കോളജിലെ എസ്എഫ്ഐ നേതാക്കളിൽ നിന്ന് കേട്ട പേരാണ് സീതാറാം യെച്ചൂരി എന്നത്. പഠിക്കുക പോരാടുക എന്നാൽ സീതാറാമിനെയും പ്രകാശ് കാരാട്ടിനെയും പോലെയാണെന്ന് അവർ ഞങ്ങൾക്ക് പറഞ്ഞുതന്നു. സീതാറാം സി.ബി.എസ്.ഇക്ക് ഒന്നാം റാങ്ക് നേടിയതും ജെ.എൻ.യുവിൽ നിന്ന് എക്കണോമിക്സിന് റെക്കോർഡ് മാർക്ക് നേടിയതും അടിയന്തരാവസ്ഥക്കെതിരെ സമരം ചെയ്ത് ജയിലിൽ പോയതും ജെഎൻയു യൂണിയൻ പ്രസിഡണ്ടായി ഹാട്രിക് വിജയം നേടിയതും എല്ലാം കേട്ടുവളർന്ന എസ്.എഫ്.ഐ കാലമായിരുന്നുവെന്ന് ഫേസ് ബുക്ക് പോസ്റ്റിൽ മന്ത്രി എം.ബി. രാജേഷ് കുറിച്ചു.

മന്ത്രി എം.ബി. രാജേഷിന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

ഒരിക്കലും എഴുതേണ്ടി വരുമെന്ന് ചിന്തിച്ചിട്ടില്ലാത്ത ഒരു ഓർമ്മക്കുറിപ്പാണിത്. എനിക്ക് ഏറെ സ്നേഹവും ആദരവും തോന്നിയ നേതാക്കളിൽ ഒരാളെക്കുറിച്ചുള്ളത്. സീതാറാം യെച്ചൂരിയുടെ വിടവാങ്ങൽ വിശ്വസിക്കാനും ഉൾക്കൊള്ളാനും അനേകം പേരെ പോലെ എനിക്കും കഴിയുന്നില്ല.

ഏതാനും ദിവസങ്ങളായി ആശങ്കപ്പെടുത്തുന്ന വിവരങ്ങൾ വന്നുകൊണ്ടിരുന്നപ്പോഴും അദ്ദേഹം അത്ഭുതപ്പെടുത്തിക്കൊണ്ട് ജീവിതത്തിലേക്ക് തിരിച്ചു വരുമെന്ന് തന്നെ ഞാൻ പ്രതീക്ഷിച്ചിരുന്നു. അതിന് എനിക്കൊരു കാരണവും ഉണ്ടായിരുന്നു. മാസങ്ങൾക്ക് മുമ്പ് എൻറെ അമ്മ ഹൃദയശസ്ത്രക്രിയക്ക് തൊട്ടു പിന്നാലെ ശ്വാസകോശ അണുബാധയെ തുടർന്ന് ദിവസങ്ങളോളം അതീവ ഗുരുതരാവസ്ഥയിൽ കഴിഞ്ഞ്, അത്ഭുതകരമായി തിരിച്ചുവന്നതുപോലെ സീതാറാമും വരുമെന്നായിരുന്നു വിശ്വാസം. അമ്മയേക്കാൾ പ്രായം കുറഞ്ഞ, ആരോഗ്യവാനും ഊർജ്ജസ്വലനുമായ സീതാറാമിനെ എന്തായാലും പ്രസന്നമായ ഒരു പുഞ്ചിരിയോടെ നമുക്കിടയിൽ ഇനിയും കാണാനാവും എന്നു തന്നെ കരുതി. എല്ലാം വിഫലമായിരിക്കുന്നു.

ഓർമ്മകൾ ഒരുപാടുണ്ട്. എല്ലാം ഇവിടെ പങ്കുവെച്ചാൽ വളരെ ദീർഘമായിപ്പോകും. അത് മറ്റൊരിടത്താകാം. സ്കൂളിൽ പഠിക്കുമ്പോൾ കോളജിലെ എസ്എഫ്ഐ നേതാക്കളിൽ നിന്ന് കേട്ട പേരാണ് സീതാറാം യെച്ചൂരി എന്നത്. പഠിക്കുക പോരാടുക എന്നാൽ സീതാറാമിനെയും പ്രകാശ് കാരാട്ടിനെയും പോലെയാണെന്ന് അവർ ഞങ്ങൾക്ക് പറഞ്ഞുതന്നു. സീതാറാം സി.ബി.എസ്.ഇക്ക് ഒന്നാം റാങ്ക് നേടിയതും ജെ.എൻ.യുവിൽ നിന്ന് എക്കണോമിക്സിന് റെക്കോർഡ് മാർക്ക് നേടിയതും അടിയന്തരാവസ്ഥക്കെതിരെ സമരം ചെയ്ത് ജയിലിൽ പോയതും ജെഎൻയു യൂണിയൻ പ്രസിഡണ്ടായി ഹാട്രിക് വിജയം നേടിയതും എല്ലാം കേട്ടുവളർന്ന എസ്.എഫ്.ഐ കാലമായിരുന്നു ഞങ്ങളുടേത്.

ആ സീതാറാമിനെ ഞാൻ പരിചയപ്പെടുന്നത് അദ്ദേഹം പാർടി പൊളിറ്റ് ബ്യൂറോ അംഗവും ഞാൻ എസ്എഫ്ഐ സെക്രട്ടറിയുമായിരിക്കുമ്പോഴാണ്. ഇപ്പോൾ ഏതാണ്ട് കാൽ നൂറ്റാണ്ടായി. ഇതിനിടയിൽ എത്രയോ വേദികളിൽ അനർഗളമായി ഒഴുകുന്ന ആശയപ്രവാഹമായ ആ മനോഹര പ്രസംഗം ആസ്വദിച്ച് പരിഭാഷപ്പെടുത്താനുള്ള ഭാഗ്യമുണ്ടായി. ഒരുമിച്ച് യാത്ര ചെയ്യാനായി.

ആ യാത്രകളിൽ പഴയ ജെ എൻ യു കഥകളും ഫിദലിനെയും അറാഫത്തിനെയും ദെങ് സിയാവോ പിങ്ങിനെയും മുതൽ ഒബാമയെ വരെ അദ്ദേഹം കണ്ട അനുഭവങ്ങൾ വിസ്മയത്തോടെ കേട്ടു. ടെന്നീസും ഫുട്ബോളും ക്രിക്കറ്റും മുതൽ ചെമ്പൈയും മൊസാർട്ടും പഴയ ഹിന്ദി ഗാനങ്ങളും വരെ പരന്നുകിടക്കുന്ന അദ്ദേഹത്തിൻ്റെ വൈവിധ്യമാർന്ന ഇഷ്ടങ്ങൾ അറിഞ്ഞു. ഇംഗ്ലീഷിനും ഹിന്ദിക്കും പുറമേ തെലുങ്കും തമിഴും ഉർദുവും ബംഗാളിയും വഴങ്ങുന്ന ബഹുഭാഷാ പ്രാവീണ്യവും മാർക്സ് , ഏംഗൽസ്, ലെനിൻ മുതൽ ഫൈസ് അഹമ്മദ് ഫൈസിൻ്റെയും ദാരാഷുക്കോവിൻ്റേയും ഇക്ബാലിൻ്റേയും വരെയുള്ള ഉദ്ധരണികൾ അനായാസം ഓർത്തെടുക്കുന്ന വായനയുടെ വ്യാപ്തിയും ഓർമ്മയുടെ കൂർമ്മതയും ആദരവോടെ മനസ്സിലാക്കിയിട്ടുണ്ട്.

രസികൻ ഉദാഹരണങ്ങളും യുക്തികളും കൊണ്ട് ഗഹനമായ ദാർശനിക, രാഷ്ട്രീയ പ്രശ്നങ്ങൾക്ക് ഉത്തരം നൽകാനുള്ള വൈഭവം കണ്ടിട്ടുണ്ട്. 62 പേരുള്ള ഇടതുപക്ഷത്തിന് ഒന്നാം യുപിഎ സർക്കാരിൻ്റെ നയങ്ങൾ നിർണയിക്കാനുള്ള ശക്തി ഇല്ലാത്തതുകൊണ്ടാണ് സർക്കാരിൽ ചേരാത്തത് എന്ന് വിശദീകരിക്കാൻ സീതാറാമിന്റെ ഉദാഹരണം ഇതായിരുന്നു, "സാധാരണ പട്ടി വാലാട്ടുകയാണ് പതിവ്. വാലിന് പട്ടിയുടെ തലയാട്ടാനാവില്ല".

മന്ത്രിയായ ശേഷം കണ്ടപ്പോൾ എന്നോട് ചോദിച്ചു, "രാജേഷ് യു ആർ നൗ ഹോൾഡിങ് എക്സൈസ് ഓൾസോ? സോ യു ആർ ഏണിങ് മണി ആൻഡ് ബാലഗോപാൽ ഈസ് സ്പെൻഡിങ് ഇറ്റ്". എന്നിട്ട് നിഷ്കളങ്കമായ ഒരു പൊട്ടിച്ചിരിയും. സ്പീക്കർ ആയിരിക്കെ പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിനുള്ള ഉത്തരം സീതാറാം ആണ് എനിക്ക് പറഞ്ഞ് തന്നത്. ബൽറാം ജാക്കറെ പോലുള്ള സ്പീക്കർമാർ എ ഐ സി സി സമ്മേളനങ്ങളിൽ പങ്കെടുത്ത കാര്യം മറുപടിയായി പറഞ്ഞാൽ മതി എന്നായിരുന്നു ഉപദേശം.

ഒരിക്കൽ അത്താഴത്തിന് പാലക്കാട്ടെ വീട്ടിൽ വന്നപ്പോൾ പുട്ട് കഴിച്ച സീതാറാം പുട്ടിന്റെ പോർച്ചുഗീസ് ബന്ധവും ചരിത്രവും പറഞ്ഞുതന്നു. പഴുത്ത മാങ്ങ രുചിച്ചയുടൻ അദ്ദേഹം അതിന്റെ പേര് ഹിമാം പസന്ത് എന്നാണെന്നും നെഹ്റുവിന് വളരെ ഇഷ്ടമായിരുന്നു എന്നും പറഞ്ഞു. ഏതു ചെറിയ കാര്യത്തെക്കുറിച്ചും ഇങ്ങനെ നമുക്കറിയാത്ത അനേകം കാര്യങ്ങൾ അദ്ദേഹത്തിന് പറയാനുണ്ടാവും.

മാർക്സിസത്തിലുള്ള അഗാധ പാണ്ഡിത്യവും ഏതൊരു വിഷയത്തെയും അതിൻ്റെ വെളിച്ചത്തിൽ വിശകലനം ചെയ്യാനുള്ള കഴിവുമാണ് സീതാറാമിൻ്റെ ' പ്രത്യേകത. അത് സമ്പദ്ഘടനയാവട്ടെ, വിദേശനയം ആവട്ടെ, വർഗീയതയാവട്ടെ, സംസ്കാരമോ സ്പോർട്സോ എന്തുമാവട്ടെ; സീതാറാമിൻ്റെ വിശകലനങ്ങൾക്ക് ഒരു മൗലികതയുണ്ടാവും. പാർലമെന്റിലോ സെമിനാർ ഹാളിലോ മൈതാനങ്ങളിലെ റാലികളിലോ എവിടെയുമാവട്ടെ, ആശയ ഗാംഭീര്യം കൊണ്ട് സദസ്സിനെ കാന്തികശക്തി കൊണ്ടെന്നപോലെ ആകർഷിക്കുന്ന പ്രഭാഷകനാണ് അദ്ദേഹം. പാർലമെന്റിൽ ശബ്ദഘോഷങ്ങളോ ആക്രോശങ്ങളോ ഇല്ലാതെ അറിവിൻ്റെ ഔന്നത്യവും ആശയങ്ങളുടെ വ്യക്തതയും കൊണ്ടാണ് അദ്ദേഹം എതിരാളിയുടെ വാദമുഖങ്ങളെ എയ്തു വീഴ്ത്തിയിരുന്നത്.

ഇന്ത്യൻ പാർലമെൻ്ററി ചരിത്രത്തിലെ ഏറ്റവും ഗംഭീരമായ ഒരു പ്രസംഗം ഭരണഘടനാ ദിന പ്രത്യേക സംവാദത്തിൽ അദ്ദേഹം നടത്തിയതാണ്. അദ്ദേഹത്തിന് മാത്രം നടത്താൻ കഴിയുന്ന ഒരു ക്ലാസിക് പ്രസംഗമായിരുന്നു അത്. തൊണ്ണൂറുകളുടെ തുടക്കം മുതൽ അദ്ദേഹം ഹിന്ദുത്വ വർഗീയതയെയും ആഗോളവൽക്കരണത്തെയും കുറിച്ച് പണ്ഡിതോചിതമായും എന്നാൽ ലളിതമായും എഴുതുകയും പ്രസംഗിക്കുകയും ചെയ്തുകൊണ്ടിരുന്നു. ഗാട്ട് കരാറിനെ കുറിച്ച് ഇന്ത്യയിൽ ആദ്യം ഇറങ്ങിയ ആധികാരികമായ വിശകലനങ്ങളിൽ ഒന്ന് സീതാറാമിന്റേതായിരുന്നു.

അദ്ദേഹം രാജ്യസഭയിൽ പ്രവർത്തിച്ച കാലത്ത് ലോക്സഭയിൽ പ്രവർത്തിക്കാനായതും വലിയൊരു അനുഭവമായിരുന്നു. അദ്ദേഹം നൽകിയ പിന്തുണയും പകർന്ന ആത്മവിശ്വാസവും അത്ര വലുതായിരുന്നു. ഇംഗ്ലീഷ്, ഹിന്ദി മാധ്യമങ്ങളോട് ഇടപെടാൻ അദ്ദേഹം നൽകിയ ധൈര്യവും പ്രോത്സാഹനവും വിലപ്പെട്ടതായിരുന്നു.

പ്രിയ സഖാവേ, ഇന്നത്തെ ഇന്ത്യയ്ക്ക് കുറേക്കാലം കൂടി അങ്ങയെ ആവശ്യമുണ്ടായിരുന്നു. അങ്ങയുടെ ആശയ തെളിച്ചമുള്ള വാക്കുകളും പ്രസന്നമായ സാന്നിധ്യവും ഞങ്ങൾ സഖാക്കളും രാജ്യവും വല്ലാതെ മിസ്സ് ചെയ്യും. പക്ഷേ ജീവിതം കൊണ്ട് പ്രസരിപ്പിച്ച സമരോർജ്ജത്താലും ആശയ പ്രകാശത്താലും ഒളിമങ്ങാത്ത ഓർമ്മയായി സഖാവ് സീതാറാം യെച്ചൂരി ഞങ്ങളുടെ ഹൃദയത്തിൽ ഉണ്ടാവും.

Red Salute Comrade Sitaram Yechury

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sitaram YechuryMinister MB Rajesh
News Summary - MB Rajesh said that Sitaram Yechury's departure could not be believed and understood.
Next Story