കെട്ടിട നിർമാണ പെർമിറ്റ് ഇനി 15 വർഷത്തേക്ക്
text_fieldsതിരുവനന്തപുരം: പെർമിറ്റ് കാലാവധി 15 വർഷത്തേക്ക് ദീർഘിപ്പിച്ചതടക്കം കെട്ടിടനിർമാണ ചട്ടങ്ങളിൽ പരിഷ്കാരങ്ങൾ പ്രഖ്യാപിച്ച് തദ്ദേശവകുപ്പ്. കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട് മാത്രം 106 ചട്ടങ്ങളിലായി സർക്കാറിന് മുന്നിൽവന്ന 351 ഭേദഗതി നിർദേശങ്ങളിൽനിന്നാണ് ഈ ഇളവുകൾ പ്രഖ്യാപിക്കുന്നതെന്ന് തദ്ദേശ മന്ത്രി എം.ബി. രാജേഷ് വാർത്തസമ്മേളനത്തിൽ അറിയിച്ചു.
കെട്ടിട നിർമാണ പെർമിറ്റ് കാലാവധി നിലവിൽ അഞ്ചുവർഷമാണ്. അഞ്ചുവർഷത്തേക്ക് കൂടി നീട്ടാൻ നിലവിൽ വ്യവസ്ഥയുണ്ട്. വീണ്ടും നീട്ടുന്നത് ശ്രമകരമാണ്. അതിനാൽ പ്രവൃത്തിയുടെ ആവശ്യം അനുസരിച്ച് പരമാവധി 5 വർഷത്തേക്ക് കൂടി (മൊത്തം 15 വർഷം) ലളിതമായ നടപടികളിലൂടെ കാലാവധി നീട്ടുന്നതിനാണ് അനുമതി. നിർമാണ പ്ലോട്ടിൽ പാർക്കിങ് വേണമെന്ന നിബന്ധനയിലും ഇളവ് അനുവദിക്കും.
തൊട്ടടുത്തുള്ള പ്ലോട്ടിൽ കൂടി പാർക്കിങ് അനുമതി നല്‍കുന്നതാണ് പരിഗണിക്കുന്നത്. കെട്ടിട നിർമാണ രംഗത്ത് വലിയ മാറ്റം ഇതുവഴി ഉണ്ടാകും.
അതേ ഉടമസ്ഥന്റെ പേരിലുള്ള സമീപ പ്ലോട്ടിൽ കൂടി പാർക്കിങ് സംവിധാനം അനുവദിക്കും. 25 ശതമാനം പാർക്കിങ് എങ്കിലും നിർമാണം നടക്കുന്ന പ്ലോട്ടിലും ബാക്കി 75 ശതമാനം വരെ സമീപ പ്ലോട്ടിലും പാർക്കിങ് ആകാം. ഗാലറി ഇല്ലാത്ത ടർഫുകളുടെ പാർക്കിങ് വ്യവസ്ഥയിലും ഇളവ് നല്‍കും.
കെട്ടിട നിർമാണ പെർമിറ്റ് അപേക്ഷകൾ നിരസിക്കപ്പെട്ടാൽ അപ്പീൽ നൽകാൻ ജില്ല തലത്തിൽ സംവിധാനം ഏർപ്പെടുത്തുന്നത് പരിശോധിക്കും. നിലവിൽ അപ്പീൽ നൽകേണ്ടത് തദ്ദേശ സ്ഥാപന ട്രൈബ്യൂണലിലാണ്. ഇത് തിരുവനന്തപുരത്ത് മാത്രമാണുള്ളത്.
റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രവർത്തിക്കുന്നവർ വിൽക്കുന്ന ചെറുപ്ലോട്ടുകൾക്ക് കെട്ടിട നിർമാണ പെർമിറ്റ് നിഷേധിക്കുന്ന സാഹചര്യമുണ്ട്. അത് ഒഴിവാക്കാൻ ചട്ടങ്ങൾ ഭേദഗതി ചെയ്യും. ഹരിതകര്‍മ സേനയുടെ പ്രവര്‍ത്തനത്തിലും മാറ്റങ്ങൾ മന്ത്രി പ്രഖ്യാപിച്ചു. പാഴ്വസ്തു ശേഖരണ കലണ്ടറിന് പുറത്ത് ഉപഭോക്താക്കൾക്ക് ആവശ്യമെങ്കിൽ പ്രത്യേക തുക ഈടാക്കി മാലിന്യം ശേഖരിക്കുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
വ്യാപാര ലൈസൻസ് ഫീസ് പരിഷ്കരിക്കും
തദ്ദേശ സ്ഥാപനങ്ങൾ നൽകുന്ന വ്യാപാര- വാണിജ്യ- വ്യവസായ- സേവന ലൈസൻസ് ഫീസ് കണക്കാക്കുന്നതിനുള്ള സ്ലാബുകൾ പരിഷ്കരിക്കും. കൂടുതൽ സ്ലാബുകൾ കൊണ്ടുവരും. നഗരസഭകളിൽനിന്നും വ്യാപാര ലൈസൻസ് എടുക്കാൻ വൈകിയാൽ ചുമത്തുന്ന പിഴയിൽ കുറവുവരുത്തും. നിലവിൽ യഥാർഥ ലൈസൻസ് ഫീസിന്റെ മൂന്നും നാലും ഇരട്ടിവരെ പിഴ വരുന്ന സാഹചര്യമുണ്ട്. വീടുകളോട് ചേർന്ന് പ്രവർത്തിക്കുന്ന ചെറുകിട സ്ഥാപനങ്ങൾക്ക് ലൈസൻസ് ലഭിക്കുന്ന തരത്തിൽ ലൈസൻസ് ചട്ടങ്ങൾ ഭേദഗതി ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.