നിയമസഭയിലെ മാദ്ധ്യമവിലക്ക്: പിണറായി വിജയൻ തുടരുന്നത് കിങ് ജോങ് ഉന്നിന്റെ ശൈലി -കെ.സുരേന്ദ്രൻ
text_fieldsനിയമസഭയിൽ ഭരണപക്ഷം മാദ്ധ്യമങ്ങളെ വിലക്കിയത് മടിയിൽ കനമുള്ളത് കൊണ്ടാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സ്വർണ്ണക്കള്ളക്കടത്തിൽ മുഖ്യമന്ത്രിക്കെതിരെ ഉയരുന്ന പ്രതിഷേധം ജനങ്ങൾ കാണരുതെന്ന ഫാസിസ്റ്റ് നയമാണ് സി.പി.എമ്മിനുള്ളത്. അഭിപ്രായ സ്വാതന്ത്ര്യത്തെപറ്റി വാതോരാതെ സംസാരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിലും മാദ്ധ്യമങ്ങളോട് കടക്ക് പുറത്ത് പറഞ്ഞിരിക്കുകയാണ്. ജനങ്ങളുടെ അറിയാനുള്ള അവകാശമാണ് ഫാസിസിറ്റ് ഭരണകൂടം വിലക്കിയിരിക്കുന്നത്.
കോവിഡ് കാലത്ത് പാർലമെന്റിൽ മാദ്ധ്യമപ്രവർത്തകരുടെ എണ്ണം ചുരുക്കിയപ്പോൾ മാദ്ധ്യമവിലക്കെന്ന് പ്രഖ്യാപിച്ച ബുദ്ധിജീവികളെയും സാംസ്കാരിക നായകൻമാരെയും ഇപ്പോൾ കാണാനില്ലെന്ന് സുരേന്ദ്രൻ പറഞ്ഞു. ചോദ്യം ചോദിക്കുന്നവരെ വിലക്കുന്ന കിങ് ജോങ് ഉന്നിന്റെ ശൈലിയാണ് പിണറായി വിജയൻ കേരളത്തിലും നടപ്പിലാക്കുന്നത്. ജനങ്ങളെ ഭയപ്പെടുത്താൻ ശ്രമിച്ച് നാണംകെടാതെ രാജിവെച്ച് അന്വേഷണം നേരിടുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടത്.
അടിയന്തരാവസ്ഥ കാലത്ത് ഇന്ദിരാ ഗാന്ധി ചെയ്തത് തന്നെയാണ് ഇപ്പോൾ പിണറായി വിജയനും ചെയ്യുന്നത്. അന്ന് മാദ്ധ്യമങ്ങൾക്ക് സെൻസറിംഗ് ഏർപ്പെടുത്തിയെങ്കിൽ ഇന്ന് പി.ആർ.ഡി ഔട്ട് മാത്രമാണ് നൽകിയത്. ഇന്ദിരക്കെതിരായ വാർത്തകൾ എല്ലാം കേന്ദ്രവാർത്താ വിതരണ മന്ത്രാലയം വെട്ടിയത് പോലെ സഭക്കുള്ളിലെ പ്രതിഷേധ ദൃശ്യങ്ങൾ പി.ആർ.ഡി നൽകിയില്ല. മാദ്ധ്യമവിലക്കിനെ സംബന്ധിച്ച് സ്പീക്കറുടെ മറുപടി അരിയാഹാരം കഴിക്കുന്നവർ ആരും വിശ്വസിക്കില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
വയനാട്ടിലെ എസ്.എഫ്.ഐ ആക്രമണത്തെ മുഖ്യമന്ത്രി ന്യായീകരിച്ചത് അദ്ദേഹത്തിന്റെ പദവിക്ക് ചേർന്ന പണിയല്ല. കേരളത്തിൽ കലാപമുണ്ടാക്കി രാഷ്ട്രീയ വിഷയങ്ങളിൽ നിന്നും ഒളിച്ചോടാനാണ് ഇരു മുന്നണികളും ശ്രമിക്കുന്നത്. വി.ഡി സതീശൻ മാദ്ധ്യമ പ്രവർത്തകരോട് മോശമായി പെരുമാറിയതും പ്രതിഷേധാർഹമാണ്. കോൺഗ്രസിന്റെയും സി.പി.എമ്മിന്റെയും മുതിർന്ന നേതാക്കൾ പരസ്പരം ഭീഷണി മുഴക്കുകയാണ്. കേരള രാഷ്ട്രീയം ഇത്രയും മലീമസമായ മറ്റൊരു സമയമുണ്ടായിട്ടില്ലെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.