'മുപ്പത് മിനിറ്റിന്‍റെ പരിചയത്തിൽ അയാളെന്നെ ചുംബിക്കാൻ തുനിഞ്ഞു'; വിജയ് ബാബുവിനെതിരെ ലൈംഗികാതിക്രമ പരാതിയുമായി മറ്റൊരു യുവതി
text_fieldsഫ്രൈഡേ ഫിലിം ഹൗസ് ഉടമയും നടനും നിർമാതാവുമായ വിജയ് ബാബുവിനെതിരെ ലൈംഗികാതിക്രമ പരാതിയുമായി മറ്റൊരു യുവതി. സിനിമയുമായി ബന്ധപ്പെട്ട പ്രൊജ്ക്ടിന്‍റെ ആവശ്യത്തിനായി വിജയ് ബാബുവിനെ നേരിൽ കണ്ട സംസാരിച്ച ദിവസത്തെ അനുഭവം യുവതി ഫേസ്ബുക്കിൽ കുറിച്ചു.
വെറും മുപ്പത് മിനിറ്റ് നേരത്തെ പരിചയത്തിന്‍റെ പുറത്ത് വിജയ് ബാബു തന്നെ ചുംബിക്കാൻ തുനിഞ്ഞെന്നും നിരസിച്ചപ്പോള്‍ ആരോടും പറയരുതെന്ന് പറഞ്ഞ് മാപ്പ് പറഞ്ഞെന്നും യുവതി കുറിപ്പിൽ വിവരിക്കുന്നു.
ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം;
പ്രിയ ടീം,
എന്റെ ഒരു അനുഭവം നിങ്ങളുമായി പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നു.
ഇത് ഒരു ദിവസത്തെ സംഭവമായിരുന്നു. 2021 നവംബർ മാസത്തിൽ ഫ്രൈഡേ ഫിലിം ഹൗസിന്റെ ഉടമയും നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെ ജോലിയുമായി ബന്ധപ്പെട്ട ഒരു കാര്യത്തിനാണ് ഞാൻ കണ്ടുമുട്ടിയത്. ഞങ്ങൾ ചില പ്രൊഫഷണൽ കാര്യങ്ങൾ ചർച്ച ചെയ്തു, പിന്നീട് അയാൾ എൻ്റെ വ്യക്തിപരമായ കാര്യങ്ങൾ അന്വേഷിച്ചു, ഞാൻ എൻ്റെ ജീവിതത്തിലെ ചില പ്രശ്നങ്ങൾ അയാളോട് സൂചിപ്പിച്ചു. ആ വിഷയത്തിൽ എനിക്ക് സഹായം ആവശ്യമാണെന്ന് മനസ്സിലാക്കിയ അദ്ദേഹം എന്നെ സഹായിക്കാൻ സ്വയം മുന്നോട്ടുവന്നു. ഇതിനിടയിൽ ഞങ്ങളോടൊപ്പം ഉണ്ടായിരുന്ന മറ്റൊരു സുഹൃത്ത് മുറിയുടെ പുറത്തേക്ക് ഇറങ്ങി, അതിനാൽ ഞങ്ങൾ രണ്ടു പേരും മാത്രമേ കുറച്ചു നേരത്തേക്ക് അവിടെ ഉണ്ടായിരുന്നുള്ളൂ.
അയാൾ സ്വയം മദ്യം കഴിക്കുകയും എനിക്കു വാഗ്ദാനം ചെയ്യുകയും ചെയ്തു. ഞാൻ അത് നിരസിച്ചു ജോലി തുടർന്നു. പെട്ടെന്ന് വിജയബാബു എന്‍റെ ചുണ്ടിൽ ചുംബിക്കാൻ ചാഞ്ഞു, ഒരു ചോദ്യവുമില്ലാതെ, സമ്മതമില്ലാതെ ! ഭാഗ്യവശാൽ, എന്‍റെ റിഫ്ലെക്സ് പ്രവർത്തനം വളരെ വേഗത്തിലായിരുന്നു, ഞാൻ ചാടി പുറകോട്ടേക്ക് മാറി അവനിൽ നിന്ന് അകലം പാലിച്ചു. ഞാൻ അസ്വസ്ഥതയോടെ, പേടിയോടെ അയാളുടെ മുഖത്തേക്ക് നോക്കി. അപ്പോൾ വീണ്ടും എന്നോട് ചോദിച്ചു "ഒരു ചുംബനം മാത്രം?". ഇല്ല എന്ന് പറഞ്ഞു ഞാൻ എഴുന്നേറ്റു. പിന്നെ അദ്ദേഹം മാപ്പ് പറയാൻ തുടങ്ങി, ആരോടും പറയരുതെന്ന് അഭ്യർഥിച്ചു. പേടിച്ച് ഞാൻ സമ്മതിച്ചു. ചില ഒഴിവുകഴിവുകൾ പറഞ്ഞ് ഞാൻ പെട്ടെന്ന് അവിടെ നിന്ന് ഇറങ്ങിയോടി. കാരണം എന്നെ മറ്റൊന്നും ചെയ്യാൻ അയാൾ നിർബന്ധിച്ചില്ലെങ്കിലും, അയാൾ ചെയ്ത ഈ കാര്യം തന്നെ വിലകുറഞ്ഞതും ഭയപ്പെടുത്തുന്നതുമായിരുന്നു.
ഒട്ടും പരിചയമില്ലാത്ത എന്നോട് 20-30 മിനിട്ടിൽ, അയാൾ തന്‍റെ ആദ്യ ശ്രമം നടത്തി. ഇക്കാരണത്താൽ തന്നെ എനിക്ക് ആ പ്രസ്തുത പ്രോജക്ട് ഉപേക്ഷിക്കേണ്ടിവന്നു. അതുവരെയുള്ള എന്‍റെ സ്വപ്‌നമായിരുന്ന മലയാള ചലച്ചിത്രരംഗത്തേക്ക് പ്രവേശിക്കാനുള്ള ശ്രമങ്ങൾ ഞാൻ ഇതിനു ശേഷം നിർത്തി. എത്ര സ്ത്രീകൾക്ക് ഇതിലും മോശമായ അനുഭവം അയാളിൽ നിന്ന് നേരിടേണ്ടി വന്നിട്ടുണ്ടാവും?. സഹായം വാഗ്ദാനം ചെയ്ത് ദുർബലരായ സ്ത്രീകളെ പ്രയോജനപ്പെടുത്താൻ ശ്രമിക്കുന്ന ഒരാളാണ് വിജയബാബു എന്ന നടനും നിർമ്മാതാവും എന്നത് എൻ്റെ അനുഭവം സാക്ഷ്യപ്പെടുത്തുന്നു. എത്ര സ്ത്രീകൾക്ക് ഇതിലും മോശമായ അനുഭവം നേരിടേണ്ടിവരുമെന്ന് ഞാൻ ചിന്തിച്ചു.
അയാളിൽ നിന്നും ഈയിടെ ഒരു നടിക്ക് ഉണ്ടായ അതിഗുരുതരമായ ആക്രമണത്തെ തുടർന്നാണ് ഞാൻ ഇത് എഴുതുന്നത്. അയാൾ തീർച്ചയായും ഇത്തരം പ്രവർത്തികൾ ചെയ്യുന്ന ഒരാളാണെന്ന് എന്‍റെ അനുഭവത്തിലൂടെ എനിക്ക് അറിയാവുന്നതു കൊണ്ട് തന്നെ ഒരുപാട് പേർ അവൾക്കെതിരെ തിരിയുമ്പോൾ എനിക്ക് മൗനം പാലിക്കാൻ സാധിക്കുന്നില്ല .ദുർബലരായ സ്ത്രീകളെ സഹായം വാഗ്ദാനം നൽകി മുതലെടുക്കൻ ശ്രമിക്കുന്ന ഒരാളാണ് അയാൾ എന്ന് വ്യക്തിപരമായി എനിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. അതിനാൽ അതിജീവിതക്ക് വേണ്ടി ഞാൻ ശബ്ദം ഉയർത്തും. എന്നും അവൾക്കൊപ്പം നിൽക്കും. അവൾക്ക് നീതി കിട്ടുന്നത് വരെ..
കൂടാതെ, അദ്ദേഹത്തെപ്പോലുള്ളവരെ നീക്കം ചെയ്യുകയോ ശിക്ഷിക്കുകയോ ചെയ്തു കൊണ്ട്, സിനിമ വ്യവസായത്തെക്കുറിച്ചുള്ള മിഥ്യാധാരണകൾ - "സ്ത്രീകൾക്ക് സുരക്ഷിതമല്ല" എന്നത് തെറ്റാണെന്ന് തെളിയിക്കണം, എന്നെപ്പോലുള്ള സ്ത്രീകൾ ഇതിലേക്ക് ചുവടുവെക്കാൻ ഭയപ്പെടരുത്.
നന്ദി,
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.