മസ്ജിദുകൾ സംഘർഷ വേദിയാക്കാനുള്ള സി.പിഎം ആഹ്വാനം കരുതിയിരിക്കണം -മെക്ക
text_fieldsകൊച്ചി: വഖഫ് സ്ഥാപനമായ മസ്ജിദുകൾ സംഘർഷത്തിന് വേദിയാക്കാൻ സി.പിഎമ്മും ഇടതു സഹയാത്രികരും ചില പണ്ഡിതരും ആഹ്വാനം ചെയ്യുന്നത് വിശ്വാസികൾ കരുതിയിരിക്കണമെന്ന് മെക്ക സംസ്ഥാന ജനറൽ സെക്രട്ടറി എൻ.കെ. അലി.
കേരളത്തിലെ ഒരു മുസ്‌ലിം സംഘടനയും മസ്ജിദുകളിൽ രാഷ്ട്രീയ പ്രവർത്തനത്തിന് തീരുമാനിക്കുകയോ ആഹ്വാനം ചെയ്യുകയോ ചെയ്തിട്ടില്ല. തെറ്റായ വാർത്തകളും പ്രചാരണങ്ങളും നടത്തുന്ന സമുദായദ്രോഹികളെ മുസ്‌ലിം സമൂഹം തിരിച്ചറിയണം.
വഖഫ് സ്ഥാപനങ്ങളായ മസ്ജിദുകൾ രാഷ്ട്രീയവത്കരിച്ച് സമൂഹത്തിൽ ഭിന്നിപ്പ് സൃഷ്ടിച്ച് അധികാര സ്ഥാനങ്ങൾക്കു വേണ്ടി കോടാലി കൈകളായി പ്രവർത്തിക്കുന്നവരെ സമൂഹം തിരിച്ചറിയണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വഖഫ് നിയമനം പി.എസ്.സിക്ക് വിട്ടതടക്കം മുസ്‌ലിം വിരുദ്ധ നിലപാടുകൾക്കെതിരെ പള്ളികളിൽ ബോധവത്കരണ പ്രഭാഷണങ്ങൾ നടത്താൻ മുസ്‌ലിം നേതൃസമിതി കോർകമ്മിറ്റി യോഗം തീരുമാനിച്ചിരുന്നു. ഇതിനെതിരെ സി.പി.എമ്മും ഇടതുസഹയാത്രികരും രംഗത്തുവന്ന പശ്ചാത്തലത്തിലാണ് മെക്കയുടെ പ്രതികരണം.
വഖഫ് നിയമനം പി.എസ്.സിക്ക് വിട്ടതിനെതിരെ ഹൈകോടതി, സുപ്രീംകോടതിയടക്കമുള്ളവയെ സമീപിക്കാനാണ് മുസ്‌ലിം നേതൃയോഗത്തിന്റെ തീരുമാനം. വഖഫിേൻറത് കേന്ദ്ര നിയമമായതിനാൽ സംസ്ഥാനത്തിന് ഇടപെടാൻ അധികാരമില്ലെന്ന് കാണിച്ചാണ് നിയമനടപടികൾ ആരംഭിക്കുക. ഡിസംബർ ഏഴിന് ചൊവ്വാഴ്ച പഞ്ചായത്ത് കേന്ദ്രങ്ങളിൽ മുസ്‌ലിം നേതൃസമിതിയുടെ ആഭിമുഖ്യത്തിൽ ബഹുജന പ്രതിഷേധ റാലികളും സംഘടിപ്പിക്കും. റാലിയിൽ പ്രദേശത്തെ സമുദായ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖരെ പങ്കെടുപ്പിക്കും. തുടർന്ന് കോഴിക്കോട്ടും തിരുവനന്തപുരത്തും മുസ്‌ലിം നേതൃസമിതിയുടെ നേതൃത്വത്തിൽ ബഹുജന സമ്മേളനങ്ങളും നടത്തും.
എന്നാൽ, പള്ളിയിലെത്തുന്നവരിൽ എല്ലാ രാഷ്ട്രീയ വിശ്വാസികളുമുണ്ടെന്നും സർക്കാരിനെതിരെ പ്രസംഗിച്ചാൽ അത് സംഘർഷത്തിന് വഴിവയ്ക്കുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയിറക്കിയിരുന്നു. പള്ളികൾ കേന്ദ്രീകരിച്ച് സർക്കാർ വിരുദ്ധ പ്രചാരണം നടത്താനുള്ള ആഹ്വാനം, സംഘപരിവാറിന് ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് രാഷ്ട്രീയ പ്രചാരണം നടത്താൻ ഊർജ്ജം നൽകുമെന്നും സി.പി.എം അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.