നിക്ഷേപത്തട്ടിപ്പ് കേസ്: എം.സി. ഖമറുദ്ദീൻ എം.എൽ.എ അറസ്റ്റിൽ
text_fieldsകാസർക്കോട്: ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ മഞ്ചേശ്വരം എം.എൽ.എ എം.സി. ഖമറുദ്ദീനെ ക്രൈം ബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാവിലെ ഒമ്പതരയോടെ കാസർകോട് ജില്ല പൊലീസ് മേധാവിയുടെ ഒാഫിസിലേക്ക് വിളിപ്പിച്ച് നീണ്ട ചോദ്യംചെയ്യലിനു ശേഷം വൈകീട്ടാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നോട്ടിസ് നൽകാതെ, കാര്യങ്ങൾ ചോദിച്ചറിയാൻ എന്ന പേരിൽ ജില്ല പൊലീസ് മേധാവിയുടെ ഒാഫിസിലേക്ക് വിളിപ്പിക്കുകയായിരുന്നു. കോവിഡ് പരിശോധന പൂർത്തിയാക്കി ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കി. നിയമസഭ ചേരുന്ന കാലയളവല്ലാത്തതിനാൽ സ്പീക്കറുടെ പ്രത്യേക അനുമതി ആവശ്യമില്ലെന്ന് അന്വേഷണസംഘം പറഞ്ഞു. കേസ് സിവിൽ കേസായി പരിഗണിക്കണമെന്ന എം.സി. ഖമറുദ്ദീെൻറ ഹരജി െഹെകോടതി തിങ്കളാഴ്ച പരിഗണിക്കാനിരിക്കെയാണ് അറസ്റ്റ്.
െഎ.പി.സി 420 (വഞ്ചനാ കുറ്റം), 34 (സംഘം ചേർന്ന് കബളിപ്പിക്കൽ), 406 (ഏൽപിച്ച തുക ക്രമവിരുദ്ധമായി ഉപയോഗിക്കൽ), 409 (പൊതുപ്രവർത്തകനെ ഏൽപിച്ച തുക ക്രമവിരുദ്ധമായി വിനിയോഗിക്കൽ), ധനകാര്യ സ്ഥാപന നിക്ഷേപക സംരക്ഷണ നിയമം 2013 വകുപ്പ് അഞ്ച്, 120 ബി ഗൂഢാലോചന എന്നീ വകുപ്പുകൾ പ്രകാരമാണ് നടപടി. 17 വർഷം തടവ് ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
152 കോടിയുടെ ഇടപാടുള്ള ഫാഷൻ ഗോൾഡ് ജ്വല്ലറി കേസിൽ 15 കോടിയുടെ തട്ടിപ്പിൽ കമ്പനി ചെയർമാൻ എന്ന നിലയിൽ എം.സി. ഖമറുദ്ദീന് പങ്കുണ്ട് എന്ന് അന്വേഷണം നടത്തിയ ക്രൈം ബ്രാഞ്ച് എ.എസ്.പി വിവേക് കുമാർ മാധ്യമങ്ങളെ അറിയിച്ചു. പയ്യന്നൂർ, ചന്തേര, കാഞ്ഞങ്ങാട്, ബേക്കൽ, കാസർകോട് സ്റ്റേഷനുകളിലായി 115 പരാതികളാണ് എം.എൽ.എക്കെതിരെയുള്ളത്. ഇതിൽ 77 കേസുകളിലാണ് അന്വേഷണം പൂർത്തിയാക്കിയത്. എം.എൽ.എയുടെ പങ്കിന് വ്യക്തമായ തെളിവുണ്ടെന്ന് അന്വേഷണസംഘം പറഞ്ഞു. കമ്പനികൾക്ക് ഡയറക്ടർമാരിൽ നിന്നല്ലാതെ നിക്ഷേപം സ്വീകരിക്കാൻ പാടില്ല എന്ന റിസർവ് ബാങ്ക് നിയമം ലംഘിക്കപ്പെട്ടിട്ടുണ്ട്.
ചെറുവത്തൂർ കാടേങ്കാട് സ്വദേശി അബ്ദുൽ ഷുക്കൂറിെൻറ പരാതിയിൽ 2020 ആഗസ്റ്റ് 27ന് ചന്തേര പൊലീസാണ് ഫാഷൻ ഗോൾഡ് ജ്വല്ലറി കമ്പനിയുടെ ചെയർമാൻ എം.സി. ഖമറുദ്ദീൻ എം.എൽ.എയെയും കമ്പനി മാനേജിങ് ഡയറക്ടർ പൂക്കോയ തങ്ങളെയും പ്രതിയാക്കി ആദ്യ കേസ് രജിസ്റ്റർ ചെയ്യുന്നത്. കമ്പനി നടത്തിപ്പുകാരായ സൈനുൽ ആബിദ്, ഇഷാം, ഹാരിസ് അബ്ദുൽ ഖാദർ എന്നിവരുൾെപ്പടെ 16 ഡയറക്ടർമാർക്കെതിരെ പരാതിയുണ്ട്.
ഒരുലക്ഷം രൂപക്ക് പ്രതിദിനം 1500 രൂപ വാഗ്ദാനം നൽകി ലക്ഷങ്ങൾ നിക്ഷേപം സമാഹരിക്കുകയായിരുന്നു. എന്നാൽ ഡിവിഡൻറ് നൽകാൻ കഴിയാതായതോടെ പരാതിയായി. നിക്ഷേപകർ അവരുടെ നിക്ഷേപത്തിനു തുല്യമായ സ്വർണം ജ്വല്ലറികളിൽനിന്ന് കൊണ്ടുപോയതിനെ തുടർന്ന് ജ്വല്ലറികൾ പൂട്ടേണ്ടിയും വന്നു.
ഖമറുദ്ദീനെ കാസർകോട് ജില്ല ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ആർ.ടി.പി.സി.ആർ പരിശോധന നടത്തുന്നതിനായി എം.എൽ.എയെ ജില്ല ആശുപത്രി കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററിലേക്ക് കൊണ്ടുപോയി.
ആൻറിജൻ പരിശോധനയിൽ കോവിഡ് നെഗറ്റിവായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.