Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരളത്തിലെ എം.എൽ.എമാർ...

കേരളത്തിലെ എം.എൽ.എമാർ വിൽപനച്ചരക്കുകളാകാത്തത്​ അഭിമാനിക്കാവുന്ന കാര്യം-സ്പീക്കർ

text_fields
bookmark_border
Speaker MB Rajesh
cancel

തിരുവനന്തപുരം: സംസ്ഥാന നിയമസഭയിൽ ഒരിക്കൽ വിരുദ്ധചേരികളിലിരുന്ന് വീറോടെ വാദിച്ചവർ ഇപ്പോൾ ഒരുമിച്ചിരുന്ന് ഓർമകൾ പങ്കുവെക്കുന്നത് മികച്ച അനുഭവമാണെന്ന് സ്പീക്കർ എം.ബി. രാജേഷ്. എം.എൽ.എമാർ കാലാവധി തീരുമ്പോൾ മുൻ എം.എൽ.എ ആകും. എന്നാൽ, ഒരിക്കലും മാറ്റം സംഭവിക്കാത്ത പദവിയാണ് മുൻ എം.എൽ.എയുടേതും മുൻ എം.പിയുടേതുമെന്നും സ്പീക്കർ പറഞ്ഞു. ഫോർമർ എം.എൽ.എ ഫോറം നിയമസഭ മന്ദിരത്തിലെ കെ. ശങ്കരനാരായണൻ തമ്പി മെംബേഴ്സ് ലോഞ്ചിൽ സംഘടിപ്പിച്ച മുൻ സാമാജികരുടെ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സാധാരണക്കാർക്ക് നിയമസഭാംഗങ്ങളായി എത്താൻ കഴിയുന്ന സംവിധാനം ഏറ്റവും പൂർണം കേരളത്തിലാണ്​. കേരളം പുലർത്തുന്ന ഉയർന്ന ജനാധിപത്യബോധവും ജാഗ്രതയും മൂലമാണിത്. പാർലമെന്റിലും മറ്റും ജനപ്രതിനിധികളായി എത്തുന്നത് ശതകോടീശ്വരന്മാരും കോടീശ്വരന്മാരുമാണ്. ജനങ്ങൾക്കിടയിൽനിന്നുയർന്നു വന്നിട്ടുള്ള കേരളത്തിലെ എം.എൽ.എമാരാരും വിൽപനച്ചരക്കുകളല്ലെന്ന് നമുക്ക് അഭിമാനിക്കാവുന്ന കാര്യമാണ്​. ജനാധിപത്യ പാരമ്പര്യം ഉയർത്തിപ്പിടിച്ച് ശരിയായ അർഥത്തിൽ കാര്യക്ഷമമായി പ്രവർത്തിച്ചവരാണ്​ എല്ലാക്കാലത്തും കേരള നിയമസഭകളിലെ അംഗങ്ങളെന്നും സ്പീക്കർ പറഞ്ഞു.

ഫോറം ചെയർമാൻ എം. വിജയകുമാർ അധ്യക്ഷതവഹിച്ചു. നിയമസഭ ചർച്ച ചെയ്ത് സെലക്ട് കമ്മിറ്റികൾക്ക് വിടുന്ന ബില്ലുകൾ മുൻ സാമാജികർക്ക് ചർച്ചക്കായി അവസരമുണ്ടാക്കണമെന്നും പ്രീബജറ്റ് ചർച്ചകളിൽ മുൻ സാമാജികർക്ക് പ്രത്യേക അവസരമൊരുക്കണമെന്നും യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ പറഞ്ഞു. വിമോചനസമരം നടന്ന 57ലെ ആദ്യ നിയമസഭയുടെ കാലത്ത് ഒരിക്കൽ പോലും നിയമസഭാ നടപടികൾ സ്തംഭിച്ചിട്ടില്ലെന്ന് വി.എം. സുധീരൻ ഓർമിപ്പിച്ചു.

മുൻ സ്പീക്കർമാരും ഡെപ്യൂട്ടി സ്പീക്കർമാരുമായ വി.എം. സുധീരൻ, എൻ. ശക്തൻ, എം. വിജയകുമാർ, ഭാർഗവി തങ്കപ്പൻ, ജോസ് ബേബി, പാലോട് രവി എന്നിവരെ ചടങ്ങിൽ ആദരിച്ചു. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനുവേണ്ടി മകൻ അരുൺകുമാറും എ.കെ. ആന്റണി, ഉമ്മൻ ചാണ്ടി എന്നിവർക്കായി അവരുടെ പ്രതിനിധികളും അനുമോദന ഫലകം സ്വീകരിച്ചു.

മുൻ സാമാജികരിൽ ചിലർ കുടുംബാംഗങ്ങളുമായാണ്​ എത്തിയത്​.1957ലെ ഇ.എം.എസ് മന്ത്രിസഭയുടെ കാലത്ത്​ പറളിയിൽനിന്നും വിജയിച്ച് നിയമസഭാംഗമായ നാരായണൻകുട്ടിയുടെ ഭാര്യ ശാന്തകുമാരിയും ചടങ്ങിൽ പങ്കെടുത്തു. മുൻ മന്ത്രി ജോസ് തെറ്റയിലിന്റെ 'പ്രകൃതി: ഭാവങ്ങളും പ്രതിഭാസങ്ങളും'എന്ന പുസ്തകം വി.എം. സുധീരന് കൈമാറി സ്പീക്കർ പ്രകാശനം ചെയ്തു. ഫോറം ജനറൽ സെക്രട്ടറി കെ.പി. കുഞ്ഞിക്കണ്ണൻ സ്വാഗതം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mb Rajesh
News Summary - MB Rajesh Statement On Kerala MLA
Next Story