Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊലീസ് നടത്തിയ...

പൊലീസ് നടത്തിയ ഊർജിതമായ ഇടപെടലുകളാണ് ഫലപ്രാപ്തിയിലെത്തിയതെന്ന് എം.ബി രാജേഷ്

text_fields
bookmark_border
പൊലീസ് നടത്തിയ ഊർജിതമായ ഇടപെടലുകളാണ് ഫലപ്രാപ്തിയിലെത്തിയതെന്ന് എം.ബി രാജേഷ്
cancel

തിരുവനന്തപുരം : ആലുവയിൽ അഞ്ച് വയസുകാരിയായ കുട്ടിയെ കൊലപ്പെടുത്തിയ കേസിൽപൊലീസ് നടത്തിയ ഊർജിതമായ ഇടപെടലുകളാണ് ഫലപ്രാപ്തിയിലെത്തിയതെന്ന് മന്ത്രി എം.ബി രാജേഷ്. ഫേസ് ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേസിൽ പ്രതി അസ്ഫാഖ് ആലത്തിന് വധശിക്ഷ വിധിച്ചിരിക്കുകയാണ്. കുറ്റകൃത്യം നടന്ന് 110 ദിവസം കൊണ്ടാണ് റെക്കോർഡ് വേഗത്തിലുള്ള അന്വേഷണവും വിചാരണയും പൂർത്തിയാക്കി ഇന്ന് ശിശുദിനത്തിൽ ശിക്ഷാവിധി വന്നിരിക്കുന്നത്. കുട്ടിയെ കാണാതായതുമുതൽ അന്വഷണത്തിലും വിചാരണയിലുമെല്ലാം കേരളാ പൊലീസ് നടത്തിയ ഊർജിതമായ ഇടപെടലുകളാണ് ഫലപ്രാപ്തിയിലെത്തിയിരിക്കുന്നതെന്നും അദ്ദേഹം കുറിച്ചു.

ഫേസ് ബുക്ക് പോസ്റ്റ് പൂർണ രൂപം

ആലുവയിൽ അഞ്ച് വയസുകാരിയായ കുട്ടിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി അസ്ഫാഖ് ആലത്തിന് വധശിക്ഷ വിധിച്ചിരിക്കുകയാണ്. കുറ്റകൃത്യം നടന്ന് 110 ദിവസം കൊണ്ടാണ് റെക്കോർഡ് വേഗത്തിലുള്ള അന്വേഷണവും വിചാരണയും പൂർത്തിയാക്കി ഇന്ന് ശിശുദിനത്തിൽ ശിക്ഷാവിധി വന്നിരിക്കുന്നത്. കുട്ടിയെ കാണാതായതുമുതൽ അന്വഷണത്തിലും വിചാരണയിലുമെല്ലാം കേരളാ പൊലീസ് നടത്തിയ ഊർജിതമായ ഇടപെടലുകളാണ് ഫലപ്രാപ്തിയിലെത്തിയിരിക്കുന്നത്.

അന്വേഷണസംഘത്തിനും പ്രോസിക്യൂഷനും അഭിനന്ദനങ്ങള്‍. ഈ സംഭവം ഉണ്ടായതുമുതൽ കേസിൽ സർക്കാർ പുലർത്തിയ ജാഗ്രതയുടെ കൂടി വിജയമാണിത്. സർക്കാരും കേരളീയ സമൂഹവും ഒപ്പം നിന്നെന്ന് കുട്ടിയുടെ മാതാപിതാക്കളും സാക്ഷ്യപ്പെടുത്തുന്നു. കേസിൽ പരമാവധി ശിക്ഷ ഉറപ്പാക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് മുഖ്യമന്ത്രി തന്നെ പ്രഖ്യാപിച്ചിരുന്നു. കുട്ടിയുടെ കുടുംബത്തിന് സർക്കാരിന്റെ ധനസഹായം കൈമാറാൻ വീട്ടിലെത്തിയപ്പോള്‍ ഞാനും മന്ത്രിമാരായ കെ. രാധാകൃഷ്ണനും പി. രാജീവും ഇക്കാര്യം നേരിട്ട് അവരെ അറിയിച്ചിരുന്നു. ഇന്ന് മാതൃകാപരമായ വിധി വരുമ്പോള്‍ സർക്കാരിന്റെ ശക്തമായ ഇടപെടലിന് കൂടിയുള്ള അംഗീകാരമായി ഇത് മാറുന്നു.

ജൂൺ 28ന് കുട്ടിയെ കാണാനില്ലെന്ന മാതാപിതാക്കളുടെ പരാതി ലഭിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിറ്റേദിവസം രാവിലെയാണ് കുട്ടിയെ കൊന്ന് ഉപേക്ഷിച്ചതായി കണ്ടെത്തിയത്. സ്‌പെഷ്യൽ പബ്ലിക്‌ പ്രോസിക്യൂട്ടറായി ജി മോഹൻരാജിനെ നിയമിച്ച് റെക്കോഡ്‌ വേഗത്തിലായിരുന്നു തുടർനടപടികൾ. മുപ്പത്തിയഞ്ചാം ദിവസം കുറ്റപത്രം സമർപ്പിച്ചു. ഒക്ടോബർ നാലിന് വിചാരണ തുടങ്ങിയ വിചാരണ 26 ദിവസംകൊണ്ട് പൂർത്തിയാക്കി. പഴുതടച്ച അന്വേഷണവും ശക്തമായ നിയമപോരാട്ടവും ഉറപ്പാക്കാൻ ബഹു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സർക്കാർ സജീവമായി നിലയുറപ്പിച്ചു. പരിഹരിക്കാനാകാത്ത നഷ്ടമാണ് ആ കുടുംബത്തിനുണ്ടായതെങ്കിലും, സർക്കാർ എല്ലാ സഹായങ്ങളും സംരക്ഷണവും നൽകി. കോടതി വിധിയിലൂടെ ആ കുടുംബത്തിന് നീതിയും ഉറപ്പാക്കാന്‍ കഴിഞ്ഞിരിക്കുകയാണ്.

കുഞ്ഞുങ്ങള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ക്കെതിരെ കർശനമായ നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്. ഇത്തരം മനുഷ്യത്വരഹിതമായ കുറ്റകൃത്യങ്ങളില്‍ ഇടപെടുന്നവര്‍ക്കുള്ള ശക്തമായ താക്കീത് കൂടിയാണ് ഈ കോടതി വിധി. ശക്തമായ നിയമപരിപാലനം ഉറപ്പാക്കുമ്പോഴും, കുഞ്ഞുങ്ങള്‍ക്ക് ആത്മവിശ്വാസത്തോടെയും അഭിമാനത്തോടെയും ജീവിക്കാനുള്ള സാഹചര്യമൊരുക്കാൻ സമൂഹം കൂടി ശക്തമായി രംഗത്തിറങ്ങേണ്ടതുണ്ട്. ഇത്തരം കുറ്റവാളികളെ നമുക്ക് ഒറ്റപ്പെടുത്താം. ആലുവയിലേതുപോലെയുള്ള സംഭവങ്ങള്‍ ആവർത്തിക്കാതിരിക്കാനുള്ള നിരന്തര ജാഗ്രത നമുക്ക് പുലർത്താം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:minister MB RajeshAluva Case
News Summary - MB Rajesh said that the intensive interventions made by the police have come to fruition
Next Story