മാധ്യമ ജഡ്ജിമാർ ആളുകളെ എറിഞ്ഞുകൊല്ലാനും തീകൊളുത്താനും ആക്രോശിക്കുന്നു -മന്ത്രി ശിവൻകുട്ടി
text_fieldsതിരുവനന്തപുരം: ഉത്തരേന്ത്യൻ ഖാപ്പ് പഞ്ചായത്ത് മാതൃകയിൽ ചില മാധ്യമ ജഡ്ജിമാർ സിംഹാസനപ്പുറത്തേറി ആളുകളെ എറിഞ്ഞുകൊല്ലാനും തീകൊളുത്താനുമൊക്കെ ആക്രോശിക്കുകയാണെന്ന് മന്ത്രി വി. ശിവൻകുട്ടി. ആ ആക്രോശം ജനം കേട്ടിരുന്നേൽ രണ്ടാം പിണറായി സർക്കാർ ഉണ്ടാകുമായിരുന്നില്ല.
ഒന്നിെനയും ഇല്ലെങ്കിൽ ജനവിധിയെ എങ്കിലും മാനിക്കണം. ഓട് പൊളിച്ചിറങ്ങി വന്നവരല്ല ഞങ്ങൾ. ജനം വോട്ട് ചെയ്ത് വിജയിപ്പിച്ചവരാണ്. വിധിക്കാനും വിചാരണ നടത്താനും ഈ നാട്ടിൽ നീതിയും നിയമവുമുണ്ട്. കോടതികൾ ഉണ്ട്. അതിന് ചില ഖാപ്പ് മാധ്യമകോടതികൾ വേണ്ടെന്നും ശിവൻകുട്ടി പറഞ്ഞു.
ടെറുമോ പെൻപോൾ എംപ്ലോയീസ് അസോസിയേഷൻ 18ാം വാർഷിക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ബാർക്കിെൻറ ഏതാനും മീറ്ററിൽ ഏതാനും പേർ കാണുന്നുണ്ട് എന്ന കണക്ക് നിരത്തുന്നവർക്ക് എതിരാണ് ജനവിധി. വിചാരണ ചെയ്യാൻ നിങ്ങൾക്കാര് അവകാശം തന്നു എന്നുചോദിച്ചതിനാണ് ഒരു മാധ്യമപ്രവർത്തകനെതിരെ കേസ് കൊടുത്തിരിക്കുന്നത്.
പൊതുമണ്ഡലത്തിൽ ഉള്ളവരെ അധിക്ഷേപിക്കുന്ന നടപടി കുറച്ചു കാലമായി ഉണ്ട്. ആളുകളുടെ മേൽ കരിവാരി തേക്കുന്ന ഏർപ്പാടിന് പിന്തുണ ഇല്ല എന്ന് സ്ഥാപനവുമായി ബന്ധപ്പെട്ടവർ ഫോണിൽ അറിയിച്ചിട്ടുണ്ട്.
കോട്ടിട്ട ചില സാറന്മാർ വിചാരിച്ചാലൊന്നും പുരോഗമന പ്രസ്ഥാനങ്ങളുടെ വളർച്ച തടയാനാവില്ല. അത് കാലം തെളിയിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.