എം.ബി.ബി.എസ് പരീക്ഷ നീട്ടിവെക്കണം; ആവശ്യം ശക്തമാക്കി മെഡിക്കൽ വിദ്യാർഥികൾ
text_fieldsതിരുവനന്തപുരം: എം.ബി.ബി.എസ് അവസാനവർഷ പരീക്ഷ നീട്ടിവെക്കണമെന്ന ആവശ്യം ശക്തമാക്കി സംസ്ഥാനത്തെ മെഡിക്കൽ വിദ്യാർഥികൾ. ഒരുവർഷം കൊണ്ട് തീർക്കേണ്ട സിലബസ് ആറുമാസം കൊണ്ട് തീർത്താണ് പരീക്ഷ നടത്തിപ്പിലേക്ക് ആരോഗ്യ സർവകലാശാല കടന്നിരിക്കുന്നത്. ഇത് പ്രതിഷേധാർഹമാണെന്നും രോഗീപരിചരണം ഉൾപ്പെടെ ലഭിച്ചശേഷം മാത്രമേ പരീക്ഷയിലേക്ക് കടക്കാവൂവെന്നും വിദ്യാർഥികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ഇക്കാര്യത്തിൽ വ്യാപക പ്രതിഷേധമുയർന്നിട്ടും നിലപാട് തിരുത്താത്തതോടെയാണ് വീണ്ടും പ്രതിഷേധം കടുപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നതെന്നും അവർ പറഞ്ഞു.
അതേസമയം, എം.ബി.ബി.എസ് അവസാനവർഷ പരീക്ഷയുടെ ആദ്യവിഷയം വ്യാഴാഴ്ച നടന്നു. 3600 വിദ്യാർഥികളിൽ 1700 പേരും പരീക്ഷയെഴുതിയെന്നാണ് ആരോഗ്യസർവകലാശാല അറിയിച്ചത്. ആരോഗ്യസർവകലാശാലയുടെ ഈ വാദം തെറ്റാണെന്നും മുൻവർഷങ്ങളിൽ ചില വിഷയങ്ങൾ നഷ്ടപ്പെട്ടവരുടെ കണക്കുകൂടി ചേർത്താണ് കുട്ടികളുടെ എണ്ണം പെരുപ്പിച്ച് കാട്ടുന്നതെന്നും വിദ്യാർഥികൾ കുറ്റപ്പെടുത്തി. ഇതുസംബന്ധിച്ച പരാതികൾ ഇപ്പോൾ ഹൈകോടതി പരിഗണനയിലാണ്. 2017 എം.ബി.ബി.എസ് ബാച്ചുകാരുടെ പരീക്ഷയാണ് ഇപ്പോൾ കോടതി കയറിയിരിക്കുന്നത്.
കോവിഡ് സാഹചര്യമായിരുന്നതിനാൽ പഠനഭാഗമായി നിർബന്ധമായും ഓരോ വിദ്യാർഥിക്കും കിട്ടേണ്ട 800 മണിക്കൂർ ആശുപത്രികളിലെ രോഗീപരിചരണം തങ്ങൾക്ക് കിട്ടിയിട്ടില്ലെന്നാണ് പ്രധാനമായും അവർ ഉന്നയിക്കുന്നത്. അവശേഷിക്കുന്ന 250 മണിക്കൂർകൂടി ഇനിയും ലഭിക്കണം. അത് കിട്ടാതെ പരീക്ഷയിലേക്ക് കടന്നാൽ മെഡിക്കൽ വിദ്യാഭ്യാസരംഗത്തെ നിലവാരത്തകർച്ചക്ക് കാരണമാകുമെന്നും വൈദഗ്ധ്യമില്ലാത്ത ഡോക്ടർമാർ പുറത്തിറങ്ങുമെന്നുമാണ് വിദ്യാർഥികൾ പറയുന്നത്.അതിനാൽ രണ്ടുമാസത്തെ രോഗീപരിചരണംകൂടി പൂർത്തിയാക്കിയശേഷം പരീക്ഷ നടത്തണമെന്നാണ് ആവശ്യം. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി വിവിധ മെഡിക്കൽ കോളജ് തലവന്മാർ സർവകലാശാല വൈസ് ചാൻസലർക്ക് അപേക്ഷ നൽകിയിരുന്നു. എന്നാൽ, അത് അംഗീകരിക്കപ്പെട്ടില്ലെന്നും വിദ്യാർഥികൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ അവസാനവർഷ എം.ബി.ബി.എസ് വിദ്യാർഥികളായ സ്നേഹ സാബു, അമ്പാടി എസ്. ശാസ്ത, കിരൺ അജിത്ത്, ദിൽഷാദ് പി.പി, അമീന ഷാജുദ്ദീൻ, ബിൻസി അനിൽ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.