അറവുശാല ലേലത്തർക്കം: ഇറച്ചി വ്യാപാരിയെ കുത്തിക്കൊന്നു
text_fieldsകുന്നിക്കോട്: അറവുശാല ലേലത്തെചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഇറച്ചി വ്യാപാരിയായ കാപ്പ കേസ് പ്രതിയെ നടുറോഡിൽ കുത്തിക്കൊന്നു. കുന്നിക്കോട് പുളിമുക്കിൽ റസീന മൻസിലിൽ പോത്ത് റിയാസ് എന്ന റിയാസാണ് (32) കൊല്ലപ്പെട്ടത്. സംഭവത്തില്‍ മേലില കടമ്പ്ര സ്വദേശിയായ വിളക്കുടി പാപ്പാരംകോട് ഷിബിൻ മൻസിലിൽ വക്കീൽ എന്ന ഷിഹാബുദ്ദീനെ (42) കുന്നിക്കോട് പൊലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച രാത്രി 10ഓടെ കുന്നിക്കോട് - പട്ടാഴി റോഡില്‍ സുവർണ ഓഡിറ്റോറിയത്തിനു സമീപമായിരുന്നു സംഭവം. ഇറച്ചി വ്യാപാരികളായ ഇരുവരും തമ്മില്‍ തർക്കമുണ്ടായിരുന്നു. കഴിഞ്ഞദിവസം മേലില പഞ്ചായത്തിലെ അറവുശാല ലേലവുമായി ബന്ധപ്പെട്ടും തർക്കമുണ്ടായി. ശനിയാഴ്ച രാത്രി ബന്ധുവീട്ടിലേക്ക് പോകാൻ നടന്നുവന്ന ഷിഹാബിനെ റിയാസ് ബൈക്കിൽ വന്ന് തടഞ്ഞുനിർത്തി അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്തതിനെ തുടർന്ന് കൈയിൽ കരുതിയിരുന്ന കത്തിയെടുത്ത് ഷിഹാബ് കുത്തുകയായിരുന്നെന്ന് പൊലീസ് പറയുന്നു.
ചോരയിൽ കുളിച്ച് കിടന്ന റിയാസിനെ നാട്ടുകാർ പുനലൂർ താലൂക്കാശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് റിയാസ്. ഒരുവർഷം മുമ്പ് കാപ്പ കേസിൽ നാടുകടത്തിയിരുന്നു. കാലാവധി പൂർത്തിയായി തിരിച്ചെത്തിയ റിയാസിനെ വീണ്ടും നാടുകടത്താൻ പൊലീസ് നടപടികൾ പുരോഗമിക്കവെയാണ് കൊലപാതകം. കസ്റ്റഡിയിലെടുത്ത ഷിഹാബിനെ കുന്നിക്കോട് എസ്.എച്ച്.ഒ എൻ. അൻവർ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.