മാധ്യമങ്ങൾ കെട്ടുകഥകളുടെ നിർമാണശാലയായി –മുഖ്യമന്ത്രി
text_fieldsകൊച്ചി: കേരളത്തിലെ മാധ്യമങ്ങൾ പലതും കെട്ടുകഥകളുടെ നിർമാണശാലകളായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണ് തുറക്കേണ്ടിടത്ത് കണ്ണടക്കുകയും നാവ് ഉയർത്തേണ്ടിടത്ത് നാവടക്കുകയും ചെയ്യുന്ന നയം മാധ്യമങ്ങൾ സ്വീകരിക്കുന്നു. ഐതിഹ്യത്തെ ചരിത്രത്തിലേക്കും വിശ്വാസത്തെ രാഷ്ട്രീയത്തിലേക്കും പകർത്താൻ കുറേ മാധ്യമങ്ങൾ ശ്രമിക്കുകയാണ്. ദേശീയ പത്രവാരാചരണത്തിെൻറയും കേരള മീഡിയ അക്കാദമിയുടെ പി.ജി ഡിപ്ലോമ കോഴ്സ് പ്രവേശനോത്സവത്തിെൻറയും ഉദ്ഘാടനം ഓൺലൈനിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ നടപടികൾ ശക്തിപ്പെടുേമ്പാഴും അതിനെതിരെ ശബ്ദിക്കാനോ ചർച്ച ചെയ്യാനോ പ്രധാന മാധ്യമങ്ങൾ തയാറാകുന്നില്ല. മാധ്യമസ്വാതന്ത്ര്യം നിഷേധിക്കുന്നവർക്കും അവരുടെ രാഷ്ട്രീയത്തിനും തങ്ങളുടെ ഇടപെടൽ രുചിക്കാതെവന്നാലോ എന്ന ചിന്തയാണ് കാരണം. ഡൽഹി കലാപം സംബന്ധിച്ച റിപ്പോർട്ടുകളുടെ പേരിൽ നിരവധി മാധ്യമപ്രവർത്തകർ കോടതി കയറിയിറങ്ങുന്നു. ചില ചാനലുകളെ താൽക്കാലികമായെങ്കിലും വിലക്കി. ഇതൊക്കെ മാധ്യമസമൂഹം വേണ്ടരീതിയിൽ ചർച്ച ചെയ്തോ എന്ന് പരിശോധിക്കണം. രാജ്യം ഭരിക്കുന്നവരുടെ അപ്രീതിയുണ്ടാകാതിരിക്കാനുള്ള തന്ത്രമായേ ഇതിനെ കാണാനാകൂ.
എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നയുടൻ കേട്ട വലിയൊരു വിമർശനം ആഴ്ചതോറും മന്ത്രിസഭായോഗത്തിന് ശേഷമുള്ള വാർത്തസമ്മേളനം നിർത്തിയത് മാധ്യമസ്വാതന്ത്ര്യത്തോടുള്ള അവജ്ഞയാണെന്നായിരുന്നു. എന്നാൽ, കോവിഡ് കാലത്ത് ജനങ്ങൾ കൃത്യമായി കാര്യങ്ങൾ അറിയേണ്ട ഘട്ടം വന്നപ്പോൾ ദിവസേന വൈകീട്ട് വാർത്തസമ്മേളനം നടത്തിയതിനെ മുഖ്യമന്ത്രിയുടെ പി.ആർ വർക്കാണെന്ന് പരിഹസിച്ചു. പ്രത്യേക ലക്ഷ്യത്തോടെ വാർത്ത ചമക്കുന്നു. നിലവിലെ വിവാദങ്ങൾക്ക് ആസ്പദമായ സംഭവങ്ങൾ മുൻനിർത്തി മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്ന് ആരും വിളിച്ചിട്ടില്ലെന്ന് ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥൻതന്നെ പറഞ്ഞു. പക്ഷേ, അദ്ദേഹത്തെ വൈകാതെ സ്ഥലംമാറ്റി. അത് ആർക്കും വലിയ വാർത്തയായില്ല. വിശ്വാസ്യത നഷ്ടപ്പെട്ടാൽ പത്രങ്ങൾ വെറും കടലാസാണ്. ഫാക്ട് ചെക്ക് എന്ന് കേൾക്കുേമ്പാൾ ചിലർ ഉറഞ്ഞുതുള്ളുന്നു. ഒരുവിധ ഫാക്ട് ചെക്കുമില്ലാത്ത സംസ്ഥാനങ്ങളിലാണ് പത്രപ്രവർത്തകർ ജയിലിലാകുന്നത്- മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
അക്കാദമി ചെയര്മാന് ആര്.എസ്. ബാബു അധ്യക്ഷത വഹിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.