ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് മീഡിയവൺ സര്‍വേ; ഫോട്ടോഫിനിഷില്‍ തുടർ ഭരണം
text_fieldsകോഴിക്കോട്: തെരഞ്ഞെടുപ്പിനോട് അടുക്കുന്തോറും സംസ്ഥാനത്ത് മത്സരം കനക്കുകയാണെന്ന് മീഡിയവണ്‍-പൊളിറ്റിക് മാര്‍ക്ക് സര്‍വേ. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ എൽ.ഡി.എഫ് സർക്കാർ ഭരണം നിലനിർത്തും. എൽ.ഡി.എഫിന് 73 മുതൽ 78 വരെ സീറ്റ് ലഭിക്കും. യു.ഡി.എഫിന് 60-65 സീറ്റിനാണ് സാധ്യത. ബി.ജെ.പി പരമാവധി 2 സീറ്റ് വരെ നേടാം. ഒരു സീറ്റ് മറ്റുള്ളവർക്കാണ്. 140 മണ്ഡലങ്ങളിലും സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കിയ ശേഷം സംസ്ഥാനത്ത് നടന്ന ഏക സർവേയാണ് മീഡിയവൺ -പൊളിറ്റിക് മാര്‍ക്ക് സര്‍വേ. മാർച്ച് 17 മുതൽ 23 വരെ തിയതികളിൽ നടത്തിയ സർവേയിൽ 14,854 വോട്ടർമാരിൽനിന്നാണ് വിവരങ്ങൾ ശേഖരിച്ചത്.
ഉത്തര കേരളത്തിൽ എൽ.ഡി.എഫിന് 25-29 സീറ്റ് ലഭിച്ചേക്കാം. ഇവിടെ യു.ഡി.എഫിന് 20-23 സീറ്റ് വരെ കിട്ടുമെന്നാണ് സർവേ ഫലം. ബി.ജെ.പിക്ക് ഒരു സീറ്റിനാണ് സാധ്യത. എറണാകുളം, ഇടുക്കി, പാലക്കാട്, തൃശൂർ ജില്ലകൾ ഉൾപെടുന്ന മധ്യകേരളത്തിൽ 23 മുതൽ 27 വരെ സീറ്റാണ് എൽ.ഡി.എഫിന് പ്രവചിക്കുന്നത്. യു.ഡി.എഫിന് 18 മുതൽ 21 വരെ സീറ്റും. ഇവിടെ ബി ജെ പിക്ക് സീറ്റ് ലഭിക്കില്ല. എന്നാൽ ഒരു സീറ്റ് മൂന്ന് പ്രബല മുന്നണികളിലും പെടാത്ത ഒരാൾ ജയിക്കുമെന്ന് സർവേ പറയുന്നു.
തെക്കൻ കേരളത്തിൽ 23 മുതൽ 27 വരെ സീറ്റ് എൽ.ഡി.എഫിനും 20 മുതൽ 23 വരെ സീറ്റ് യു.ഡി.എഫിനും ലഭിച്ചേക്കും. ഇവിടെ പരമാവധി രണ്ട് സീറ്റ് വരെ ബി ജി പി നേടാൻ സാധ്യതയുണ്ട്. സംസ്ഥാനത്തെ ആകെ വോട്ടുവിഹിതം ഇപ്രകാരമാണ്: എൽ.ഡി.എഫ് 42 മുതൽ 44 ശതമാനം വരെ. യു.ഡി.എഫ്: 39 മുതൽ 41 ശതമാനം വരെ. ബി ജെ പി: 15 മുതൽ 17 ശതമാനം വരെ.
സര്‍വേയില്‍ നാല്‍പ്പത് ശതമാനം പേരാണ് എല്‍.ഡി.എഫിന് ജയം പ്രവചിച്ചത്. യു.ഡി.എഫ് അധികാരത്തിലെത്തുമെന്ന് വിശ്വസിക്കുന്നത് 35 ശതമാനം പേർ. മുഖ്യമന്ത്രി സ്ഥാനത്തേക്ക് 40 ശതമാനം പേർ പിന്തുണക്കുന്നത് പിണറായി വിജയനെ തന്നെ. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് രണ്ടാം സ്ഥാനത്ത്: 25 ശതമാനം പേരുടെ പിന്തുണ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് 10 ശതമാനം.
ബി.ജെ.പിയില്‍ ചേര്‍ന്ന മെട്രോമാന്‍ ഇ. ശ്രീധരന് അഞ്ച് ശതമാനവും ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രന് ഒരു ശതമാനവും പിന്തുണയുണ്ട്. 19 ശതമാനം പേര്‍ മറ്റുള്ളവരെയാണ് പിന്തുണച്ചത്.
നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം മീഡിയവൺ നടത്തുന്ന രണ്ടാമത്തെ സർവേ ഫലമാണ് പുറത്തുവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.