Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമെക് 7: പി. മോഹനനും...

മെക് 7: പി. മോഹനനും കുടുംബവും ആർ.എസ്.എസ് ചാരൻമാരെന്ന് സംശയമെന്ന് അബിൻ വർക്കി: ‘ആർ.എസ്.എസ് ശാഖ നടത്തുമ്പോൾ ഇല്ലാത്ത പ്രശ്‌നം എന്തിന്?’

text_fields
bookmark_border
മെക് 7: പി. മോഹനനും കുടുംബവും ആർ.എസ്.എസ് ചാരൻമാരെന്ന് സംശയമെന്ന് അബിൻ വർക്കി: ‘ആർ.എസ്.എസ് ശാഖ നടത്തുമ്പോൾ ഇല്ലാത്ത പ്രശ്‌നം എന്തിന്?’
cancel

മലപ്പുറം: ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് ഇന്ത്യയിൽ പറയുന്ന അതേ ആരോപണങ്ങളാണ് പി. മോഹനൻ കേരളത്തിൽ പറയുന്നതെന്നും അദ്ദേഹം യഥാർഥത്തിൽ കേരളത്തിലെ മോഹൻ ഭ​ഗവതാണോ എന്നും യൂത്ത് കോൺ​ഗ്രസ് വൈസ് പ്രസിഡന്റ് അബിൻ വർക്കി. ഇരുവരുടെയും പേരും സ്വഭാവവും വർഗീയപ്രചാരണവും സമാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആർ.എസ്.എസ് ശാഖ നടത്തുമ്പോൾ ഉണ്ടാകാത്ത പ്രശ്‌നമാണ് മെക് 7 വ്യായാമം നടത്തുമ്പോൾ സി.പി.എം ഉന്നയിക്കുന്നത്. ഇതിൽ വർഗീയ ചാപ്പ കുത്താൻ സി.പി.എമ്മിന് എന്ത് കാര്യമാണുള്ളത്? -മെക് 7ന് പിന്തുണ അർപ്പിച്ച് ചേളാരി യൂണിറ്റിൽ നടന്ന വ്യായാമ കൂട്ടായ്മയിൽ പ​ങ്കെടുത്തുകൊണ്ട് അബിൻ വർക്കി ചോദിച്ചു.

‘ടി.പി. ചന്ദ്രശേഖറിനെ കൊലപ്പെടുത്തിയ കാറിൽ മാഷാ അല്ലാഹ് സ്റ്റിക്കർ ഒട്ടിച്ച് കൈരളി ടി.വിയിലൂടെ വർഗീയ പ്രചരണം നടത്തിയിരുന്നു. അതിന് പിന്നിൽ മോഹനൻ മാസ്റ്റർ തന്നെയാണ്. വടകരയിൽ കാഫിർ സ്ക്രീൻ ഷോട്ട് വിവാദത്തിൽ നടത്തിയ അന്വേഷണം ചെന്നെത്തിയത് സി.പി.എം നേതാവിലേക്കാണ്. കാഫിർ സ്ക്രീൻ ഷോട്ട് ഉണ്ടാക്കിയവരെ അന്വേഷിച്ച് ചെന്നാൽ പി.മോഹനന്റെ വീട്ടിലെ കട്ടിലിന്റെ അടിയിൽ എത്തും. മെക് സെവനെതിരെ ആദ്യമായി വർഗീയ ചാപ്പ കുത്തുന്നതും ഇതേ പി. മോഹനനാണ്. മലബാറിൽ മുസ്‍ലിം -ഹിന്ദു വർഗീയത ഉണ്ടാക്കുന്ന മനുഷ്യനായി പി. മോഹനൻ അധപതിച്ചു. അതിന് സി.പി.എം കുടപിടിക്കുകയാണ്. ആർ.എസ്.എസിന് ഒരു മുഴം മുന്നേ വർഗീയത പറയാനാണ് സി.പി.എം ശ്രമം. പി. മോഹനനും കുടുംബവും ആർ.എസ്.എസിന്റെ ചാര ഏജന്റുമാരാണോ എന്ന് തങ്ങൾക്ക് സംശയമുണ്ട്’ -അദ്ദേഹം പറഞ്ഞു.

വിവാദം വന്നപ്പോഴാണ് മെക് 7നെ കുറിച്ച് അറിഞ്ഞത്. പ്രോത്സാഹിപ്പിക്കപ്പെടേണ്ട നല്ല കൂട്ടായ്മയാണിത്. ഇതിനകത്ത് ശബരിമലക്ക് പോകാൻ മാലയിട്ടവർ ഉണ്ട്. ഇവിടെയുള്ള പരിശീലകൻ തന്നെ ഹൈന്ദവ വിശ്വാസിയാണ്. ക്രിസ്ത്യാനിയും ഹിന്ദുവും മുസ്‍ലിമും ഉണ്ട്. ജാതി, മത, രാഷ്ട്രീയ ഭേദമില്ലാതെ എല്ലാവരും ഇതിൽ പ​​ങ്കെടുക്കുന്നുണ്ട്. ജിം, യോഗ തുടങ്ങിയ വ്യായാമമുറകളാണ് ഇവിടെ പരിശീലിപ്പിക്കുന്നത്. മന്ത്രി മുഹമ്മദ് റിയാസ് അടക്കം മെക് സെവൻ പ്രോത്സഹിപ്പിക്കണമെന്ന് പറഞ്ഞിട്ടുണ്ട്. പിന്നെ എന്തിനാണ് സി.പി.എം വർഗീയ ചാപ്പ കുത്തുന്നതെന്നും അദ്ദേഹം ചോദിച്ചു.

കൂടുതൽ യൂണിറ്റുകളുമായി മുന്നോട്ടുപോകണം. സി.പി.എമ്മിന്റെ ദുഷ്പ്രചാരണം ദേശീയതലത്തിൽ ഏറ്റുപിടിച്ച് ആർ.എസ്.എസ് വർഗീയ പ്രചരണം നടത്തുകയാണ്. എസ്.ഡി.പി.ഐയുടെ നേതൃത്വത്തിൽ സായുധ പരിശീലനം നടത്തുകയാണെന്നാണ് സംഘ്പരിവാർ പ്രചരിപ്പിക്കുന്നത്. ഇവിടെ പരിശീലനത്തിന് വരുന്നവരുടെ ​കൈകളിൽ ഏത് തരത്തിലുള്ള ആയുധമാണുള്ളത്? ആരാണ് ഈ പ്രചാരണത്തിന് തുടക്കം കുറിച്ചത്? ആർ.എസ്.എസുകാരനല്ല, സി.പി.എം ജില്ലാ സെക്രട്ടറിയാണ്. അദ്ദേഹത്തിന് ഈ വിഷയത്തിലുള്ള താൽപര്യം എന്താണെന്ന് പരിശോധിക്കപ്പെടണം. മോഹനൻ വളരെ കൃത്യമായി ഈ വർഗീയ പന്ത് ആർ.എസ്.എസിന്റെ കോർട്ടിലേക്ക് ഇട്ട് ​കൊടുത്തിട്ടാണ് വിവാദത്തിൽനിന്ന് തലയൂരുന്നത് -അബിൻ വർക്കി പറഞ്ഞു.

മെക് സെവനെതിരായ വർഗീയ പ്രചാരണത്തെ പ്രതിരോധിക്കാൻ യൂത്ത് കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ടെന്നും അതിന്റെ ഭാഗമായാണ് സന്ദർശനമെന്നും അദ്ദേഹം പറഞ്ഞു. വരും ദിവസങ്ങളിൽ കൂടുതൽ നേതാക്കൾ ഇതിൽ പ​ങ്കെടുക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:p mohananAbin VarkeyMec 7
News Summary - Mec 7: abin varkey against p mohanan
Next Story