ഗവർണറുടെ വാർത്ത സമ്മേളനത്തിൽ മാധ്യമ വിലക്ക്
text_fieldsതിരുവനന്തപുരം: ഗവർണർ രാജ്ഭവനിൽ വിളിച്ച വാർത്ത സമ്മേളനത്തിൽ ഒരു വിഭാഗം മാധ്യമങ്ങൾക്ക് വിലക്ക്. മീഡിയവൺ, കൈരളി, റിപ്പോർട്ടർ, ജയ്ഹിന്ദ് എന്നീ ചാനലുകൾക്കാണ് വിലക്ക്.
വി.സി നിയമന വിഷയത്തിൽ പ്രതികരണം ചോദിച്ച മാധ്യമപ്രവർത്തകരെ ഗവർണർ അധിക്ഷേപിച്ചിരുന്നു. കേരളത്തിലേത് കേഡർ മാധ്യമപ്രവർത്തകരാണെന്നായിരുന്നു ആക്ഷേപം. കേഡർമാരോട് പ്രതികരിക്കില്ല. യഥാർഥ മാധ്യമപ്രവർത്തകർക്ക് രാജ്ഭവനിലേക്ക് അപേക്ഷ അയക്കാമെന്നും പരിശോധിച്ച് അവരോട് പ്രതികരിക്കാമെന്നും ഗവർണർ പറഞ്ഞു. ഇതനുസരിച്ച് എല്ലാ മാധ്യമങ്ങളും രാജ്ഭവനെ സമീപിച്ചെങ്കിലും ഏതാനും ചാനലുകൾക്ക് അനുമതി നിഷേധിക്കുകയായിരുന്നു.
അതേസമയം, രാജ്ഭവനിലേക്കുള്ള മാധ്യമ വിലക്കിനെ വിമർശിച്ച് കേരള പത്രപ്രവർത്തക യൂനിയൻ (കെ.യു.ഡബ്ലു.ജെ) സംസ്ഥാന പ്രസിഡന്റ് എം.വി വിനീത രംഗത്തെത്തി. സർക്കാരിനും ഗവർണർക്കും ഇടയിൽ നടക്കുന്ന അഭിപ്രായ വ്യത്യാസങ്ങൾക്കിടയിലേക്ക് മാധ്യമപ്രവർത്തകരെ വലിച്ചിടുന്ന പ്രവണത അംഗീകരിക്കാനാവില്ലെന്ന് അവർ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. രാവിലെ മാധ്യമപ്രവർത്തകരെ കേഡർ മാധ്യമപ്രവർത്തകരെന്നും വേഷം മാറി വരുന്നവരെന്ന വിധത്തിലും അധിക്ഷേപിച്ച ഗവർണർ ഇപ്പോൾ രാജ്ഭവനിലേക്ക് മീഡിയാവൺ, ജയ്‌ഹിന്ദ്, കൈരളി, റിപ്പോർട്ടർ ചാനലുകൾക്ക് വാർത്ത സമ്മേളനത്തിൽ പ്രവേശനം നിഷേധിച്ചിച്ചിരിക്കുന്നു. ഗവർണർ അദ്ദേഹത്തിന്റെ പദവിയുടെ അന്തസ്സ് ഇല്ലാതാകുന്ന രീതിയിലാണ് പ്രവർത്തിക്കുന്നത്. ഇത് ഒരു ജനാധിപത്യ വ്യവസ്ഥിതിക്ക് യോജിച്ചതല്ല. തെറ്റായ സന്ദേശം നൽകുന്ന ഈ പ്രവണത തിരുത്താൻ ഗവർണർ തയാറാകണമെന്നും അവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.