വനിത കമീഷൻ അധ്യക്ഷ സ്ഥാനത്തുനിന്നും എം.സി. ജോസഫൈനെ പുറത്താക്കണം -വെൽഫെയർ പാർട്ടി
text_fieldsതിരുവനന്തപുരം: ഗാര്‍ഹിക പീഡനത്തെക്കുറിച്ച് പരാതിപ്പെട്ട സ്ത്രീയോട് മോശമായി പെരുമാറിയ വനിതാ കമീഷന്‍ അധ്യക്ഷ എം.സി. ജോസഫൈനെ തൽസ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. സ്ത്രീകളോടുള്ള ഭരണകൂടത്തിന്‍റെ സമീപനമാണ് ജോസഫൈന്‍റെ പ്രതികരണത്തിലൂടെ വ്യക്തമാകുന്നത്.
ജുഡീഷ്യൽ അധികാരമുള്ള കമീഷന്‍റെ അധ്യക്ഷ പദവിയിലിരിക്കുന്ന വ്യക്തി എന്നതിനേക്കാൾ പാർട്ടി വിധേയ എന്ന നിലയിലാണ് പലപ്പോഴും ജോസഫൈൻ സംസാരിക്കുന്നത്. സമൂഹത്തിൽ വലിയ പീഡനങ്ങൾ അനുഭവിക്കേണ്ടി വരുന്നവർ ആശ്രയമായി കാണുന്ന വനിതാ കമീഷന്‍ എന്ന പൊതു സംവിധാനത്തെ തികഞ്ഞ നിരുത്തരവാദിത്വത്തോടെയാണ് ഇവർ കൈകാര്യം ചെയ്തത്.
പരാതി ഉന്നയിച്ചവരോട് പൊലീസ് സ്റ്റേഷനിൽ അറിയിക്കാത്തതിന് കുറ്റപ്പെടുത്തുകയും തുടർന്ന് അതിനെ ന്യായീകരിക്കുകയും ചെയ്ത സമീപം തികച്ചും പ്രതിഷേധാർഹമാണ്. കൂടുതൽ പരാതികൾ കേൾക്കുന്നത് മാനസിക സമ്മർദ്ദം സൃഷ്ടിക്കുന്നുവെങ്കിൽ തൽസ്ഥാനത്തുനിന്ന് രാജിവെക്കാനാണ് ജോസഫൈൻ ശ്രമിക്കേണ്ടത്.
സ്ത്രീധനവുമായി ബന്ധപ്പെട്ട കഴിഞ്ഞ ദിവസങ്ങളിൽ നടന്ന കൊലപാതകവും സമൂഹത്തിൽ സ്ത്രീ സുരക്ഷയെ സംബന്ധിച്ച കൂടുതൽ ആശങ്കകൾ സൃഷ്ടിക്കുന്നതാണ്. സ്ത്രീധനമെന്ന മഹാവിപത്തിനെതിരെ നടപടി സ്വീകരിക്കാൻ മാറിമാറി വരുന്ന സർക്കാറുകൾ തയാറാകാത്തത് ഇത്തരം കുറ്റകൃത്യങ്ങൾ വർധിക്കാൻ കാരണമാകുന്നുണ്ട്.
സ്ത്രീധന നിരോധന നിയമം ശക്തമായിത്തന്നെ നടപ്പാക്കാൻ സർക്കാർ തയാറാകണം. സമൂഹത്തിൽ സ്ത്രീധനത്തിന്‍റെ പേരിൽ മാത്രമല്ല, സ്ത്രീ സുരക്ഷയുടെ കാര്യത്തിലും വീഴ്ചവരുത്തുന്ന വ്യക്തികൾക്കെതിരെയും കടുത്ത നടപടി സ്വീകരിക്കാൻ സർക്കാർ തയാറാകണമെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.