സർക്കാർ തലത്തിൽ അനാവശ്യ ചെലവും ധൂർത്തും ഒഴിവാക്കാൻ നടപടി –മന്ത്രി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് സർക്കാർ തലത്തിൽ അനാവശ്യ ചെലവും ധൂർത്തും ഒഴിവാക്കാൻ നടപടി സ്വീകരിച്ചെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു. വിദേശയാത്ര, വിമാനയാത്ര, ടെലിഫോൺ ചാർജ്, ഉദ്യോഗസ്ഥ പുനർവിന്യാസം, വാഹനം വാങ്ങൽ, കെട്ടിടങ്ങൾ മോടിപിടിപ്പിക്കൽ, ലീവ് സറണ്ടർ അടക്കമുള്ള ചെലവുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. നികുതി പിരിവ് കാര്യക്ഷമമാക്കാനും വെട്ടിപ്പ് തടയാനും നടപടിയെടുത്തു.
പല ഇതര സംസ്ഥാന ലോട്ടറികൾക്ക് പിന്നിലും ഒരേ കമ്പനികൾ
പല ഇതര സംസ്ഥാന ലോട്ടറികളുടെയും പിന്നിൽ പ്രവർത്തിക്കുന്നത് ഒരേ കമ്പനികളാണെന്നും സംസ്ഥാന ലോട്ടറിയെ തകർക്കുന്നതുൾപ്പെടെ അവരുടെ നീക്കങ്ങളെ ഒരുമിച്ച് നേരിടാൻ സാധിക്കണമെന്നും മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. സംസ്ഥാന ലോട്ടറി കച്ചവടം കുറയുകയാണ്. 2018-19 വർഷം 9262 കോടിയുടെയും 19-20 ൽ 9972 കോടിയുടെയും കച്ചവടം നടന്ന സ്ഥലത്ത് 20-21ൽ 4910 കോടിയായി കുറഞ്ഞു. ഇതിൽ വരുമാനമായി സർക്കാർ ഖജനാവിലെത്തുന്നത് മൂന്ന് ശതമാനം മാത്രമാണ്.
ടിക്കറ്റുകളുടെ വിശ്വാസ്യത പരിശോധിക്കുന്നതിന് 'ഭാഗ്യകേരളം' എന്ന പേരിൽ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കിയിട്ടുട്ടുണ്ടെന്ന് വാഴൂർ സോമൻ, പി.എസ്. സുപാൽ, വി.ആർ. സുനിൽകുമാർ, മുഹമ്മദ് മുഹ്സിൻ, വി.ഡി. സതീശൻ, എം. വിൻസെൻറ് എന്നിവരുടെ ചോദ്യങ്ങൾക്ക് മന്ത്രി മറുപടി നൽകി.
'മെയ്ഡ് ഇൻ കേരള' ബ്രാൻഡിന് ശ്രമം
കേരളത്തിൽ നിർമിക്കുന്ന എല്ലാ ഉൽപന്നങ്ങൾക്കും ആഗോള വിപണിയിൽ 'മെയ്ഡ് ഇൻ കേരള' ബ്രാൻഡ് നേടിയെടുക്കുന്നതിനുള്ള സാധ്യതകൾ പരിശോധിച്ചു വരികയാണെന്ന് മന്ത്രി പി. രാജീവ്. കെ.എസ്.ഐ.ഡി.സി മുഖേനയാണ് ഇത് ഉദ്ദേശിക്കുന്നത്.
വാസസ്ഥലഭൂമി രജിസ്ട്രേഷന് ആർ.ടി.പി.സി.ആർ വേണ്ട
ഭിന്നശേഷിക്കാർക്കും വൃദ്ധർക്കുമായി ഏർപ്പെടുത്തിയിട്ടുള്ള വാസസ്ഥലഭൂമി രജിസ്ട്രേഷൻ അപേക്ഷകളിൽ ആർ.ടി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമില്ലെന്ന് മന്ത്രി വി.എൻ. വാസവൻ.
സഹകരണ ബാങ്ക് നിക്ഷേപങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താൻ നടപടി
സഹകരണ ബാങ്കുകളിലെ നിക്ഷേപത്തിന് സുരക്ഷ ഉറപ്പുവരുത്താൻ നടപടി ആരംഭിച്ചതായി മന്ത്രി വി.എൻ. വാസവൻ. എല്ലാ ബാങ്കുകളിലും കുറ്റമറ്റ രീതിയിൽ ഓഡിറ്റിങ് ആരംഭിച്ചു. നിക്ഷേപക സംരക്ഷണ പദ്ധതിയും നടപ്പാക്കും. മൊറട്ടോറിയം കാലത്ത് സഹകരണ വായ്പകൾക്ക് ഈടാക്കുന്ന കൂട്ടുപലിശയിൽ ഒറ്റത്തവണ തീർപ്പാക്കൽ സമയത്ത് ഇളവ് ലഭിക്കും.
എ.ആർ നഗർ സർവിസ് ബാങ്കിൽ ഉൾപ്പെടെ എൻ.ആർ.ഐ നിക്ഷേപം സ്വീകരിക്കാൻ അനുമതിയുണ്ടോയെന്ന് പരിശോധിക്കുമെന്നും കെ. ബാബു, ഷാഫി പറമ്പിൽ, എ.പി. അനിൽകുമാർ, സജീവ് ജോസഫ്, എം.കെ. മുനീർ, യു.എ. ലത്തീഫ്, പി.അബ്ദുൽ ഹമീദ്, നജീബ് കാന്തപുരം, കെ.ടി. ജലീൽ എന്നിവരുടെ ചോദ്യങ്ങൾക്ക് മന്ത്രി മറുപടി നൽകി.
ലോക്ഡൗണിൽ വൈദ്യുതി ഉപഭോഗം കുറഞ്ഞു
ലോക്ഡൗണിൽ സംസ്ഥാനത്തെ ആഭ്യന്തര വൈദ്യുതി ഉപഭോഗം ഗണ്യമായി കുറഞ്ഞതായി മന്ത്രി കെ. കൃഷ്ണൻകുട്ടി. 2020-21ൽ ഉപഭോഗം മുൻവർഷത്തെ അപേക്ഷിച്ച് 4.30 ശതമാനം വർധനയാണ് പ്രതീക്ഷിച്ചതെങ്കിലും കോവിഡ് സാഹചര്യത്തിൽ 2.17 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.