20 രൂപക്ക് ഉൗൺ: കൂടുതൽ സുഭിക്ഷ ഹോട്ടലുകളുമായി പൊതുവിതരണ വകുപ്പ്
text_fieldsതൃശൂർ: 20 രൂപക്ക് ഉച്ചയൂണുമായി ജനകീയ ഹോട്ടലുകൾ വൻ ഹിറ്റായതോടെ പൊതുവിതരണ വകുപ്പിന് കീഴിൽ കൂടുതൽ സുഭിക്ഷ ഹോട്ടലുകൾ വരുന്നു. കുടുംബശ്രീയടക്കം ഇതരസന്നദ്ധ സംഘടനകൾക്കും ഇതുനടത്താം. വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി രണ്ടുതരം ഹോട്ടലുകളാണുള്ളത്. തദ്ദേശ സ്ഥാപനങ്ങളുടെ കീഴിൽ പൊതുവിതരണ വകുപ്പിെൻറ സഹായത്തോടെ കുടുംബശ്രീ യൂനിറ്റ് നടത്തുന്ന ജനകീയ ഹോട്ടലുകളാണ് ഇതിലൊന്ന്. സംസ്ഥാനത്താകെ എഴുന്നുറോളം ജനകീയ ഹോട്ടലുകളുണ്ട്. ഇതിനായി കുടുംബശ്രീ യൂനിറ്റുകൾക്ക് പൊതുവിതരണ വകുപ്പാണ് അരി നൽകുന്നത്.
പൊതുവിതരണ വകുപ്പ് നേരിട്ട് നടത്തുന്ന സുഭിക്ഷ ഹോട്ടലുകളാണ് രണ്ടാമത്തേത്. സംസ്ഥാനത്ത് നിലവിൽ അഞ്ച് സുഭിക്ഷ ഹോട്ടലുകളാണുള്ളത്. ആഗസ്റ്റിൽ ആലപ്പുഴയിലാണ് ആദ്യത്തേത് തുടങ്ങിയത്. ആലപ്പുഴ നഗരസഭയുടെ കീഴിലാണിത്. തുടർന്ന് ചേർത്തലയിലും തുറന്നു. തൃശൂർ ജില്ലയിൽ കുന്നംകുളത്തും കൊടുങ്ങല്ലൂരിനടുത്ത് പെരിഞ്ഞനത്തും ഹോട്ടലുണ്ട്. കൂടാതെ കോട്ടയത്താണ് മറ്റൊന്ന്. 20 രൂപക്ക് അവിയൽ, തോരൻ, ഒഴിച്ചുകറി, അച്ചാർ, സാമ്പാർ അടക്കമുള്ള ഉൗണാണ് നൽകുന്നത്. പ്രത്യേക വിഭവങ്ങൾ ജനകീയ ഹോട്ടലുകളിലേത് പോലെ അധിക വില നൽകി വാങ്ങാം. ഒരു ഉൗണിന് അഞ്ചുരൂപ വകുപ്പ് സബ്സീഡിയായി നൽകും. ഇേതാടെ നടത്തിപ്പുകാർക്ക് ഫലത്തിൽ 25 രൂപ ലഭിക്കും. ജില്ല കലക്ടർ അധ്യക്ഷനായ കമ്മിറ്റിക്കാണ് പ്രവർത്തന മേൽനോട്ടം. കമ്മിറ്റി നിശ്ചയിക്കും പ്രകാരം രാവിലെയും വൈകീട്ടും മിതമായ നിരക്കിലും ഭക്ഷണം നൽകാം. അരി ആവശ്യമെങ്കിൽ സബ്സീഡി നിരക്കിൽ ലഭ്യമാക്കും.
സംസ്ഥാന സർക്കാറിെൻറ കാലാവധി അവസാന ഘട്ടത്തിലെത്തിനിൽക്കെ ജനങ്ങളിലേക്ക് എത്തിയ പ്രവർത്തനം എന്ന നിലയിൽ ജനകീയ ഹോട്ടലുകൾ ശ്രദ്ധ നേടിയിരുന്നു. തുടർന്നാണ് പൊതുവിതരണ വകുപ്പിന് കീഴിൽ ബാക്കി 11 ജില്ലകളിൽ ചുരുങ്ങിയത് ഒന്ന് എന്ന നിലയിൽ ഹോട്ടലുകൾ തുറക്കുന്നത്. പദ്ധതിക്കായി ഈ വര്‍ഷം 20 കോടി രൂപ മാറ്റിെവച്ചതായി ആദ്യഹോട്ടൽ ഉദ്ഘാടന വേളയിൽ വകുപ്പ് മന്ത്രി പി. തിലോത്തമൻ അറിയിച്ചിരുന്നു. എം.എൽ.എമാരുടെ സഹായത്തോടെ സന്നദ്ധ സംഘടനകളുമായി കൈകോർത്താണ് സുഭിക്ഷ ഹോട്ടലുകള്‍ തുടങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.