ജനകീയ വ്യായാമ ശൃംഖല; വിവാദം ദൗര്‍ഭാഗ്യകരം
text_fieldsകൊണ്ടോട്ടി: ശാസ്ത്രീയ വ്യായാമം ജീവിതചര്യയാക്കി ആരോഗ്യകരമായ ജീവിതവും സന്തോഷവും ഉറപ്പാക്കുന്ന മെക് 7 വ്യായാമ പരിശീലന പദ്ധതി വേര്‍തിരിവില്ലാതെ ജനം ഏറ്റെടുത്തതാണെന്നും ഈ സംവിധാനത്തെ തെറ്റായി വ്യാഖ്യാനിച്ചവരോട് സഹതാപം മാത്രമാണെന്നും മെക് 7 സ്ഥാപകനും വിമുക്തഭടനുമായ കൊണ്ടോട്ടി പുളിക്കല്‍ സ്വദേശി പെരിങ്കിടക്കാട്ട് സലാഹുദ്ദീന്.
വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ‘മാധ്യമ’ത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മെക് 7 എന്താണെന്ന് പരിശോധിക്കുകയും പഠിക്കുകയും ചെയ്യാതെ അനാവശ്യ വിവാദം സൃഷ്ടിച്ചതും പലരും അത് ഏറ്റുപിടിച്ചതും ദൗര്‍ഭാഗ്യകരമാണ്. നിലവിലെ ജീവിതശൈലിയില്‍ ആരോഗ്യത്തിലൂടെ സന്തോഷം തിരിച്ചുപിടിക്കാന്‍ തയാറാക്കിയ വ്യായാമ ശൈലികള്‍ ജനം സ്വീകരിച്ചതോടെയാണ് മെക് 7 എന്ന ആശയം വലിയൊരു പ്രസ്ഥാനമായി വളരുന്നത്. സാമ്പത്തികവും രാഷ്ട്രീയവും മതപരവുമായ ഒരുതരത്തിലുമുള്ള ഉദ്ദേശ്യങ്ങൾ ഇതിലില്ല.
മെക് 7 എന്ന സംവിധാനം അടുത്തറിഞ്ഞാല്‍ ഇത് ബോധ്യപ്പെടും. പ്രായവും വിശ്വാസവും മതവും രാഷ്ട്രീയവും നോക്കാതെ പുരുഷന്മാരും സ്ത്രീകളുമടക്കമുള്ള പതിനായിരങ്ങള്‍ മെക് 7 കൂട്ടായ്മകളുടെ ഭാഗമാണ്. ജീവിത ശൈലി രോഗങ്ങളാല്‍ പ്രയാസമനുഭവിക്കുന്നവരാണ് നഷ്ടപ്പെട്ട ആരോഗ്യം തിരിച്ചുപിടിക്കാനുള്ള വ്യായാമ മുറകള്‍ നിത്യവും അഭ്യസിക്കാന്‍ തയാറായി രംഗത്തുവരുന്നവരില്‍ കൂടുതലും. അനുഭവസ്ഥരുടെ സാക്ഷ്യപത്രവും പരിശീലിച്ചവരെല്ലാം പരിശീലകരാകുന്നതും മാത്രമാണ് ഈ കൂട്ടായ്മയുടെ വളര്‍ച്ചയിലെ പ്രധാന ചാലക ശക്തി. ഒരുതരത്തിലുള്ള ഫീസും ഈടാക്കുന്നില്ല.
വ്യത്യസ്തമായ ഏഴ് മുറകളിലൂടെ പരിശീലിപ്പിക്കുന്ന ‘മള്‍ട്ടി എക്സസൈസ് കോമ്പിനേഷന്‍’ എന്നാണ് മെക് 7 എന്ന വ്യായാമ ശൈലിയെ സലാഹുദ്ദീന് വിശേഷിപ്പിക്കുന്നത്. എയ്റോബിക്, ലളിത വ്യായാമം, യോഗ, ശ്വസന വ്യായാമം, അക്യുപ്രഷര്‍, ഓര്‍മശക്തി വീണ്ടെടുക്കാന്‍ മെഡിറ്റേഷന്‍, ഫെയ്സ് മസാജ് എന്നീ ഏഴ് വിഭാഗങ്ങളിലായി 21 വ്യായാമ മുറകള്‍ ഇതില്‍ സംഗമിക്കുന്നു.
ഏത് പ്രായക്കാര്‍ക്കും നിന്നുകൊണ്ട് ലളിതമായി ചെയ്യാവുന്ന രീതിയില്‍ 25 മിനിറ്റിനുള്ളില്‍ ശരീരത്തിന്റെ കാല്പാദം മുതല്‍ കണ്ണുകള്ക്കുവരെ ചലനമുണ്ടാക്കുന്ന വിധത്തിലാണ് വ്യായാമ മുറകള്‍ ക്രമീകരിച്ചിരിക്കുന്നത്. പ്രായം നാല്പതുകളിലെത്തുന്നതോടെ ശരീരവും മനസ്സും രോഗപീഡകള്‍ക്ക് സ്വയം സമര്‍പ്പിക്കുന്നവരുടെ കാലത്ത് ഈ പ്രഭാത വ്യായാമശൈലി ജീവിതത്തിൽ ആരോഗ്യദായകമായ പുത്തന്‍ ജീവിതക്രമം പകരുന്നെന്നത് ജനങ്ങള്‍ അനുഭവിച്ചറിഞ്ഞ വസ്തുതയാണെന്നും അദ്ദേഹം പറഞ്ഞു.
2010ല്‍ പാരാമിലിറ്ററിയില്നിന്ന് സ്വയം വിരമിച്ച സലാഹുദ്ദീന് സൈന്യത്തില്‍നിന്ന് സ്വായത്തമാക്കിയ ആരോഗ്യ പരിപാലന രീതികളില്‍നിന്ന് ചിട്ടപ്പെടുത്തിയ പുത്തന്‍ വ്യായാമ ശൈലിയിലൂടെ ആരോഗ്യകരമായ സമൂഹ സൃഷ്ടി എന്ന ആശയം സ്വന്തം നാട്ടില്‍ പ്രാവര്‍ത്തികമാക്കുകയായിരുന്നു. നാട്ടിലെ മധ്യവയസ്കരെയും മുതിര്‍ന്നവരെയും ഒപ്പംകൂട്ടി യോഗ ക്ലബ് എന്ന ആശയമാണ് ആദ്യം നടപ്പാക്കിയത്.
വിരലിലെണ്ണാവുന്നത്ര ആളുകളുമായി 2012 ജൂലൈയില്‍ കൊണ്ടോട്ടി തുറക്കലില്‍ നിന്നാരംഭിച്ച പരിശീലനം തുടര്‍ന്നുള്ള 10 വര്‍ഷങ്ങളില്‍ ഈ രംഗത്ത് നടത്തിയ പഠനങ്ങളിലൂടെയും പരീക്ഷണങ്ങളിലൂടെയും ‘മെക് 7’ എന്ന മള്‍ട്ടി എക്സസൈസ് കോമ്പിനേഷനായി വളര്‍ത്തിയെടുക്കുകയായിരുന്നു.
2022ല്‍ ‘മെക് 7’ എന്ന പേരിലേക്ക് മാറിയ കൂട്ടായ്മയുടെ രണ്ടാമത്തെ കേന്ദ്രം അടുത്ത ഗ്രാമമായ പെരുവള്ളൂരില് തുറന്നു. എല്ലാ ജീവിതശൈലീ രോഗങ്ങള്‍ക്കും ആരോഗ്യത്തിലൂടെ പ്രതിരോധം തീര്‍ക്കാനാകുന്ന വ്യായാമ മുറകള്‍ ജനത ഏറ്റുപിടിച്ചതോടെ കഴിഞ്ഞ രണ്ട് വര്‍ഷത്തെ ഇടവേളയില്‍ 586 പരിശീലന കേന്ദ്രങ്ങള്‍ എന്ന നിലയിലേക്ക് കൂട്ടായ്മ വളര്‍ന്നു.
മലപ്പുറം ജില്ലക്കു പുറമെ കോഴിക്കോട്, കാസർകോട്, കണ്ണൂര്‍, വയനാട്, പാലക്കാട് തുടങ്ങിയ ജില്ലകളിലും ജിദ്ദ, ദുബൈ, ഷാര്‍ജ, ദമ്മാം, ബ്രൂണെ എന്നിവിടങ്ങളിലും മെക് 7 കേന്ദ്രങ്ങള്‍ സജീവമാണിപ്പോള്‍. വനിതകള്‍ക്ക് മാത്രമായും ഇരുനൂറിലധികം കേന്ദ്രങ്ങളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.