ബഹളവും അടിപിടിയും പുറത്തറിയില്ല; നിയമസഭയിൽ മാധ്യമങ്ങൾക്ക് നിയന്ത്രണം, നേരിട്ട് ചിത്രീകരിക്കുന്നത് അവസാനിപ്പിച്ചു
text_fieldsതിരുവനന്തപുരം: നിയമസഭയിൽ മാധ്യമങ്ങൾക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. നിയമസഭ നടപടികൾ മാധ്യമങ്ങൾ നേരിട്ട് ചിത്രീകരിക്കുന്നത് അവസാനിപ്പിച്ചു. ഇനി ദൃശ്യങ്ങൾ സഭ ടി.വിയാകും പകർത്തി പരിശോധന നടത്തിയശേഷം നൽകുക. ഫലത്തിൽ സഭയിൽ നടക്കുന്ന വലിയ ബഹളങ്ങളുടെയും അടിപിടിയുടെയും മറ്റും ദൃശ്യങ്ങൾ പുറത്തുവരുന്നത് നിലക്കും.
ഡഫേർഡ് ലൈവ് എന്ന നിലയിൽ സഭ ടി.വി നൽകുന്ന ദൃശ്യങ്ങളിൽ സെൻസറിങ് വരും. നേരത്തേ ചോദ്യോത്തരവേള സ്ഥിരമായി ചാനലുകൾ സ്വന്തം കാമറകൾ ഉപയോഗിച്ച് തൽസമയം നൽകാൻ അനുവദിച്ചിരുന്നു. കോവിഡ് കാലത്താണ് ഇതിൽ നിയന്ത്രണം ഏർപ്പെടുത്തിയതും ദൃശ്യങ്ങൾ സഭ ടി.വി നൽകിയതും. കോവിഡിന് ശേഷവും ആ രീതിതന്നെ തുടരാനാണ് തീരുമാനം.
മന്ത്രിമാരുടെ ഓഫിസുകളിലോ പ്രതിപക്ഷനേതാവിന്‍റെ ഓഫിസിലോ പോലും മാധ്യമപ്രവർത്തകർ പോകുന്നതിന് അനുമതി നിഷേധിച്ചു. പ്രസ് ഗാലറിയിലും മീഡിയ റൂമിലുമൊഴികെ വാച്ച് ആന്‍ഡ് വാർഡ് മാധ്യമപ്രവർത്തകരെ തടഞ്ഞു. ലോക കേരളസഭയിൽ അനിത പുല്ലയിൽ കടന്നത് വിവാദമായിരുന്നു. സുരക്ഷാ പാളിച്ചയുണ്ടായ വിഷയത്തിൽ സഭ ടി.വിയിലെ നാല് താൽക്കാലിക ജീവനക്കാരെ നീക്കുക മാത്രമാണ് ചെയ്തത്. ഈ ഘട്ടത്തിൽ നിയന്ത്രണം കർശനമാക്കുമെന്ന് സ്പീക്കർ എം.ബി. രാജേഷ് വ്യക്തമാക്കിയിരുന്നു.
സഭ ചേർന്ന ആദ്യദിനംതന്നെ മാധ്യമപ്രവർത്തകരെ മന്ത്രിമാരുടെയും പ്രതിപക്ഷ നേതാവിന്‍റെയും ഓഫിസുകളിൽ പ്രവേശിക്കുന്നത് തടയുന്ന രീതിയിലാണ് അത് നടപ്പാക്കിയത്. ഈ നിയന്ത്രണത്തിൽ പിന്നീട് അയവ് വരുത്തി. വാച്ച് ആന്‍ഡ് വാർഡിന് സംഭവിച്ച പിശകാണ് ഇതിന് കാരണമായതെന്നാണ് വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.