ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കാത്തത് ഖേദകരം-മേധ പട്കർ
text_fieldsകൊച്ചി: മാധവ് ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കാൻ കേന്ദ്രസർക്കാർ മുന്നോട്ടുവരാത്തത് ഖേദകരമാണെന്ന് പ്രമുഖ പരിസ്ഥിതി പ്രവർത്തക മേധ പട്കർ. പശ്ചിമഘട്ട രക്ഷായാത്ര 30ാം വാർഷികവും ദേശീയ പരിസ്ഥിതി സമ്മേളനത്തിെൻറ ഭാഗമായ അന്തർദേശീയ പ്രചാരണ പരിപാടിയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
പരിസ്ഥിതി സംരക്ഷണത്തിനുള്ള അടുത്ത ഘട്ട സമരം ഗുജറാത്തിൽ ആരംഭിക്കും. സർദാർ വല്ലഭ്ഭായി പട്ടേൽ ഡാം കാരണം ഗുജറാത്ത് വറ്റി വരളുകയാണ്. നദികളെ സംരക്ഷിക്കുകയും അവയുടെ ഒഴുക്ക് പൂർവ സ്ഥിതിയിലേക്കെത്തിക്കുകയുമാണ് കാമ്പയിെൻറ ലക്ഷ്യം. അതിരപ്പിള്ളി, പുതുവൈപ്പ് പദ്ധതികൾ നടപ്പാക്കരുത്. പ്രകൃതിസംരക്ഷണത്തിന് സ്ത്രീകളും കുട്ടികളും മുന്നോട്ടു വരണം. ഇതിന് പുതിയ സമരപരിപാടികൾ ആവിഷ്കരിക്കണം.
രാഷ്ട്രീയ പ്രവർത്തകരും മുതലാളിത്ത നിക്ഷേപകരും പ്രകൃതിയെ ചൂഷണം ചെയ്യുകയാണെന്ന വസ്തുത ജനങ്ങൾ മനസ്സിലാക്കുന്നുണ്ടെന്ന് ഭരണവർഗം തിരിച്ചറിയണം. വ്യവസായവത്കരണത്തിലൂടെ തൊഴിൽ വാഗ്ദാനം ചെയ്ത് പ്രകൃതിയെ ചൂഷണത്തിനിരയാക്കുകയാണ്.
ഈ സാഹചര്യത്തിൽ ഭൂമിയിലെ ധാതുലവണങ്ങളും ശുദ്ധജലവും സംരക്ഷിക്കേണ്ടത് ഒാരോരുത്തരുടെയും കടമയാണ് -അവർ പറഞ്ഞു.
ക്ലോഡ് അൽവാരിസ് ഗോവ മുഖ്യപ്രഭാഷണം നടത്തി. 1987ലെ പശ്ചിമഘട്ട രക്ഷായാത്രികരെ ആദരിച്ചു. ഗീത വാഴച്ചാൽ ഡോ. ലത അനുസ്മരണ പ്രഭാഷണം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.