ലഹരിക്കെതിരെ ജാഗ്രതയോടെയുള്ള ഇടപെടലാണ് എക്‌സൈസ് വകുപ്പ് നടത്തുന്നതെന്ന് എം.ബി രാജേഷ്
text_fieldsകൊച്ചി: ലഹരിക്കെതിരെ ജാഗ്രതയോടെയുള്ള ഇടപെടലാണ് എക്‌സൈസ് വകുപ്പിലൂടെ സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് മന്ത്രി എം.ബി രാജേഷ്. ജില്ലയില്‍ നടപ്പാക്കുന്ന ലഹരി വിരുദ്ധ ബോധവത്കരണ മാതൃക പരിപാടിയായ 'ലഹരിരഹിത മാതൃകായിടം പദ്ധതി'യുടെ ജില്ലാതല ഉദ്ഘാടനം സെന്റ് തെരസാസ് കോളജില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
സാമൂഹ്യ ജീവിതത്തിനുമേലുള്ള ഗുരുതര ഭീഷണിയാണ് ലഹരി. മയക്കുമരുന്ന് ശ്യംഖലയുടെ വലയില്‍ അകപ്പെടുന്നവരെ അതില്‍ നിന്നും മോചിപ്പിച്ച് ശാസ്ത്രീയ ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വരുന്നതിനു സമൂഹം ഒറ്റക്കെട്ടായി നില്‍ക്കണം. ഒരു ലക്ഷത്തിലേറെ പേര്‍ക്ക് വിമുക്തി മിഷനിലൂടെ ചികിത്സ നല്‍കാനായെന്നും ലഹരി ഉപയോഗത്തില്‍ ദേശീയ ശരാശരിയെക്കാള്‍ താഴെയാണ് കേരളമെന്നും മന്ത്രി പറഞ്ഞു.
എക്‌സൈസ് വകുപ്പിന് കീഴിലുള്ള വിമുക്തി മിഷനും ഹിന്ദുസ്ഥാന്‍ ലൈഫ് കെയര്‍ ലിമിറ്റഡും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും സംയുക്തമായാണ് ജില്ലയില്‍ ലഹരിരഹിത മാതൃകായിടം പദ്ധതി ആവിഷ്‌കരിക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ലഹരിരഹിത മാതൃകായിടമായി മാറ്റിയെടുക്കുന്നതിന് നഗരപ്രദേശത്തെ പ്രതിനിധീകരിച്ച് കൊച്ചി കോര്‍പ്പറേഷനു കീഴിലുള്ള ഗാന്ധിനഗര്‍ ഡിവിഷനിലെ ഉദയ കോളനിയെയും ഗ്രാമ പ്രദേശത്തെ പ്രതിനിധീകരിച്ച് മണീട് പഞ്ചായത്തിനെയുമാണ് തിരഞ്ഞെടുത്തിട്ടുള്ളത്.
2024 മാര്‍ച്ച് വരെ നീണ്ടുനില്‍ക്കുന്ന പദ്ധതിയിലൂടെ കേരളത്തിലെ മറ്റ് പഞ്ചായത്തുകള്‍ക്ക് മാതൃകയാകും വിധം മണീട് പഞ്ചായത്തിനെ മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും. അതിനായി ബോധവല്‍ക്കരണം, സര്‍വ്വേ, പരിശീലനം, ലഹരിക്കെതിരെ കലാ-കായിക പരിപാടികള്‍, മെഡിക്കല്‍ കാമ്പ്, ഓണ്‍ലൈന്‍-സോഷ്യല്‍ മീഡിയ പരിപാടികള്‍, ക്രിസ്മസ്-പുതുവത്സര ക്യാമ്പ്, വിമുക്തി മിഷന്റെ വിവിധ പദ്ധതികളായ പദ്ധതികള്‍ നടപ്പാക്കല്‍, ലഹരിക്ക് അടിപ്പെട്ടവര്‍ക്ക് കൗണ്‍സിലിങ്, ചികിത്സ തുടങ്ങിയ സേവനങ്ങള്‍, സി.സി.ടി.വി സ്ഥാപിക്കല്‍, പി.എസ് സി കോച്ചിങ് ഉള്‍പ്പെടെയുള്ള ബൃഹത്തായ പദ്ധതിയാണ് ആവിഷ്‌കരിച്ചിരിക്കുന്നത്.
ലഹരിയുടെ ഹബ്ബ് എന്ന വിശേഷണം മാറ്റിയെടുക്കുന്നതിനാണ് കൊച്ചി നഗരത്തിന്റെ ഹൃദയഭാഗത്തുള്ള ഗാന്ധിനഗര്‍ ഉദയ കോളനിയില്‍ പദ്ധതി നടപ്പാക്കുന്നത്. അതിനായി യുവതലമുറ ഉള്‍പ്പെടെ എല്ലാ ജനങ്ങളെയും കലാ-കായിക, സാംസ്‌കാരിക, വിദ്യാഭ്യാസ, കാര്‍ഷിക മേഖലകളിലേക്ക് കൂടുതല്‍ ആകര്‍ഷിപ്പിച്ച് ലഹരിയില്‍ നിന്നും മോചിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കും. മണീട് ഗ്രാമപഞ്ചായത്തിലും ഉദയ കോളനിയിലും പദ്ധതി വിജയകരമാകുന്ന മുറക്ക് ജില്ലയില്‍ മുഴുവനായും പദ്ധതി വ്യാപിപ്പിക്കും.
എറണാകുളം സെന്റ് തെരേസാസ് കോളജില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ടി.ജെ വിനോദ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് മാലിന്യ മുക്ത പ്രതിജ്ഞയും എക്‌സൈസ് ഡെപ്യൂട്ടി കമീഷണര്‍ ബി. ടെനിമോന്‍ ലഹരിവിരുദ്ധ പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു. കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ബിന്ദു ശിവന്‍, എക്‌സൈസ് കമീഷണര്‍ മണിപാല്‍ യാദവ്, വിമുക്തി മിഷന്‍ സി.ഇ.ഒ: ഡി.രാജീവ്, ജോയിന്റ് എക്‌സസൈസ് കമീഷണര്‍ എന്‍. അശോക് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.