സത്യവും നീതിയും അടിസ്ഥാനം; നിലപാടിൽ മാറ്റമില്ല -മീഡിയ വൺ
text_fieldsകോഴിക്കോട്: ജനാധിപത്യ മൂല്യങ്ങളിൽ ഉറച്ചു നിന്ന് സത്യവും നീതിയും അടിസ്ഥാനമാക്കിയുള്ള മാധ്യമ പ്രവർത്തനം അതിശക്തമായി തുടരുമെന്ന് മീഡിയ വൺ എഡിറ്റർ ഇൻ ചീഫ് സി.എൽ തോമസ്. ചാനൽ തുടർന്നു വന്ന പാത ഭാവിയിലും തുടരുമെന്ന് ഉറപ്പു നൽകുന്നു. അതിനായി മുഴുവൻ ജനങ്ങളുടെയും പിന്തുണ തേടുന്നതായും അദ്ദേഹം പറഞ്ഞു.
കേന്ദ്ര വാർത്ത വിതരണ മന്ത്രാലയം ഏർപ്പെടുത്തിയ 48 മണിക്കൂർ വിലക്ക് നീക്കിയ ശേഷം പുനരാരംഭിച്ച വാർത്താ സംപ്രേഷണത്തിലാണ് ചാനലിന്‍റെ എഡിറ്റർ ഇൻ ചീഫ് നിലപാട് വ്യക്തമാക്കിയത്.
വിലക്ക് നടപ്പാക്കിയ ശേഷമാണ് കേന്ദ്ര വാർത്ത വിതരണ മന്ത്രാലയത്തിന്‍റെ അറിയിപ്പ് ഔദ്യോഗികമായി ലഭിച്ചത്. ഇരുട്ടിലായ 14 മണിക്കൂർ ചാനലിനെ പിന്തുണച്ച നാട്ടുകാർക്കും രാഷ്ട്രീയ നേതാക്കൾക്കും പ്രസ്ഥാനങ്ങൾക്കും നന്ദി പറയുന്നതായും എഡിറ്റർ ഇൻ ചീഫ് വ്യക്തമാക്കി.
വടക്കുകിഴക്കൻ ഡൽഹിയിൽ അരങ്ങേറിയ വംശീയാതിക്രമം പക്ഷപാതപരമായി റിപ്പോർട്ടു ചെയ്തെന്നാരോപിച്ചാണ് മീഡിയവൺ, ഏഷ്യാനെറ്റ് ന്യൂസ് ചാനലുകളുടെ സംപ്രേഷണത്തിന് 48 മണിക്കൂർ കേന്ദ്രസർക്കാർ വിലക്ക് ഏർപ്പെടുത്തിയത്. വെള്ളിയാഴ്ച വൈകീട്ട് 7.30 മുതൽ ഞായറാഴ്ച രാത്രി 7.30 വരെയാണ് വിലക്കിയത്.
ചാനലിലും സമൂഹമാധ്യമവേദികളിലും പൂർണമായും സംേപ്രഷണം തടഞ്ഞു. വംശീയാതിക്രമവുമായി ബന്ധപ്പെട്ട വാർത്തകൾ റിപ്പോർട്ടു ചെയ്തതിൽ മാർഗനിർദേശം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര വാർത്ത വിതരണ മന്ത്രാലയമാണ് നടപടിയെടുത്തത്.
14 മണിക്കൂറിന് ശേഷം രാവിലെ 9.30 ഓടെ കേന്ദ്ര വാർത്ത വിതരണ മന്ത്രാലയം മീഡിയവണിന് ഏർപ്പെടുത്തിയ വിലക്ക് നീക്കി. ഏഷ്യാനെറ്റിന്‍റെ വിലക്ക് ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെ നീക്കിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.