എക്‌സൈസ് വകുപ്പിനെ നവീകരിക്കുക എന്നതാണ് സർക്കാർ നയമെന്ന് എം.ബി. രാജേഷ്
text_fieldsതിരുവനന്തപുരം: എക്‌സൈസ് വകുപ്പിനെ ആധുനിക വൽക്കരിക്കുക എന്നതിനാണ് സംസ്ഥാന സർക്കാർ ഊന്നൽ നൽകുന്നതെന്ന് മന്ത്രി എം.ബി. രാജേഷ്. അമരവിള എക്‌സൈസ് റേഞ്ച് ഓഫീസ് കെട്ടിട നിർമാണ ഉദ്ഘാടനം അമരവിളയിലെ ഓഫീസ് അങ്കണത്തിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. പുതിയ കാലത്തെ വെല്ലുവിളികൾ നേരിടാൻ എക്‌സൈസ് വകുപ്പിനെ പ്രാപ്തമാക്കുകയാണ് ചെയ്യുന്നത്.
15 വർഷം മുമ്പ് നേരിടുന്ന വെല്ലുവിളികൾ അല്ല ഇന്ന് വകുപ്പ് അഭിമുഖീകരിക്കുന്നത്. മയക്കുമരുന്ന് വലിയ വിപത്തായി കേരളത്തിൽ മാറിയിട്ടുണ്ട്. നിറം, മണം അല്ലെങ്കിൽ മറ്റേതെങ്കിലും സവിശേഷത കൊണ്ട് എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയാത്ത മാരകമായ സിന്തറ്റിക് മയക്കുമരുന്നുകളുടെ വ്യാപനമടക്കം തടയേണ്ടതുണ്ട്. ഇത്തരം ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കിടയിൽ പലപ്പോഴും വലിയ ആക്രമണങ്ങളെ സേന നേരിടേണ്ടി വരുന്നുണ്ട്.
അതിർത്തിയോടു ചേർന്നു കിടക്കുന്ന പ്രദേശമാണെന്നതുകൊണ്ടുതന്നെ എക്‌സൈസ് ജാഗരൂകമായ പ്രവർത്തനവും ശക്തമായ നിരീക്ഷണവും ഫലപ്രദമായ ഇടപെടലും നടത്തേണ്ട മേഖലയാണിത്. കൂടുതൽ മെച്ചപ്പെട്ട പ്രവർത്തനങ്ങൾക്ക് റേഞ്ച് ഓഫീസ് സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തറക്കല്ലിടിനു ശേഷം ഒട്ടും കാലതാമസമില്ലാതെ നിശ്ചയിച്ച സമയത്ത് തന്നെ പണി പൂർത്തിയാക്കുന്നതിനുള്ള ക്രമീകരണങ്ങൾ എക്‌സൈസ് വകുപ്പ് ഉറപ്പുവരുത്തും.
വ്യക്തിയുടെ വിവേചനബുദ്ധി ഇല്ലാതാക്കുന്ന ഇത്തരം വെല്ലുവിളികളെ നേരിടാൻ എക്‌സൈസ് വകുപ്പിന് ആധുനികമായ സംവിധാനങ്ങൾ ഉണ്ടാകണം. ആധുനികമായ ചോദ്യംചെയ്യൽ മുറികൾ, കേസന്വേഷണത്തിനാവശ്യമായ ആധുനിക സങ്കേതങ്ങൾ, ഡിജിറ്റൽ വയർലസുകൾ, ആവശ്യമായ ആധുനിക വാഹനങ്ങളടക്കം എക്‌സൈസ് വകുപ്പിന് നൽകുകയാണ്.
എൻഫോഴ്‌സ്‌മെന്റ് സംവിധാനം ശക്തിപ്പെടുത്തിയും നവീന സാങ്കേതിക വിദ്യകളുടെ സഹായത്താലും അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള ലഹരി കടത്തിന്റെ ഉറവിടമടക്കം തിരിച്ചറിയാൻ കഴിയുന്ന രീതിയിലുള്ള മാറ്റമാണ് വകുപ്പിൽ നടക്കുന്നത്. കൗൺസലിംഗ്, പുനരധിവാസം, ആവശ്യമായ ചികിൽസ നിർദേശങ്ങളടക്കം നൽകുന്ന എക്‌സൈസ് വകുപ്പിന്റെ വിമുക്തി പദ്ധതി രാജ്യത്തിന് മാതൃകയാണെന്നും മന്ത്രി പറഞ്ഞു.
കെ. ആൻസലൻ എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ എക്‌സൈസ് കമീഷണർ മഹിപാൽ യാദവ് സ്വാഗതം ആശംസിച്ചു. പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ടിങ് എഞ്ചിനീയർ ലൈജു. എം.ജി റിപ്പോർട്ട് അവതരിപ്പിച്ചു. വാർഡ് കൗൺസിലർമാരായ കല ടീച്ചർ, കെ. സുരേഷ്, ടി. സജുകുമാർ, ജോയിന്റ് എക്‌സൈസ് കമീഷണർ ഡി. ബാലചന്ദ്രൻ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.