യുവതിയുടെ സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച നിലയിൽ എം.ഡി.എം.എ; പിടിയിലായ അനില രവീന്ദ്രൻ പൊലീസിന്‍റെ നോട്ടപ്പുള്ളി
text_fieldsകൊല്ലം: കൊല്ലത്ത് മയക്കുമരുന്നുമായി പിടിയിലായ അനില രവീന്ദ്രന്റെ സ്വകാര്യഭാഗത്ത് ഒളിപ്പിച്ച നിലയിൽ എം.ഡി.എം.എ കണ്ടെത്തി. കൊല്ലം സിറ്റി പൊലീസ് ഈ മാസം നടത്തിയ നാലാമത്തെ വലിയ എം.ഡി.എം.എ വേട്ടയാണിത്. വൈദ്യപരിശോധനയിൽ യുവതിയുടെ ജനനേന്ദ്രിയത്തിലും ലഹരി ഒളിപ്പിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. യുവതിയെ കൊല്ലം ജില്ല ആശുപത്രിയിൽ എത്തിച്ചാണ് വൈദ്യ പരിശോധന നടത്തിയത്. മൂന്ന് ലക്ഷം രൂപയുടെ എം.ഡി.എം.എയാണിവരിൽ നിന്നും പിടികൂടിയത്.
അനില രവീന്ദ്രൻ പൊലീസിന്‍റെ നോട്ടപ്പുള്ളിയായിട്ട് കുറെ നാളായി. പെരിനാട് ഇടവട്ടം സ്വദേശിനിയായ അനില രവീന്ദ്രനെ നേരത്തെയും എം.ഡി.എം.എ കടത്തിയ കേസിൽ പിടികൂടിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് 34 കാരിയായ യുവതിയെ പൊലീസ് 50 ഗ്രാം എം.ഡി.എം.എയുമായി പിടികൂടിയത്. കർണാടക രജിസ്ട്രേഷൻ കാറിൽ കൊല്ലത്തേക്ക് വരുന്നതിനിടെയാണ് അനിലയെ ശക്തികുളങ്ങര പൊലീസും സിറ്റി ഡാൻസാഫ് ടീമും ചേർന്ന് സാഹസികമായി പിടികൂടിയത്.
ബെംഗളൂരുവിൽ നിന്ന് കാറിൽ കൊല്ലത്തേക്ക് വരുമ്പോഴാണ് പൊലീസിന്‍റെ വലയിലാകുന്നത്. കര്‍ണാടകയില്‍നിന്നും ലഹരി മരുന്ന് എത്തിച്ച് കൊല്ലം നഗരത്തിലെ സ്‌കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് വില്‍പ്പന നടത്തുന്നയാളാണ് അനിലയെന്നാണ് പ്രാഥമിക വിവരം. ഇത് സംബന്ധിച്ച് പൊലീസിന് രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് ഇവരെ പിടികൂടിയത്. രഹസ്യ വിവരത്തെ തുടന്ന് കൊല്ലം എസ്.പി. ഷരീഫിന്റെ നേതൃത്വത്തില്‍ മൂന്ന് സംഘങ്ങളായി പൊലീസ് നടത്തിയ പരിശോധനയിലാണ് അനില കുടുങ്ങുന്നത്.
വെള്ളിയാഴ്ച വൈകിട്ട് നീണ്ടകര പാലത്തിനു സമീപത്ത് നിന്നാണ് യുവതിയുടെ കാര്‍ പൊലീസിന്‍റെ ശ്രദ്ധയിൽപ്പെട്ടത്. കാറിന് പൊലീസ് സംഘം കൈ കാണിച്ചെങ്കിലും ഇവർ വാഹനം നിർത്തിയില്ല. തുടർന്ന് കാറിനെ പിന്തുടർന്ന പൊലീസ് സാഹസികമായി വാഹനം വളഞ്ഞ് യുവതിയെ പിടികൂടുകയായിരുന്നു. കാറിൽ പരിശോധന നടത്തിയപ്പോഴാണ് ഒളിപ്പിച്ച നിലയിൽ എം.ഡി.എം.എ കണ്ടെത്തിയത്. തുടർന്ന് നടത്തിയ വൈദ്യ പരിശോധനയിലാണ് ജനനേന്ദ്രിയത്തിൽ ലഹരി ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.