ധാർഷ്ട്യമുള്ള ആദ്യ സി.പി.എം നേതാവല്ല ജോസഫൈൻ; പിണറായി പാഠമുൾക്കൊള്ളണം -കെ. സുധാകരൻ
text_fieldsകണ്ണൂർ: വൈകിയാണെങ്കിലും വനിതാ കമീഷൻ അധ്യക്ഷ ജോസഫൈന്‍റെ രാജി അഭിനന്ദനീയമാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ. ഇവരുടെ പതനത്തിൽനിന്ന് പിണറായി പാഠമുൾക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
''പാവങ്ങളോട് ധാർഷ്ട്യത്തോടെ ഇടപെടുന്ന ആദ്യത്തെ സി.പി.എം നേതാവല്ല ജോസഫൈൻ. ജോസഫൈന്‍റെ പതനത്തിൽ നിന്ന് പാഠമുൾക്കൊണ്ട് പിണറായി വിജയൻ അടക്കമുള്ള സി.പി.എം നേതാക്കൾ സ്വയം നവീകരിക്കാൻ തയ്യാറാകണം'' -ഫേസ്ബുക് പോസ്റ്റിൽ അദ്ദേഹം ആവശ്യപ്പെട്ടു.
സിപിഎം പ്രവർത്തകർ സ്ത്രീകളേയും കുട്ടികളേയും പീഡിപ്പിക്കുേമ്പാൾ ആ പ്രതികളെ സംരക്ഷിക്കാനുള്ള ഒരു സഹകരണ സംഘം എന്ന നിലയിൽ ആണ് വനിതാ കമ്മീഷൻ കേരളത്തിൽ പ്രവർത്തിക്കുന്നതെന്ന് സുധാകരൻ ആരോപിച്ചിരുന്നു. ഇരയാക്കപ്പെടുന്ന സ്ത്രീകളോട് ക്രൂരമായി അസഹിഷ്ണുതയോടെയും പരിഹാസത്തോടെയും സംസാരിക്കുന്ന ജോസഫൈനെ അടിയന്തരമായി തൽസ്ഥാനത്ത് നിന്നും നീക്കണമെന്നും അദ്ദേഹം ഇന്നലെ ആവശ്യപ്പെട്ടിരുന്നു.
ഭർതൃ പീഡനത്തെക്കുറിച്ച് പരാതി പറയാൻ വിളിച്ച യുവതിയോട് ജോസഫൈൻ മോശമായി പെരുമാറിയതാണ് ഒടുവിൽ അവരുടെ രാജിയിൽ കലാശിച്ചത്. കാലാവധി അവസാനിക്കാൻ എട്ട് മാസം ബാക്കി നിൽക്കെയാണ് രാജി. വിവാദം സംബന്ധിച്ച് സംസ്ഥാന സെക്രട്ടേറിയറ്റിൽ ജോസഫൈൻ വിശദീകരണം നൽകി. തെറ്റുപറ്റി എന്ന് സംസ്ഥാന സെക്രട്ടേറിയറ്റിൽ അവർ വിശദീകരിച്ചെന്നാണ് വിവരം.
സ്വകാര്യ ചാനലിൽ നടന്ന ലൈവ് ഷോയിൽ ഗാർഹികപീഡന പരാതി പറഞ്ഞ യുവതിയോടാണ് എം.സി ജോസഫൈൻ നീതിരഹിതമായി പ്രതികരിച്ചത്.
'2014ൽ ആണ് കല്യാണം കഴിഞ്ഞത്. ഭർത്താവ് വിദേശത്ത് പോയ ശേഷം അമ്മായിയമ്മ ശാരീരികമായി മർദ്ദിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്യാറുണ്ട്. ഭർത്താവിൽ നിന്നും സമാനമായ പീഡനമേറ്റു' -യുവതി വനിതാ കമീഷന് േഫാണിലൂടെ നൽകിയ പരാതിയിൽ പറയുന്നു. ഇത് കേട്ട ഉടൻ, നിങ്ങൾ എന്ത് കൊണ്ട് പൊലീസിൽ പരാതി നൽകിയില്ലെന്നാണ് ജോസഫൈൻ ചോദിച്ചത്. ഞാൻ ആരെയും അറിയിച്ചില്ലെന്ന് യുവതി മറുപടി നൽകി. ഇതോടെ, 'എന്നാൽ പിന്നെ അനുഭവിച്ചോ' എന്നായിരുന്നു ജോസഫൈൻെറ മറുപടി.
പാർട്ടി അനുകൂലികൾ പോലും സമൂഹ മാധ്യമങ്ങളിലടക്കം ജോസഫൈനെതിരെ രംഗത്തെത്തിയിരുന്നു. പാർട്ടിയുടെ മുതിർന്ന നേതാക്കൾക്കും പരാമർശത്തിൽ അതൃപ്തിയുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.