എം.ബി. രാജേഷ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
text_fieldsതിരുവനന്തപുരം: എം.ബി. രാജേഷ് രണ്ടാം പിണറായി സർക്കാറിൽ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 11ന് രാജ്ഭവനിലാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ നടന്നത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മന്ത്രിമാർ, ചീഫ് സെക്രട്ടറി തുടങ്ങിയവർ സന്നിഹിതരായി.
മന്ത്രി എം.വി. ഗോവിന്ദനെ സി.പി.എം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തതിനെ തുടർന്നാണ് നിയമസഭ സ്പീക്കറായിരുന്ന എം.ബി. രാജേഷിനെ മന്ത്രിയാക്കാൻ പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചത്. 16 മാസം പിന്നിടുമ്പോഴാണ് സ്പീക്കർ സ്ഥാനത്ത് നിന്ന് പിണറായി മന്ത്രിസഭയിൽ രാജേഷ് അംഗമാകുന്നത്.
സൈനിക ഉദ്യോഗസ്ഥനായ ചളവറ കയില്യാട് മാമ്പറ്റ ബാലകൃഷ്ണൻ നായരുടെയും എം.കെ. രമണിയുടെയും മകനായി 1971ൽ പഞ്ചാബിലെ ജലന്ധറിലാണ് എം.ബി. രാജേഷിന്‍റെ ജനനം. ഒറ്റപ്പാലം എൻ.എസ്.എസ് കോളജിൽ നിന്ന് ഇക്കണോമിക്സിൽ ബിരുദാനന്തര ബിരുദവും ലോ അക്കാദമിയിൽ നിന്ന് നിയമ ബിരുദവും നേടി.
ലോക്‌സഭയിലേക്കുള്ള ആദ്യ പോരാട്ടത്തില്‍ കഷ്ടിച്ച് കടന്നുകൂടിയ രാജേഷ് 2014ല്‍ ലക്ഷത്തോളം വോട്ടുകള്‍ക്കാണ് എം.പി. വീരേന്ദ്രകുമാറിനെ തറപറ്റിച്ചത്. എന്നാല്‍, 2019ല്‍ വി.കെ. ശ്രീകണ്‌ഠനോട് പരാജയപ്പെട്ടു. വിദേശകാര്യം, ശാസ്ത്ര- സാങ്കേതികം, പെട്രോളിയം, ഊർജകാര്യം, കൃഷി എന്നീ പാര്‍ലമെന്‍ററി സമിതികളില്‍ പ്രവര്‍ത്തിച്ചു.
എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി, ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്‍റ്, അഖിലേന്ത്യ പ്രസിഡന്‍റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചു. ദ വീക്കിന്‍റെ മികച്ച യുവ പാർലമെന്‍റേറിയനുള്ള പുരസ്കാരം, മനോരമ ന്യൂസിന്‍റെ കേരളത്തിലെ മികച്ച പാർലമെന്‍റംഗത്തിനുള്ള പുരസ്കാരം, ചെറിയാൻ ജെ. കാപ്പൻ പുരസ്കാരം, കോട്ടയം ലയൺസ് ക്ലബിന്‍റെ ഗ്ലോബൽ മലയാളം ഫൗണ്ടേഷൻ അവാർഡ് എന്നിവ ലഭിച്ചു. എട്ട് പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.
കാലടി സംസ്കൃത സർവകലാശാലയില്‍ അസി. പ്രഫസറായ നിനിത കണിച്ചേരിയാണ് ഭാര്യ. നിരഞ്ജനയും പ്രിയദത്തയുമാണ് മക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.