മെക് 7 മേഖല തല ഉദ്ഘാടനം നിര്‍വഹിച്ച് ശ്രീകണ്ഠന് എം.പി; ‘നല്ല വ്യായാമ പദ്ധതി, രാജ്യ വ്യാപകമായി നടപ്പാക്കണം’
text_fieldsപാലക്കാട്: ആരോഗ്യ പരിപാലനം ലക്ഷ്യമാക്കി നഗരങ്ങളിലും ഗ്രാമങ്ങളിലും വ്യാപകമായ ‘മെക് 7’ വ്യായാമ കൂട്ടായ്മയുടെ പട്ടാമ്പി മേഖല തല ഉദ്ഘാടനം വി.കെ. ശ്രീകണ്ഠന് എം.പി നിർവഹിച്ചു. കൂട്ടായ്മക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങളുമായി സി.പി.എമ്മും കാന്തപുരം എ.പി വിഭാഗം നേതാക്കളും രംഗത്തുവന്നതിന് പിന്നാലെയാണ് മെക് 7 പട്ടാമ്പി മേഖല തല ഉദ്ഘാടനം ഇന്ന് രാവിലെ ഓങ്ങല്ലൂർ അൽഹുദ ഇംഗ്ലീഷ് സ്കൂൾ ഗ്രൗണ്ടിൽ എം.പി നിർവഹിച്ചത്.
കുറച്ചു സമയം മാത്രമുള്ള നല്ല ഒരു വ്യായാമ പദ്ധതിയാണ് മെക് 7 എന്നും രാജ്യ വ്യാപകമായി നടപ്പാക്കണമെന്നും വി.കെ. ശ്രീകണ്ഠന് എം.പി പറഞ്ഞു. ജാതിയും മതവും രാഷ്ട്രീയവും ഒന്നും തനിക്കിതില്‍ കാണാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.
മലബാറില്‍ പ്രചാരം നേടിയ വ്യായാമ കൂട്ടായ്മയായ മെക് സെവനില്‍ തീവ്രവാദ ശക്തികള്‍ നുഴഞ്ഞുകയറിയിട്ടുണ്ട് എന്നായിരുന്നു കഴിഞ്ഞ ദിവസം സി.പി.എം കോഴിക്കോട് ജില്ല സെക്രട്ടറി പി. മോഹനൻ ആരോപിച്ചത്. എന്നാൽ, ഈ ആരോപണം വിവാദമായതോടെ അദ്ദേഹം മലക്കംമറിഞ്ഞു. മെക് 7നെതിരെ താൻ ഒന്നും പറഞ്ഞിട്ടില്ലെന്നും തങ്ങൾക്ക് മെക് 7നെ കുറിച്ച് ആക്ഷേപമില്ലെന്നും അദ്ദേഹം ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു. ഇത്തരം പൊതുകൂട്ടായ്മകളിൽ നുഴഞ്ഞുകയറി മതനിരപേക്ഷത തകർക്കാൻ സംഘപരിവാർ, ജമാഅത്തെ ഇസ്ലാമി, എസ്.ഡി.പി.ഐ എന്നിവർ ശ്രമിക്കുന്നുണ്ട്. അതാണ് കഴിഞ്ഞ ദിവസം താൻ പറഞ്ഞതെന്നാണ് പി.മോഹനൻ വിശദീകരിച്ചത്.
‘എല്ലാതരം വർഗീയതകളേയും സി.പി.എം എതിർക്കാറുണ്ട്. ജനങ്ങളെ ഭിന്നിപ്പിക്കുന്ന ഒന്നിനേയും സി.പി.എം അനുകൂലിക്കില്ല. മെക് 7 മുൻ സൈനികൻ തുടങ്ങിയെന്നാണ് മനസിലാക്കുന്നത്. അതിൽ പ്രശ്നങ്ങളൊന്നുമില്ല. വ്യായാമത്തിനായുള്ള സംഘടന പ്രോൽസാഹിപ്പിക്കപ്പെടേണ്ടതാണ്’ -അദ്ദേഹം കൂട്ടിച്ചേർത്തു. നഗരങ്ങളിലും ഗ്രാമങ്ങളിലും വ്യാപകമായ മൾട്ടി എക്സർസൈസ് കോമ്പിനേഷൻ (മെക് 7) വ്യായാമ കൂട്ടായ്മയെച്ചൊല്ലി മോഹനന്റെ വിവാദ പ്രസ്താവന വൻ ചർച്ചയായിരുന്നു. മെക് 7ന് പിന്നിൽ ജമാഅത്തെ ഇസ്ലാമിയാണെന്നും പോപുലർ ഫ്രണ്ട് സ്വാധീനം പിന്നിലുണ്ടെന്നുമാണ് കണ്ണൂർ ജില്ലയിൽ നടന്ന സി.പി.എം ഏരിയ സമ്മേളനത്തിൽ മോഹനൻ ആരോപിച്ചത്.
സുന്നി കാന്തപുരം വിഭാഗവും കൂട്ടായ്മക്കെതിരെ രംഗത്തുവന്നിരുന്നു. കൂട്ടായ്മക്ക് പിന്നിൽ ജമാഅത്തിനെയും മുജാഹിദ് വിഭാഗങ്ങളെയും കൂട്ടിക്കെട്ടിയും എൻ.ഡി.എഫിന്റെ പഴയ രൂപമാണെന്ന് ആരോപിച്ചുമായിരുന്നു രംഗപ്രവേശം. സമൂഹ മാധ്യമങ്ങളിൽ പ്രചാരണ കാമ്പയിനും കാന്തപുരം വിഭാഗം നേതാക്കൾ സംഘടിപ്പിച്ചു. മലപ്പുറം കൊണ്ടോട്ടിക്കടുത്ത തുറക്കലിലുള്ള മുൻ സൈനികൻ പി. സലാഹുദ്ദീൻ തുടക്കംകുറിച്ചതാണ് മൾട്ടി എക്സർസൈസ് കോമ്പിനേഷൻ (മെക് 7) എന്ന വ്യായാമ സംവിധാനം. 21 മിനിറ്റ് നീളുന്ന വ്യായാമ കൂട്ടായ്മയാണ് മെക് സെവന്. 2012 ലാണ് ഈ കൂട്ടായ്മ തുടങ്ങുന്നത്.
‘മെക് 7’ നല്ല ആരോഗ്യ കൂട്ടായ്മയാണെന്നും വ്യായാമം ചെയ്യുന്നതിലും ആരോഗ്യം നന്നാക്കുന്നതിലും എന്തിനാണ് ഏതെങ്കിലും വിഭാഗത്തിന്റെ പേരെടുത്ത് പറയേണ്ട കാര്യമുള്ളതെന്നും മുൻ മന്ത്രി അഹമ്മദ് ദേവർകോവിൽ ചോദിച്ചിരുന്നു. പി. മോഹനന് അദ്ദേഹത്തിന്റെ രാഷ്ട്രീയം അദ്ദേഹത്തിന് പറയാമെന്നും അഹമ്മദ് ദേവർകോവിൽ പറഞ്ഞു.
‘കോഴിക്കോട് ബീച്ചിലെ ഉദ്ഘാടന പരിപാടിയിലേക്ക് ക്ഷണിച്ചപ്പോൾ പോകുകയും അവർക്കൊപ്പം വ്യായാമം ചെയ്യുകയുമുണ്ടായി. വിവിധതരം വ്യായാമ കൂട്ടായ്മകളുണ്ട്. അതിൽ ജാതി മത ചിന്തകളൊന്നും ആരും വെച്ചുപുലർത്താറില്ല. ഇത് രഹസ്യ സ്ഥലത്ത് നടത്തുന്നതല്ല, പൊതുസ്ഥലത്ത് എല്ലാവരും കാൺകെയാണ് വ്യായാമ മുറകൾ നടക്കുന്നത്. ഫലം ലഭിക്കുന്നത് കൊണ്ടാണല്ലോ ആളുകൾ അതിനോട് താൽപര്യം പ്രകടിപ്പിക്കുന്നത്. ഒരു സാമ്പത്തിക ലാഭവും പ്രതീക്ഷിച്ചല്ല അവർ അത് ചെയ്യുന്നത്. സി.പി.എം ജില്ല സെക്രട്ടറി പി. മോഹനനുമായി ഫോണിൽ സംസാരിച്ചിരുന്നു. ഏതെങ്കിലും സംഘടനയെ വിമർശിച്ചിട്ടില്ലെന്നും പൊതുവായി പറയുന്ന കൂട്ടത്തിൽ ഇത്തരം കൂട്ടായ്മകൾക്കിടയിൽ ഏതെങ്കിലും സംഘടനകൾ നുഴഞ്ഞുകയറ്റം ഉണ്ടാകാതിരിക്കാൻ ജാഗ്രത പാലിക്കണം എന്നാണ് പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ രാഷ്ട്രീയം അദ്ദേഹത്തിന് പറയാം’ -അഹമ്മദ് ദേവർകോവിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.