ജോസഫൈൻ: അടിമുടി പാർട്ടി, അവസാനവും പാർട്ടി വേദിയിൽ
text_fieldsകണ്ണൂർ: വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളുമായി എക്കാലവും ചെങ്കൊടിക്ക് കീഴിൽ ഉറച്ചുനിന്ന എം.സി. ജോസഫൈൻ അതേ കൊടിപുതച്ച് പാർട്ടിപിറന്ന മണ്ണിൽ ചേതനയറ്റുകിടന്നു. നിറകണ്ണുകളോടെയും നിലക്കാത്ത മുദ്രാവാക്യം വിളികളോടെയും സഖാവിനെ യാത്രയാക്കാൻ സഹപ്രവർത്തകരും സഖാക്കളുമെത്തിയത് പാർട്ടി കോൺഗ്രസിന്‍റെ മറക്കാനാവാത്ത നിമിഷമായി. അടിമുടി പാർട്ടിയായ ജോസഫൈന്‍റെ അവസാനവും പാർട്ടിയുടെ ദേശീയ സമ്മേളനത്തിൽ പങ്കെടുത്തുകൊണ്ടിരിക്കുമ്പോഴായത് തികച്ചും യാദൃച്ഛികം.
കണ്ണൂരിലെ എ.കെ.ജി സഹകരണ ആശുപത്രിയിൽ പ്രിയസഖാവിന്‍റെ മൃതദേഹം അവസാനമായി കാണാനെത്തിയ പി.കെ. ശ്രീമതി അടക്കമുള്ള സഹപ്രവർത്തകർ കരഞ്ഞുകൊണ്ടാണ് വിട നൽകിയത്. പാർട്ടി കോൺഗ്രസിൽ പങ്കെടുക്കവെ കണ്ണൂർ നായനാർ അക്കാദമിയിലെ വേദിയിൽ ഞായറാഴ്ച വൈകീട്ട് മൂന്നരയോടെയാണ് ജോസഫൈന് ദേഹാസ്വാസ്ഥ്യമുണ്ടായത്. ഉടൻ സമ്മേളനനഗരിയിലെ വൈദ്യപരിശോധന ക്യാമ്പിലേക്ക് വരുകയായിരുന്നു. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ഓക്സിജൻ നൽകി. രക്തത്തിൽ പഞ്ചസാരയുടെ അളവും രക്തസമ്മർദവുമെല്ലാം സാധാരണനിലയിലായിരുന്നു.
നേരത്തെ ഹൃദ്രോഗത്തിന് ചികിത്സതേടിയതിനാൽ ആശുപത്രിയിൽ പോകാമെന്ന് പറഞ്ഞാണ് വൈദ്യപരിശോധന ക്യാമ്പിൽനിന്ന് ഇറങ്ങിയത്. പിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ എ.കെ.ജി സഹകരണ ആശുപത്രിയിൽ എത്തിച്ച് വെന്‍റിലേറ്ററിലേക്ക് മാറ്റി. രാത്രി ആരോഗ്യനിലയിൽ പുരോഗതിയുണ്ടായെങ്കിലും ഞായറാഴ്ച ഉച്ചയോടെ മരിച്ചു. പ്രിയസഖാവിന്‍റെ മരണവിവരം അറിഞ്ഞതോടെ സമ്മേളനവേദി മൗനമായി. നേതാക്കളും അണികളും അന്ത്യോപചാരമർപ്പിക്കാൻ ആശുപത്രിയിലെത്തി. പാർട്ടിയുടെ സംഘടനാരംഗത്ത് അടിയുറച്ച ശബ്ദമായി പതിറ്റാണ്ടുകളായി ജോസഫൈനുണ്ട്. സി.പി.എം കമ്മിറ്റികളിൽ വനിതാപ്രാതിനിധ്യം വർധിപ്പിക്കാൻ തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷ സമ്മേളനവേദിയിൽ അവർ പങ്കുവെച്ചിരുന്നു. വിദ്യാർഥി, യുവജന, മഹിള സംഘടന കാലഘട്ടത്തിലെ സഹപ്രവർത്തകരോടും പാർട്ടി പ്രവർത്തകരോടും സൗഹൃദം പുതുക്കി സമ്മേളനത്തിൽ സജീവമാകുമ്പോഴാണ് ജോസഫൈന്‍റെ വേർപാട്. മുഖ്യമന്ത്രി പിണറായി വിജയൻ, ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പി.ബി അംഗങ്ങളായ പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട്, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, മന്ത്രിമാരായ എം.വി. ഗോവിന്ദൻ, മുഹമ്മദ് റിയാസ്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പി.കെ. ശ്രീമതി, കെ.കെ. ശൈലജ അടക്കമുള്ള സി.പി.എം നേതാക്കൾ എ.കെ.ജി ആശുപത്രിയിലെത്തി മൃതദേഹത്തിൽ അന്തിമോപചാരമർപ്പിച്ചു. പാർട്ടി കോൺഗ്രസ് പൊതുയോഗം പ്രിയനേതാവിന് അനുശോചനം അറിയിച്ചു. അവസാനം, സാമൂഹിക പ്രതിബദ്ധതയുള്ള സഖാവിന്‍റെ അന്ത്യാഭിലാഷംപോലെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജിന് നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.