Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമെക് 7: വിവാദമാക്കിയത്...

മെക് 7: വിവാദമാക്കിയത് സംഘ്പരിവാറെന്ന് സി.പി.ഐ മുഖപത്രം: ‘വ്യായാമത്തിനെന്ത് മതവും രാഷ്ട്രീയവും? പ്രതിഫലം വാങ്ങാത്ത പദ്ധതി പ്രോത്സാഹിപ്പിക്കണം’

text_fields
bookmark_border
മെക് 7: വിവാദമാക്കിയത് സംഘ്പരിവാറെന്ന് സി.പി.ഐ മുഖപത്രം: ‘വ്യായാമത്തിനെന്ത് മതവും രാഷ്ട്രീയവും? പ്രതിഫലം വാങ്ങാത്ത പദ്ധതി പ്രോത്സാഹിപ്പിക്കണം’
cancel

കോഴിക്കോട്: എല്ലാ കാര്യങ്ങളിലും രാഷ്ട്രീയമോ മതമോ വിശ്വാസസംഹിതകളോ കൂട്ടിക്കുഴയ്ക്കുന്ന പ്രവണത കുറച്ചുകാലമായി കണ്ടുവരുന്നുണ്ടെന്നും ജനകീയ വ്യായാമ കൂട്ടായ്മയായ മെക് 7 വിവാദമാക്കിയതിന് പിന്നിൽ സംഘ്പരിവാറാണെന്നും സി.പി.ഐ മുഖപത്രം ജനയുഗം. ചില സമുദായ നേതാക്കളും രാഷ്ട്രീയപ്രവർത്തകരും വിഷയത്തിൽ ഇടപെടുകയും ചെയ്തതായും ‘വ്യായാമത്തിനെന്ത് മതവും രാഷ്ട്രീയവും’ എന്ന തലക്കെട്ടിലുള്ള മുഖപ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. സി.പി.എം കോഴിക്കോട് ജില്ല സെക്രട്ടറി പി. മോഹനൻ മാസ്റ്ററും എ.പി വിഭാഗം സമസ്ത നേതാക്കളുമാണ് മെക് 7ന് ​എതിരെ രംഗത്തുവന്നിരുന്നത്. എന്നാൽ, ആരുടെ കയ്യില്‍ നിന്നും ഒരു രൂപപോലും വാങ്ങാതെ തികച്ചും അതാത് പ്രദേശങ്ങളിലെ ജനങ്ങള്‍ ഒത്തുകൂടി വ്യായാമപരിശീലനം നടത്തുന്നുണ്ടെങ്കില്‍ അതിനെ പ്രോത്സാഹിപ്പിക്കുക തന്നെ വേണമെന്ന് മുഖപ്രസംഗത്തിൽ ആഹ്വാനം ചെയ്തു.

സാമൂഹമാധ്യമങ്ങളുടെ സ്വാധീനം ശക്തമായതോടെ ആർക്കും എന്തും പ്രചരിപ്പിക്കാമെന്ന നിലയ്ക്കാണ് കാര്യങ്ങൾ എത്തിനിൽക്കുന്നതും. ഇത് ഏറ്റവും മോശം രീതിയിൽ ഉപയോഗപ്പെടുത്തുന്നത് സംഘ്പരിവാർ സംഘടനകളാണെന്നതും എടുത്തുപറയേണ്ടത് തന്നെയാണ്. ഈ വിഷയത്തിലും ബിജെപിയും സംഘ്പരിവാർ സംഘടനകളും ചാടിവീഴുകയും എൻഐഎ അടക്കമുള്ള അന്വേഷണ ഏജൻസികൾ ഉടൻതന്നെ എത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. അതിരാവിലെ നടത്തുന്ന വ്യായാമപരിപാടിയിൽ എന്തോ കാര്യമായ ഭീകരപ്രവർത്തനം നടത്തുന്നുവെന്ന് സ്ഥാപിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. ചില സമുദായ നേതാക്കളും രാഷ്ട്രീയപ്രവർത്തകരും വിഷയത്തിൽ ഇടപെടുകയും ചെയ്തു.

മുഖപ്രസംഗത്തിൽനിന്ന്:

‘മലബാറിൽ അതിവേഗം പ്രചരിക്കുന്ന മെക്ക് സെവൻ എന്ന വ്യായാമക്കൂട്ടായ്മ അടുത്തിടെ വിവാദമായി. പിന്നണിയിൽ പ്രവർത്തിക്കുന്നവർ വിശദീകരണങ്ങളുമായി രംഗത്തെത്തിയതോടെ വിവാദങ്ങൾ ഏറെക്കുറെ അവസാനിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലായി ഒരു രൂപയുടെ പോലും ചെലവില്ലാതെ ഇത്തരത്തിൽ വലിയൊരു ആരോഗ്യസംരക്ഷണക്കൂട്ടായ്മ പടർന്നുപന്തലിച്ചുവെന്ന വാർത്ത ലോകമെങ്ങും പരന്നുവെന്നതാണ് ഇതുകൊണ്ടുണ്ടായ നേട്ടം. ചർച്ചകളും വിവാദങ്ങളും ഉയരുന്നത് ജനാധിപത്യ സമൂഹത്തിൽ ആരോഗ്യകരം തന്നെയാണ്. നല്ലതും മോശമായതും തിരിച്ചറിയാനും അത് സഹായകമാകും.

എല്ലാ കാര്യങ്ങളിലും രാഷ്ട്രീയമോ മതമോ വിശ്വാസസംഹിതകളോ കൂട്ടിക്കുഴയ്ക്കുന്ന പ്രവണത കുറച്ചുകാലമായി കണ്ടുവരുന്നുണ്ട്. സാമൂഹമാധ്യമങ്ങളുടെ സ്വാധീനം ശക്തമായതോടെ ആർക്കും എന്തും പ്രചരിപ്പിക്കാമെന്ന നിലയ്ക്കാണ് കാര്യങ്ങൾ എത്തിനിൽക്കുന്നതും. ഇത് ഏറ്റവും മോശം രീതിയിൽ ഉപയോഗപ്പെടുത്തുന്നത് സംഘ്പരിവാർ സംഘടനകളാണെന്നതും എടുത്തുപറയേണ്ടത് തന്നെയാണ്. ഈ വിഷയത്തിലും ബിജെപിയും സംഘ്പരിവാർ സംഘടനകളും ചാടിവീഴുകയും എൻഐഎ അടക്കമുള്ള അന്വേഷണ ഏജൻസികൾ ഉടൻതന്നെ എത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. അതിരാവിലെ നടത്തുന്ന വ്യായാമപരിപാടിയിൽ എന്തോ കാര്യമായ ഭീകരപ്രവർത്തനം നടത്തുന്നുവെന്ന് സ്ഥാപിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. ചില സമുദായ നേതാക്കളും രാഷ്ട്രീയപ്രവർത്തകരും വിഷയത്തിൽ ഇടപെടുകയും ചെയ്തു.

ഒട്ടേറെ മേഖലകളില്‍ രാജ്യത്തിന് മാതൃകയാകുന്ന വളര്‍ച്ചയും വികസനവും നേടാന്‍ കേരളത്തിന് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ജീവിതരീതിയില്‍ കാര്യമായ മാറ്റം വന്നതോടെ അത് കേരളീയരുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചു. ജീവിതശൈലീ രോഗങ്ങളും മറ്റും സര്‍വസാധാരണമായി. വണ്ണവും കുടവയറും ആരോഗ്യത്തിന്റെ ലക്ഷണങ്ങളായി മുമ്പ് കണ്ടിരുന്നുവെങ്കില്‍ ഇന്നത് രോഗലക്ഷണം സ്ഥിരീകരിക്കുന്നതിന്റെ അളവുകോലായി. ഏത് ഡോക്ടറുടെ അടുത്തുചെന്നാലും വ്യായാമം വേണമെന്ന് നിഷ്കര്‍ഷിക്കുന്ന നിലയിലേക്ക് കാര്യങ്ങളെത്തി. ഇത് മുതലാക്കാനായി നാട്ടിലെമ്പാടും ജിംനേഷ്യങ്ങളും യോഗപരിശീലനകേന്ദ്രങ്ങളും മുളച്ചുപൊന്തി. ഇതിനിടെയാണ് മെക് സെവന്‍ വിവാദവും ഉയര്‍ന്നത്. അര്‍ധസൈനിക സർവീസിൽ നിന്ന് വിരമിച്ച മലപ്പുറം കൊണ്ടോട്ടി തുറക്കലിലെ പി സലാഹുദ്ദീൻ തുടക്കമിട്ട ആ­രോഗ്യപ്രസ്ഥാനമാണ് മെക് സെവൻ അഥവാ മൾട്ടി എക്സർസൈസ് കോമ്പിനേഷൻ. ജീവിതശൈലീരോഗങ്ങൾക്കുള്ള പരിഹാരമായി 2012ലാണ് തന്റെ നാട്ടില്‍ ലഘു വ്യായാമപരിശീലന പരിപാടി തുടങ്ങുന്നത്. എയ്റോബിക്സ്, ഫിസിയോതെറാപ്പി, യോഗ, മെഡിറ്റേഷൻ, ഫേസ് മസാജ്, അക്യുപ്രഷർ, ഡീപ് ബ്രീത്തിങ് തുടങ്ങി പഴയതും പുതിയതുമായ ഏഴുതരത്തിലുള്ള രീതികള്‍ സംയോജിപ്പിച്ച് ദിവസം 20 മിനിറ്റ് വേണ്ടിവരുന്ന 21 വ്യായാമമുറകൾ ഉൾക്കൊള്ളുന്നതാണ് മെക് സെവന്‍ വ്യായാമപരിശീലന പദ്ധതി. ആദ്യത്തെ പത്തുവര്‍ഷക്കാലം തന്റെ പ്രദേശത്തുമാത്രം മുടങ്ങാതെ നടത്തി. കൊറോണ വ്യാപനത്തിനുശേഷം ആരോഗ്യപ്രശ്നങ്ങൾ ഉയർന്നതോടെ മുതിർന്ന പൗരന്മാർ അടക്കമുള്ളവര്‍ കൂട്ടത്തോടെ ഈ വ്യായാമക്കൂട്ടായ്മയിൽ എത്തിച്ചേര്‍ന്നു.

കേട്ടറിഞ്ഞവരൊക്കെ ഇതിന്റെ ഭാഗമാകുകയും അതാത് പ്രദേശങ്ങളില്‍ കൂട്ടായ്മകള്‍ രൂപീകരിച്ച് വ്യായാമമുറകൾ ദൈനംദിനജീവിതത്തിന്റെ ഭാഗമാക്കുകയും ചെയ്തു. 2022 മുതലാണ് മലപ്പുറത്തിന്റെയും കോഴിക്കോടിന്റെയും വിവിധ പ്രദേശങ്ങളില്‍ പുതിയ ശാഖകൾ ആരംഭിക്കുന്നത്. രണ്ടുവര്‍ഷം പിന്നിട്ടപ്പോഴേക്കും വിവിധ പ്രദേശങ്ങളിലായി രണ്ടായിരത്തോളം കൂട്ടായ്മകള്‍ ഉണ്ടായി. എല്ലാ പ്രായക്കാർക്കിടയിലും ഈ വ്യായാമ പദ്ധതി പ്രചാരം നേടി. മധ്യവയസ്കരായ സ്ത്രീകളാണ് കൂട്ടത്തോടെയെത്തിയത്. 60 വയസിന് മുകളിലുള്ളവരാണ് കൂടുതലായും പങ്കെടുക്കുന്നത്. ഇപ്പോള്‍ യുഎഇ, സൗദി അറേബ്യ ഉൾപ്പെടെ വിദേശ രാജ്യങ്ങളിലേക്കും ഫീസില്ലാത്ത വ്യായാമപരിശീലന പരിപാടി വളര്‍ന്നുവെന്ന് സംഘാടകര്‍ വ്യക്തമാക്കുന്നു.

ഇതിനിടെയാണ് വര്‍ഗീയതാല്പര്യത്തോടെ ചിലര്‍ ഇതില്‍ നുഴഞ്ഞുകയറിയതായുള്ള വിവാദമുയര്‍ന്നത്. എന്നാല്‍ എല്ലാ മതവിശ്വാസങ്ങളിലും രാഷ്ട്രീയസംഹിതകളിലും വിശ്വസിക്കുന്നവര്‍ ഇതിലുണ്ടെന്നാണ് കൂട്ടായ്മയെ മുന്നോട്ടുകൊണ്ടുപോകുന്നവര്‍ അവകാശപ്പെടുന്നത്. ഇനി അത്തരത്തില്‍ സംശയങ്ങള്‍ ഉണ്ടെങ്കില്‍ ഏത് ഏജന്‍സിക്കും ഇതേക്കുറിച്ച് അന്വേഷിക്കാമെന്നും അവര്‍ വ്യക്തമാക്കുന്നു. ആരോപണങ്ങള്‍ ഉയര്‍ന്ന സ്ഥിതിക്ക് കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകളുടെ കീഴിലുള്ള വിവിധ അന്വേഷണ ഏജന്‍സികള്‍ ഇടപെട്ട് നിജസ്ഥിതി അറിയുന്നത് ഗുണകരമാണ്. എന്നാല്‍ ആരുടെ കയ്യില്‍ നിന്നും ഒരു രൂപപോലും വാങ്ങാതെ തികച്ചും അതാത് പ്രദേശങ്ങളിലെ ജനങ്ങള്‍ ഒത്തുകൂടി വ്യായാമപരിശീലനം നടത്തുന്നുണ്ടെങ്കില്‍ അതിനെ പ്രോത്സാഹിപ്പിക്കുക തന്നെ വേണം.

സ്ഥാപിത താല്പര്യക്കാരും ഭൂരിപക്ഷ‑ന്യൂനപക്ഷ വര്‍ഗീയ ശക്തികളും എവിടെയും നുഴഞ്ഞുകയറി അവരുടെ താല്പര്യങ്ങള്‍ ഗൂഢമായി പ്രചരിപ്പിക്കാന്‍ ശ്രമം നടത്തും. അതിനെ ചെറുക്കാനുള്ള ജാഗ്രതയാണ് പൊതുസമൂഹവും ഭരണസംവിധാനങ്ങളും പൊലീസും രഹസ്യാന്വേഷണ ഏജന്‍സികളും പുലര്‍ത്തേണ്ടത്.’’

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpijanayugam editorialjanayugamMec 7
News Summary - mec 7 janayugam editorial
Next Story