മാധ്യമ വിലക്ക് ജനാധിപത്യ വിരുദ്ധം -കെ.യു.ഡബ്ല്യു.ജെ
text_fieldsതിരുവനന്തപുരം: നിയമസഭയില്‍ മാധ്യമങ്ങള്‍ക്ക് ഏർപ്പെടുത്തിയ നിയന്ത്രണം അങ്ങേയറ്റം അപലപനീയവും ജനാധിപത്യ വിരുദ്ധവുമെന്നു കേരള പത്രപ്രവര്‍ത്തക യൂനിയന്‍. നിയമസഭയുടെ ചരിത്രത്തില്‍ ഇതുവരെയില്ലാത്ത നിയന്ത്രണമാണ് മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയത്.
മീഡിയ റൂമില്‍ ഒഴികെ എല്ലായിടത്തും മാധ്യമപ്രവര്‍ത്തകര്‍ക്ക് അപ്രഖ്യാപിത വിലക്കാണ് ഏർപ്പെടുത്തിയത്. മന്ത്രിമാരുടെയും പ്രതിപക്ഷ നേതാവിന്റേയും ഓഫിസുകളില്‍ പ്രവേശിക്കുന്നതു വിലക്കിയതിലൂടെ ജനത്തിന്റെ അറിയാനുള്ള അവകാശത്തെയാണ് ഹനിക്കുന്നത്. പി.ആര്‍.ഡി ഔട്ടിലൂടെ നല്‍കുന്ന ദൃശ്യങ്ങള്‍ ഭരണപക്ഷത്തിന്റേത് മാത്രമാകുന്നതും മാധ്യമ സ്വാതന്ത്ര്യത്തിന് തുരങ്കം വെക്കുന്ന നടപടിയാണ്. സ്വതന്ത്രമാധ്യമപ്രവര്‍ത്തനം ഇല്ലാതാക്കുന്നതിനുള്ള നീക്കമാണ് ഇതിലൂടെ വ്യക്തമാവുന്നത്.
വാച്ച് ആൻഡ് വാര്‍ഡിന് പറ്റിയ തെറ്റാണെന്ന നിയമസഭാ സ്പീക്കറുടെ ഓഫിസിന്റെ വാദം അംഗീകരിക്കാനാവില്ല. ഇതുവരെയില്ലാത്ത എന്ത് പ്രത്യേക സംഭവമാണ് വാച്ച് ആൻഡ് വാർഡ് മാധ്യമപ്രവര്‍ത്തകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുന്നതിലേക്ക് നയിച്ചതെന്ന് സ്പീക്കര്‍ വ്യക്തമാക്കേണ്ടതുണ്ട്. മാധ്യമ വിലക്ക് അടിയന്തരമായി പിന്‍വലിക്കണമെന്നും യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് കെ.പി. റെജിയും ജനറല്‍ സെക്രട്ടറി ഇ.എസ്. സുഭാഷും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.